കണ്ണൂര്‍ കോര്‍പറേഷന്‍ ബഡ്ജറ്റിനിടെ സംഘര്‍ഷം; പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച ബി.ജെ.പി അംഗവും ഭരണകക്ഷി കൗണ്‍സിലര്‍മാരും തമ്മില്‍ ഉന്തുംതള്ളും

കണ്ണൂര്‍ കോര്‍പറേഷന്‍ ബഡ്ജറ്റിനിടെ സംഘര്‍ഷം

Update: 2025-03-27 10:37 GMT

കണ്ണൂര്‍: കോര്‍പറേഷന്‍ ബഡ്ജറ്റ് അവതരണ വേളയില്‍ നാടകീയ രംഗങ്ങള്‍. ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ഡെപ്യുട്ടി മേയര്‍ അഡ്വ. പി ഇന്ദിര എഴുന്നേറ്റ് ഡയസിന് മുന്‍പിലെത്തിയപ്പോള്‍ ബി.ജെ.പി പള്ളിക്കുന്ന് വാര്‍ഡ് കൗണ്‍സിലര്‍ എം കെ ഷിജു പ്രതിഷേധവുമായി രംഗത്തെത്തി. പ്‌ളക്കാര്‍ ഡ് ഉയര്‍ത്തി പിടിച്ചു ആദ്യം മേയറുടെ ചേംബറിന് മുന്‍പിലും പിന്നീട് ബഡ്ജറ്റ് അവതരിപ്പിക്കുന്ന ഡെപ്യുട്ടി മേയര്‍ക്കു മുന്‍പിലും നിന്നു. ഇതോടെ ഭരണപക്ഷ ബെഞ്ചില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.

മുന്‍ മേയര്‍ ടി.ഒമോഹനന്‍ ഉള്‍പ്പെടെയുള്ള ഭരണകക്ഷി അംഗങ്ങള്‍ പ്രകോപിതരായി ചാടിയെഴുന്നേറ്റ് ഷിജുവിന്റെ കൈയ്യില്‍ നിന്നും കോര്‍പറേഷന്‍ ഭരണസമിതിക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ പ് ളക്കാര്‍ഡ് പിടിച്ചു പറിച്ചു കൊണ്ടുപോയി. മുന്‍ മേയര്‍ ടി.ഒ.മോഹനനാണ് പ്‌ളക്കാര്‍ഡ് ബലപ്രയോഗത്തിലൂടെ കരസ്ഥമാക്കിയത്.

ഇതോടെ ഷിജുവും മോഹനനും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതു മറ്റുള്ളവര്‍ ഏറ്റെടുത്തതോടെ മറ്റു ഭരണകക്ഷി അംഗങ്ങളും ഷിജുവും തമ്മില്‍ പിടിവലിയും ഉന്തുംതള്ളും നടന്നു. ഏറെ നേരത്തെ ബഹളത്തിന് ശേഷമാണ് സ്ഥിതിശാന്തമായത്. തിങ്കളാഴ്ച്ച രാവിലെ പത്തുമണിക്ക് കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ബഡ്ജറ്റിന് മുന്നോടിയായി മേയര്‍ പ്രസംഗം നടത്തുന്നതിനിടെ തന്നെ എല്‍.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധമാരംഭിച്ചു.

ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം സംസ്‌കരിക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന സി.ഐ. ജി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തിട്ടു മതിബഡ്ജറ്റ് അവതരണമെന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍ രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇതു ബഹളത്തിന് ഇടയാക്കിയപ്പോഴാണ് ബി.ജെ.പി കൗണ്‍സിലര്‍ നടുത്തളത്തിലേക്ക് പ്‌ളക്കാര്‍ഡുമായി ചാടി വീണത്. കോര്‍പറേഷന്‍ ബഡ്ജറ്റില്‍ സംഘര്‍ഷമുണ്ടാകുമെന്ന വിവരത്തെ തുടര്‍ന്ന് കനത്ത പൊലിസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.

തങ്ങള്‍ ഭരിക്കുന്നകണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെതിരെ ഉയര്‍ന്നുവന്ന 25 കോടി രൂപയുടെ അഴിമതി മറച്ചുവയ്ക്കുന്നതിനാണ് പ്രതിപക്ഷം കോര്‍പറേഷന്‍ ബഡ്ജറ്റ് അവതരണ വേളയില്‍ ബഹളമുണ്ടാക്കുന്നതെന്ന് മേയര്‍ മുസ്ലിഹ് മടത്തില്‍ ആരോപിച്ചു. ട്രഞ്ചിംഗ് ഗ്രൗണ്ട് അഴിമതിയെ കുറിച്ചു കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കാത്തതിലുള്ള പ്രതിഷേധമാണ് നടന്നതെന്ന് പ്രതിപക്ഷ അംഗം ടി.രവീന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News