സഹോദരന്‍ രാസ ലഹരി ഉപയോഗിക്കുന്നുവെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് പി കെ ഫിറോസ് പൊലീസിനെ അറിയിച്ചില്ല? നിരവധി ചെറുപ്പക്കാരെ മയക്കുമരുന്നിന്റെ വലയിലാക്കി; ബുജൈറിന്റെ കശ്മീര്‍ ബാംഗ്ലൂര്‍ നിരന്തരയാത്ര അന്വേഷിക്കണം; ലീഗ് മയക്കുമരുന്ന് വില്‍ക്കുന്നവരുടെ പാര്‍ട്ടിയായി മാറിയെന്ന് കെ ടി ജലീല്‍
ലീഗ് മയക്കുമരുന്ന് വില്‍ക്കുന്നവരുടെ പാര്‍ട്ടിയായി മാറിയെന്ന് കെ ടി ജലീല്‍
മലപ്പുറം: മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെയും ലീഗിനെതിരെയും തുറന്നടിച്ച് കെടി ജലീല്‍ എംഎല്‍എ. പി കെ ഫിറോസിന്റെ സഹോദരന്‍ പികെ ബുജൈര്‍ വര്‍ഷങ്ങളായി രാസ ലഹരി ഉപയോഗിക്കുന്നുവെന്നും ഫിറോസ് എന്തുകൊണ്ട് ഇക്കാര്യം പൊലീസിനെ അറിയിച്ചില്ലെന്നും കെടി ജലീല്‍ ചോദിച്ചു. മുസ്ലിം ലീഗ് മയക്കുമരുന്ന് വില്‍ക്കുന്നവരുടെയും സാമ്പത്തിക തട്ടിപ്പുകാരുടെയും പാര്‍ട്ടിയായി മാറിയെന്നും കെ ടി ജലീല്‍ ആരോപിച്ചു.
അറിഞ്ഞിട്ടും വസ്തുത ഫിറോസ് മറച്ചു വച്ചത് തെറ്റല്ലേ? എത്രയോ ചെറുപ്പക്കാരെ ഫിറോസിന്റെ അനുജന്‍ ലഹരി മേഖലയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ബുജൈറിന്റെ നിഗൂഢ യാത്രകള്‍ പൊലീസ് അന്വേഷിക്കണം. ബുജൈര്‍ന്റെ കാശ്മീര്‍ ബാംഗ്ലൂര്‍ നിരന്തര യാത്ര പൊലീസ് അന്വേഷിക്കണം. ഫിറോസിന്റെ സാമ്പത്തിക സ്രോതസ് എന്താണ്? അനുജന്റെ ലഹരി ഇടപാടുമായി ഫിറോസിന് ബന്ധം ഉണ്ടെന്നു പറഞ്ഞാല്‍ തെറ്റ് പറയാന്‍ ആകുമോയെന്നും കെടി ജലീല്‍ ചോദിച്ചു.
പി. കെ. ഫിറോസിനെതിരെ അന്വേഷണം ആവശ്യപ്പെട്ടു പരാതി നല്‍കും. ഒരു പണിയും ഇല്ലാത്ത ഫിറോസ് എങ്ങനെ ഒരു കോടി ചെലവാക്കി വീട് വെച്ചു? ഫിറോസ് സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തണം. വയനാട് പുനരധിവാസം മുസ്ലിംലീഗ് കാണുന്നത് വളരെ ലാഘവത്തോടെയാണ്. ഒരു വീട് പണിപോലും തുടങ്ങാന്‍ ആയില്ലല്ലോ. മത സംഘടനകള്‍ എന്ത് കൊണ്ട് ലീഗിനെ ഉപദേശിക്കുന്നില്ലെന്നും കെടി ജലീല്‍ ചോദിച്ചു.
താന്‍ യൂത്ത് ലീഗ് സെക്രട്ടറി സ്ഥാനത്ത് ഇരുന്നിട്ടുള്ളയാളാണ്. അവിടെ ഇരുന്നാണ് ഫിറോസ് തോന്നിവാസം കാണിക്കുന്നത്. അപ്പോള്‍ താന്‍ പ്രതികരിക്കേണ്ടയെന്നും കെടി ജലീല്‍ ചോദിച്ചു. ലഹരിക്കേസില്‍ ഫിറോസിന്റെ സഹോദരന്റെ അറസ്റ്റില്‍ ഫിറോസും മുസ്ലിം ലീഗും മറുപടി പറയണമെന്ന് കെ ടി ജലീല്‍ ആവശ്യപ്പെട്ടു.
