നേമത്ത് രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ കഴക്കൂട്ടത്ത്, കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത്; ശോഭാ സുരേന്ദ്രന്റെ പേര് പാലക്കാടും കായംകുളത്തും; 35 മണ്ഡലങ്ങളിലെ സാധ്യത പട്ടികയുമായി ബിജെപി; മത്സരിക്കാന്‍ ഇല്ലെന്ന നിലപാട് സ്വീകരിച്ചതോട വട്ടിയൂര്‍ക്കാവില്‍ പരിഗണിക്കുന്നത് ജി കൃഷ്ണകുമാറിനെ; വികസന രാഷ്ട്രയമുയര്‍ത്തി പോരാട്ടം കടുപ്പിക്കാന്‍ ബിജെപി

നേമത്ത് രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ കഴക്കൂട്ടത്ത്

Update: 2026-02-18 08:42 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രാഥമിക പട്ടിക തയ്യാറാക്കി രംഗത്ത്. 35 മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടികയാണ് അണിയറയില്‍ തയ്യാറായിരിക്കുന്നത്. എ-ക്ലാസ് മണ്ഡലങ്ങളടക്കം ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കും. കഴക്കൂട്ടത്ത് വി. മുരളീധരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും മത്സരിക്കും.

ചൊവ്വാഴ്ച ചേര്‍ന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റിയിലാണ് സാധ്യത പട്ടികയ്ക്ക് രൂപം നല്‍കിയത്. ഇത് ഉടന്‍തന്നെ കേന്ദ്രനേതൃത്വത്തിന് കൈമാറും. ഓരോ മണ്ഡലത്തിലും മൂന്ന് പേരുകള്‍ വീതമാണ് പരിഗണനയില്‍. എന്നാല്‍ ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇനി മാറ്റമുണ്ടാകില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പകരം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എസ്. സുരേഷ് അറിയിച്ചു.

കഴിവുള്ളവര്‍ക്കും വിജയസാധ്യത മത്സരിക്കാന്‍ അവസരം എന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായപ്പെട്ടു. നേമത്ത് ബിജെപിക്ക് രണ്ട് മണ്ഡലം കമ്മിറ്റികളാണുള്ളത്. ഈ രണ്ടിടത്തെയും ഭാഗവാഹികളുടെ യോഗം ഇന്നലെത്തന്നെ പാര്‍ട്ടിയുടെ സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ ചേര്‍ന്നിരുന്നു. ഇത്തരത്തില്‍ നേമത്ത് മത്സരിക്കാനുള്ള ഒരുക്കങ്ങളുമായി രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ടുപോവുകയാണ്.

വട്ടിയൂര്‍ക്കാവിലാണ് കെ. സുരേന്ദ്രന്റെ പേര് ഉയര്‍ന്നുവന്നതെങ്കിലും അദ്ദേഹത്തോട് മഞ്ചേശ്വരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചിരിക്കുന്നത്. ശോഭ സുരേന്ദ്രന് പാലക്കാട്, കായംകുളം, ഹരിപ്പാട് എന്നീ മണ്ഡലങ്ങളില്‍ സാധ്യത. എം.ടി. സുരേഷിന് തൃശൂര്‍ അല്ലെങ്കില്‍ കോഴിക്കോട് സീറ്റ് നല്‍കാനാണ് ധാരണ. സി. കൃഷ്ണകുമാര്‍ മലമ്പുഴയില്‍തന്നെ മത്സരിക്കും.

എ-ക്ലാസ് മണ്ഡങ്ങളില്‍ വട്ടിയൂര്‍ക്കാവിലാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ഇവിടെ നേതൃത്വം പ്രഥമ പരിഗണന ജി കൃഷ്ണകുമാറിനാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡില്‍നിന്ന് വിജയിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ശ്രീലേഖയെയും പരിഗണിക്കുന്നുണ്ട്. നിലവില്‍ നഗരസഭാ കൗണ്‍സിലറായ ശ്രീലേഖ അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഇനിയൊരു മത്സരത്തിനില്ല എന്ന നിലപാടാണ് നേരത്തെ മുന്നോട്ടുവെച്ചിരുന്നത്. ഇതോടെയാണ് ശ്രീലേഖയുടെ പേരിന് പകരം കൃഷ്ണകുമാറിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നത്.

തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ കരമന ജയന്റെ പേരാണ് പരിഗണനയില്‍. എന്നാല്‍ അതിനൊപ്പം തന്നെ കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ മത്സരിച്ച നടന്‍ കൃഷ്ണകുമാറിന്റെ പേരും പരിഗണനയിലുണ്ട്. നിലവില്‍ മത്സരിപ്പിക്കേണ്ടവരുടെ സാധ്യത പട്ടികയില്‍ മുന്‍ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഇല്ല എന്നതും ശ്രദ്ധേയമാണ്. കാട്ടാക്കടയില്‍ പി.കെ.കൃഷ്ണദാസ്, പാലായില്‍ ഷോണ്‍ ജോര്‍ജ്, തിരുവല്ലയില്‍ അനൂപ് ആന്റണി എന്നിവര്‍ പ്രവര്‍ത്തനം സജീവമാക്കി.

കുമ്മനം രാജേശഖരന്റെ പേര് ആറന്‍മുളയിലാണ് പരിഗണിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ചില സീറ്റുകളില്‍ ധാരണയായെങ്കിലും പ്രഖ്യാപന കാര്യത്തില്‍ തിടുക്കം വേണ്ടെന്നു ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി. പ്രധാന സീറ്റുകളില്‍ ഏകദേശ ധാരണയാക്കുക, ദേശീയ നേതൃത്വത്തിന് കൈമാറുക, കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലും കൂടി ചേര്‍ന്നുള്ള പ്രഖ്യാപനം നടത്തുക എന്നതിനാണ് സാധ്യത. എന്നാല്‍, സീറ്റ് ഉറപ്പാക്കിയ സ്ഥാനാര്‍ഥികള്‍ ആ മണ്ഡലങ്ങളില്‍ സജീവമാകുന്നതിനും നിര്‍ദേശിച്ചു.

ചെങ്ങന്നൂരില്‍ സന്ദീപ് വാചസ്പതി, ആറന്മുളയില്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ക്കാണ് സാധ്യത. കാസര്‍കോട്ട് എം.എല്‍.അശ്വനിയും ആറ്റിങ്ങലില്‍ പി.സുധീറും മത്സരിച്ചേക്കും. എറണാകുളത്തെ തൃപ്പൂണിത്തുറയിലും ആലുവയിലും ബിജെപി മത്സരിക്കും. ജില്ലയിലെ ചില സീറ്റുകള്‍ ട്വന്റി 20ക്കു നല്‍കും. തൃശൂരില്‍ എം.ടി.രമേശിനെയാണ് ആദ്യം പരിഗണിച്ചത്. അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി മറ്റാരെങ്കിലും വരാനും സാധ്യതയുണ്ട്. എന്‍ഡിഎ നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളിയും സാബു ജേക്കബും മത്സരിക്കുന്ന കാര്യത്തില്‍ ദേശീയ നേതൃത്വവുമായി ആലോചിച്ച് തീരുമാനമുണ്ടാകുമെന്നാണു ബിജെപി നേതൃത്വം വിശദീകരിക്കുന്നത്.

കണക്ക് പുറത്ത് ശേഷമാകും സഖ്യകക്ഷികളുമായുള്ള ചര്‍ച്ച. ബിഡിജെഎസ് ഇത്തവണ 30 സീറ്റ് ആവശ്യപ്പെടുന്നുണ്ട്. ജയസാധ്യതയുള്ള സീറ്റുകള്‍ വേണം എന്നും അവര്‍ ആവശ്യപ്പെടുന്നു. ട്വന്റി20 ആറ് സീറ്റുകളാണ് ആവശ്യപ്പെടുന്നത്. എറണാകുളവും സമീപ ജില്ലകളുമാണ് ഇവരുടെ ശ്രദ്ധ. കുന്നത്തുനാട് മണ്ഡലത്തില്‍ ഉള്‍പ്പെടെ ഇത്തവണ ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്.

Tags:    

Similar News