'പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ശശിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്'; പി.ശശിയെ കുറിച്ച് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് കെ.സുധാകരന്‍
'പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ശശിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്';
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പി ശശിക്കെതിരെ സിപിഎം നടപടി എടുത്തിട്ടുണ്ടെന്നും രണ്ട് വീടുകളില്‍ കയറി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പരാതിയിലാണ് നടപടി എടുത്തതെന്നും കെ സുധാകരന്‍ പറഞ്ഞു. അതിനാല്‍ തന്നെ പിവി അന്‍വര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയാവാനാണ് സാധ്യത. ഓഫീസില്‍ വരുന്ന സ്ത്രീകളോട് അശ്ലീലം പറയുന്നെന്നും നമ്പര്‍ വാങ്ങുന്നെന്നുമാണ് പറഞ്ഞത്.
പി ശശിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ അത് ശരിയാകാനാണ് സാധ്യതെന്നും കെ സുധാകരന്‍ ആരോപിച്ചു. ബിജെപിയുടെ തണലില്‍ വളരുന്ന കാട്ടുകുരങ്ങാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനെ തൊടാനും പേടിയാണ് തൊട്ടില്ലെങ്കിലും പേടിയാണ്. സിപിഎം തകര്‍ന്ന് തരിപ്പണമാവുകയാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലം നോക്കിയാല്‍ മതി കെ സുധാകരന്‍ പറഞ്ഞു. എനിക്ക് ഒന്നരലക്ഷം വോട്ട് കിട്ടി. സിപിഎമ്മില്‍ നിന്ന് കിട്ടിയ വോട്ടും അതിലുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്ക് പി ആര്‍. ഏജന്‍സിയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് പറഞ്ഞ കാര്യമാണിത്. പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ ചങ്കുറ്റവും നട്ടെല്ലുമില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി. ഇത്ര മാത്രം ആത്മാര്‍ത്ഥതയില്ലാത്ത സത്യസന്ധനല്ലാത്ത ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടുണ്ടാവില്ല.
നേരത്തെ ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രിയായ ഇഎം ശങ്കരന്‍ നമ്പുതിരിപാടിനെയും അച്ചുതമേനോന്‍, അച്ചുതാനന്ദന്‍ എന്നിവരെ കുറിച്ചു ഞങ്ങള്‍ ഇതു പറഞ്ഞിട്ടില്ല. പിണറായി വിജയനെ പറയുന്നത് അദ്ദേഹം എന്തോ ഒരു ഭീകരജീവിയായിട്ടല്ല കോടികള്‍ ഉണ്ടാക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞു.
പിണറായി വിജയന്റെ ബി ജെ പി ബന്ധം പുത്തരിയല്ലെന്നും അദ്ദേഹം 1977 ല്‍ കുത്തുപറമ്പില്‍ പിണറായി മത്സരിച്ചത് ബി.ജെ.പി പിന്‍തുണയോടെയാണെന്നും സുധാകരന്‍ ആരോപിച്ചു. ഇതിനു ശേഷവും പിണറായി മത്സരിക്കുമ്പോള്‍ അന്നത്തെ ജന സംഘത്തിന്റെ പിന്‍തുണ ലഭിച്ചിരുന്നുവെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.