വീട്ടുകാരെ നന്നാക്കിയിട്ട് നാട്ടുകാരെ നന്നാക്കലല്ലേ ബുദ്ധി എന്നും സ്വന്തം സഹോദരനെ മയക്കുമരുന്ന് വിതരണത്തില്‍ നിന്നും ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയാത്ത യൂത്ത് ലീഗ് നേതാവിന് നാട്ടുകാരെ നന്നാക്കാന്‍ എന്തര്‍ഹത എന്നും ജലീല്‍ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഈനാംപേച്ചിക്ക് മരപ്പട്ടി സഹോദരന്‍!
പണം നേടാന്‍ മയക്കുമരുന്ന് മാഫിയക്ക് ഒത്താശ ചെയ്യുന്നവന്റെ സ്വന്തം സഹോദരന്‍ കത്വ-ഉന്നാവോ ഫണ്ട് മുക്കി മണിമാളിക പണിതില്ലെങ്കിലല്ലേ അല്‍ഭുതമുള്ളൂ. വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് പിരിച്ച പണത്തില്‍ നിന്ന് പതിന്മടങ്ങ് വിലക്ക് ഭൂമി വാങ്ങി കമ്മീഷന്‍ അടിച്ചില്ലെങ്കിലേ അതിശയമുള്ളൂ.
യൂത്ത് ലീഗ് നേതാവ് പിന്നില്‍ കൂടി അപമാനിച്ച ഒരു ചെറുപ്പക്കാരനുണ്ട്. പേര് കെ.ടി അദീപ്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പണവും എം.ജി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവിയും കൊടുത്ത് കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി വിധി പറഞ്ഞ, പണവും പദവിയും കിട്ടിയാല്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ലോകായുക്ത സിറിയക് ജോസഫിനെ ഉപയോഗിച്ച് നടത്തിയ കള്ളക്കളിക്ക് കാലം നല്‍കുന്ന ശിക്ഷയാണിതൊക്കെ.
കെ.ടി. അദീപ് ഇപ്പോള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ''ബാങ്ക് ഓഫ് ബറോഡ''യുടെ സംസ്ഥാനത്തെ കോര്‍പ്പറേറ്റ് വിഭാഗത്തിന്റെ ചീഫ് മാനേജരാണ്. അദീപ് ഇന്ത്യയിലെ എണ്ണം പറഞ്ഞ ധരകാര്യ സ്ഥാപനത്തിന്റെ കൊച്ചിയിലെ ചീഫ് മാനേജരായപ്പോള്‍ അദീപിനെ അപമാനിച്ചവന്റെ സഹോദരന്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പരിശോധനക്കിടെ പോലീസിനെ അടിച്ചോടിക്കാന്‍ ശ്രമിച്ച കേസില്‍ അഴിക്കുള്ളിലാണ്. പച്ചക്കൊടി പിടിക്കുന്നത് കൊണ്ട് ഇവര്‍ക്കൊക്കെ ''അര്‍ശിന്റെ'' തണല്‍ ഉറപ്പാണെന്ന് സമാധാനിക്കാം.
കുന്ദമംഗലം മേഖലയില്‍ കോളേജ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയുടെ സഹോദരനാണെന്നാണ് നാട്ടിലെ സംസാരം. ലഹരിക്കെതിരെ ഇനി മേലില്‍ യൂത്ത് ലീഗ് ക്യാമ്പയിന്‍ നടത്തുകയാണെങ്കില്‍ സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് അതാരംഭിക്കാന്‍ ലീഗ്-യൂത്ത് ലീഗ് നേതൃത്വങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നാകും. വീട്ടുകാരെ നന്നാക്കിയിട്ട് നാട്ടുകാരെ നന്നാക്കലല്ലേ ബുദ്ധി! സ്വന്തം സഹോദരനെ മയക്കുമരുന്ന് വിതരണത്തില്‍ നിന്നും ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയാത്ത യൂത്ത്‌ലീഗ് നേതാവിന് നാട്ടുകാരെ നന്നാക്കാന്‍ എന്തര്‍ഹത?
കൊടുത്താല്‍ കൊല്ലത്തും കിട്ടും മോനെ. യൂത്ത് ലീഗ് നേതാവിന്റെ ഒരു പ്രസ് മീറ്റ് ഉടന്‍ തന്നെ പ്രതീക്ഷിക്കാം. ലീഗ് സൈബര്‍ ഗ്രൂപ്പുകള്‍ ജാഗരൂകരായിരിക്കുക. യൂത്ത് ലീഗ് നേതാവിന്റെ പത്രസമ്മേളനം കഴിഞ്ഞാല്‍ വൈകാതെ എന്റെ പത്രസമ്മേളനവും ഉണ്ടാകും. അതും കഴിഞ്ഞേ പിരിഞ്ഞു പോകാവൂ.