സന്ദീപ് വാര്യര്‍ക്ക് ബിജെപിയില്‍ കിട്ടിയതിനേക്കാള്‍ വലിയ കസേരകള്‍ കോണ്‍ഗ്രസില്‍ കിട്ടട്ടെ ന്ന് കെ സുരേന്ദ്രന്റെ പരിഹാസം; ഫേസ്ബുക്ക് പോസ്റ്റിട്ടത് കൊണ്ടൊന്നും ആയിരുന്നില്ല സന്ദീപിന് എതിരെ പാര്‍ട്ടി നേരത്തെ നടപടി എടുത്തതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍

സന്ദീപിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍

Update: 2024-11-16 08:48 GMT

പാലക്കാട്: സന്ദീപ് വാര്യര്‍ക്ക് ഇവിടെ കിട്ടിയതിനേക്കാള്‍ വലിയ കസേരകള്‍ കോണ്‍ഗ്രസില്‍ കിട്ടട്ടെ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരിഹാസം. ബലിദാനികളെ സന്ദീപ് വഞ്ചിച്ചുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

'ഇവിടെ കിട്ടിയതിനേക്കാള്‍ വലിയ കസേരകള്‍ സന്ദീപിന് കിട്ടട്ടെ. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തെരഞ്ഞെടുത്ത ദിവസം വളരെ പ്രധാനപ്പെട്ടതാണ്. വിഡി സതീശന്‍ ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കൊലയാളികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേദിവസം തന്നെയാണ് സന്ദീപിനെ കോണ്‍ഗ്രസില്‍ ചേര്‍ത്തത്. പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് അത് ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിക്കുന്നു.

ബലിദാനികളുടെ കാര്യത്തില്‍ അവരെ വഞ്ചിക്കുന്ന സമീപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതൊരു അപ്രസക്തമായ തിരക്കഥയാണ്. ഈ തെരഞ്ഞെടുപ്പിലോ കേരളത്തിലെ ബിജെപിക്ക് അകത്തോ ഇതൊരു ചലനവും ഉണ്ടാക്കുന്നില്ല. നിങ്ങള്‍ ഉറപ്പിച്ചോളൂ. ഈ കോണ്‍ഗ്രസ് പ്രവേശനം ഒരു ചലനവും ഉണ്ടാക്കുന്നില്ല. സന്ദീപിനെതിരെ നേരത്തെയും പാര്‍ട്ടി നടപടി എടുത്തതാണ്. ആ നടപടി ഫേസ്ബുക്ക് പോസ്റ്റിട്ടത് കൊണ്ടൊന്നും ആയിരുന്നില്ല. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഞാനാ നടപടിയുടെ കാര്യങ്ങള്‍ അന്ന് പുറത്തു പറയാതിരുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടി പുലര്‍ത്തേണ്ട സാമാന്യമായ പാലിക്കേണ്ട മര്യാദയുടെ പേരില്‍ മാത്രമാണ്. അതുകൊണ്ട് വിഡി സതീശനും സുധാകരനും ഞാന്‍ എല്ലാ ആശംസയും നേരുകയാണ്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ നീണാള്‍ വാഴട്ടെ എന്ന് ഞാന്‍ ആശംസിക്കുകയാണ്. സന്ദീപ് വാര്യരെ മുറുകെ പിടിക്കാന്‍ ഞാന്‍ സുധാകരനോടും സതീശനോടും ഞാന്‍ വീണ്ടും വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്.'' കെ സുരേന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News