'ഇടതും വലതും ബി.ജെ.പിക്ക് കല്‍പിച്ചിരുന്ന അയിത്തം അവസാനിച്ചു; എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് ബിജെപി; കേരളവും ബി.ജെ.പിക്ക് ബാലികേറാമലയല്ല': കെ സുരേന്ദ്രന്‍
ഇടതും വലതും ബി.ജെ.പിക്ക് കല്‍പിച്ചിരുന്ന അയിത്തം അവസാനിച്ചു
തിരുവനന്തപുരം: കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും ബി.ജെ.പിക്ക് കല്‍പിച്ചിരുന്ന അയിത്തം അവസാനിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്നതും കൂടെ നിര്‍ത്തുന്നതുമായ പാര്‍ട്ടിയാണ് ബി.ജെ.പി. പ്രമുഖര്‍ ഓരോ ദിവസവും ബി.ജെ.പിയിലേക്ക് വരുന്നു. കേരളവും ബി.ജെ.പിക്ക് ബാലികേറാമലയല്ലെന്നും 2026ല്‍ സര്‍ക്കാറുണ്ടാക്കാനുള്ള അക്ഷീണ ശ്രമത്തിലാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖക്ക് ബിജെപിയില്‍ അംഗത്വം നല്‍കിയ ശേഷം പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.
''ശ്രീലേഖ ഐ.പി.എസ് കേരളീയര്‍ക്ക് സുപരിചിതയായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും ഡി.ജി.പിയുമായിരുന്നു. പൊലീസില്‍ ഒരുപാട് പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നു. സ്ത്രീ സമത്വത്തിനു വേണ്ടിയും മനുഷ്യാവകാശത്തിനു വേണ്ടിയും പ്രവര്‍ത്തിച്ചു. അറിയപ്പെടുന്ന സാഹിത്യകാരി കൂടിയാണ്. നവരാത്രി കാലത്ത് അവര്‍ക്ക് ബി.ജെ.പി അംഗത്വം നല്‍കാനായത് സന്തോഷം നല്‍കുന്ന കാര്യമാണ്.
ഇടതുപക്ഷവും വലതുപക്ഷവും ബി.ജെ.പിക്ക് കേരളത്തില്‍ തൊട്ടുകൂടായ്മ കല്‍പിച്ചിരുന്നു. ആ മതില്‍ക്കെട്ട് ഞങ്ങള്‍ പൊളിച്ചിരിക്കുകയാണ്. അയിത്തം അവസാനിച്ചിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്നതും കൂടെ നിര്‍ത്തുന്നതുമായ പാര്‍ട്ടിയാണിത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ ഓരോ ദിവസവും ബി.ജെ.പിയിലേക്ക് വരുന്നു. പത്തു വര്‍ഷമായി ബി.ജെ.പിക്ക് ഘടനാപരമായി ഉണ്ടായ മാറ്റത്തിന്റെ കൂടി പ്രതിഫലനമാണിത്. കേരളവും ബി.ജെ.പിക്ക് ബാലികേറാമലയല്ല. 2026ല്‍ തന്നെ സംസ്ഥാനത്ത് സര്‍ക്കാറുണ്ടാക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ്'' -സുരേന്ദ്രന്‍ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ആകര്‍ഷയായാണ് പാര്‍ട്ടിയില്‍ ചേരുന്നതെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. മൂന്നാഴ്ചത്തെ ആലോചനക്ക് ശേഷമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. മോദി പ്രഭാവമാണ് ആകര്‍ഷിച്ചത്. മുപ്പത്തിമൂന്നര വര്‍ഷം പൊലീസില്‍ നിഷ്പക്ഷയായാണ് പ്രവര്‍ത്തിച്ചത്. അതിനു ശേഷം ഇപ്പോള്‍ ഇതാണ് ശരിയെന്ന് തോന്നി. ജനസേവനം തുടരുക എന്നതാണ് ഉദ്ദേശ്യം. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.