മുല്ലപ്പള്ളിയും ഞാനും ഒരമ്മ പെറ്റ മക്കളെ പോലെ; അദ്ദേഹത്തെ വേണ്ട രീതിയില്‍ പരിഗണിക്കുന്ന കാര്യത്തില്‍ വീഴ്ച്ച ഉണ്ടായി; പിണക്കം തീര്‍ക്കാന്‍ വീട്ടിലെത്തി കണ്ട് കെ സുധാകരന്‍; കണ്ണിലെ കൃഷ്ണമണി പോലെ തരൂരിനെ കൊണ്ടുപോകുമെന്നും കെപിസിസി അധ്യക്ഷന്‍; പാര്‍ട്ടിയുമായി തനിക്ക് ചെറിയ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് വന്നെന്ന് മുല്ലപ്പള്ളിയും

മുല്ലപ്പള്ളിയും ഞാനും ഒരമ്മ പെറ്റ മക്കളെ പോലെ

Update: 2025-03-02 15:12 GMT

വടകര: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശ പ്രകാരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ വീട്ടിലെത്തി കണ്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുല്ലപ്പള്ളിയുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന്റെ ഭാഗമയാണ് സുധാകരന്‍ വീട്ടിലെത്തിയത്. മുല്ലപ്പള്ളി പാര്‍ട്ടിയ്ക്ക് അടിത്തറ പണിത നേതാവാണെന്ന് സുധാകരന്‍ കൂടിക്കാഴ്ച്ചക്ക് ശേഷം പ്രതികരിച്ചു.

മുല്ലപ്പള്ളിയുമായി വ്യക്തിപരമായി അകല്‍ച്ചയില്ല. ഞങ്ങള്‍ ഒരമ്മ പെറ്റ മക്കളെ പോലെയാണ്. കാലത്തിന്റെ ഗതി അനുസരിച്ചു സജീവ രാഷ്ട്രീയത്തില്‍ നിന്നും അദ്ദേഹം മാറി. അദ്ദേഹത്തെ വേണ്ട രീതിയില്‍ പരിഗണിക്കുന്ന കാര്യത്തില്‍ വീഴ്ച്ച ഉണ്ടായെന്നും കെ. സുധാകരന്‍ പറഞ്ഞു. മുല്ലപ്പള്ളിയുടെ അനുഭവ സമ്പത്ത് ഉപയോഗിക്കാന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു. ഇടത് സര്‍ക്കാരിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്. ഇനി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. മുല്ലപ്പള്ളി പൂര്‍ണമായി സഹകരിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ എല്ലാ നേതാക്കളെയും ഇതുപോലെ നേരില്‍ കണ്ട് സംസാരിക്കുമെന്നും, കൂടെ നിര്‍ത്തുമെന്നും സുധാകരന്‍ വ്യക്തമാക്കി.

ആശാപ്രവര്‍ത്തകരുടെ സമരപ്പന്തലിലെ ടാര്‍പോളിന്‍ ഷീറ്റ് നീക്കം ചെയ്തതിലും കെ. സുധാകരന്‍ പ്രതികരിച്ചു. സിപിഎമ്മിന് പന്തലിടാമെങ്കില്‍ എന്തുകൊണ്ട് ആശാവര്‍ക്കര്‍മാര്‍ക്ക് പന്തല്‍ ഇടാന്‍ പാടില്ലെന്ന് സുധാകരന്‍ ചോദിച്ചു. മനുഷ്യത്വരഹിതമായ നടപടിയാണ് ആശാവര്‍ക്കര്‍മാര്‍ക്കെതിരെ ഉണ്ടായത്. എട്ടു വര്‍ഷമായിട്ട് പാവങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.

പിണറായി വിജയന്‍ മക്കള്‍ക്ക് വേണ്ടി മാത്രമേ എന്തെങ്കിലും ചെയ്യൂ. ഇതുപോലെ മക്കളെ സ്‌നേഹിക്കുന്ന ഒരു അച്ഛന്‍ ലോകത്ത് വേറെ ഉണ്ടാവില്ലെന്നും കെ. സുധാകരന്‍ പരിഹസിച്ചു. ശശി തരൂര്‍ തിരുത്താനും മാറ്റിപ്പറയാനും തയ്യാറായതിനെ സ്വാഗതം ചെയ്യുന്നതായും സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വലിയ മനസിന് നന്ദി. വലിയ അബദ്ധം ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. പറഞ്ഞതില്‍ എല്ലാം വ്യക്തത വരുത്തിയിട്ടുമുണ്ട്. കണ്ണിലെ കൃഷ്ണമണി പോലെ ശശി തരൂരിനെ ഞങ്ങള്‍ കൊണ്ടുപോകുമെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെ സുധാകരനുമായുള്ളത് ദീര്‍ഘകാലമായുള്ള ബന്ധമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. പാര്‍ട്ടിയുമായി തനിക്ക് ചെറിയ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് വന്നു. അത് പരിഹരിക്കാന്‍ സുധാകരന്‍ തന്നെ മുന്‍കൈയെടുത്തു. ആ ശ്രമത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയിലെ അസ്വാരസ്യം ശാശ്വതമായി പരിഹരിക്കാനാണ് ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദ്ദേശം. തന്റെ ജനനം കോണ്‍ഗ്രസില്‍ ആണ് മരണവും കോണ്‍ഗ്രസില്‍ തന്നെയാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

താന്‍ ആര്‍ക്കും കത്തയച്ചിട്ടില്ല. ഒരു എഐസിസി നേതൃത്വത്തിനും കത്ത് അയക്കേണ്ട ഗതികേട് തനിക്കില്ല. താന്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത ഒരു നേതാവും കോണ്‍ഗ്രസില്‍ ഇല്ല. കത്ത് അയച്ചിട്ടുണ്ടെങ്കില്‍ അയച്ചു എന്ന് പറയുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കെ.പി.സി.സി.യില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ. സുധാകനെ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റുന്നതിനെ മുല്ലപ്പള്ളി അനുകൂലിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഇതിനുപിന്നാലെയാണ് മുല്ലപ്പള്ളിയുമായി കെ. സുധാകരന്‍ കൂടിക്കാഴ്ച നടത്തിയത്.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി ഹൈക്കമാന്‍ഡ് ഐക്യസന്ദേശം നല്‍കിയിരുന്നു. പാര്‍ട്ടി ലൈന്‍ വിടുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന താക്കീതും കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര നേതൃത്വം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നല്‍കി.

അടുത്തിടെ പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ച ശശി തരൂര്‍ എംപിയുടെ പരാമര്‍ശങ്ങള്‍ പല നേതാക്കളും ചൂണ്ടിക്കാട്ടി. മറുപടിയില്‍ ഇതേക്കുറിച്ചു നേരിട്ടു പറഞ്ഞില്ലെങ്കിലും പരസ്യവേദികളില്‍ പല നിലപാടുകള്‍ പറഞ്ഞ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കള്‍ക്കു മുന്നില്‍ വെച്ചിരുന്നു.

Tags:    

Similar News