കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാര്? വി കെ പ്രകാശിനി എല്‍.ഡിഎഫിനും അഡ്വ.പി. ഇന്ദിര യു.ഡി.എഫിനുമായി കളത്തിലിറങ്ങും; പുതുമുഖങ്ങള്‍ക്ക് പ്രാധാന്യമുള്ള പട്ടിക പരിഗണിച്ചു സിപിഎം
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യമുള്ള പട്ടിക പരിഗണിച്ചു സിപിഎം
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം എല്‍.ഡി.എഫില്‍ അന്തിമഘട്ടത്തിലെത്തി. മേയര്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ധാരണയായിട്ടുണ്ട്. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം വി.കെ പ്രകാശിനിയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും മുന്‍ ചേലോറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് വി.കെ പ്രകാശിനി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹിയാണ്.
ചേലോറ ഡിവിഷനില്‍ നിന്നും വി.കെ പ്രകാശിനി മത്സരിച്ചേക്കും. കോര്‍പറേഷനിലെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് എന്‍.സുകന്യ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന വിവരം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ നേതാവ് കൂടിയായ എന്‍. സുകന്യ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാദ്ധ്യതയുള്ള വനിതാനേതാവ് കൂടിയാണ്. നിലവില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് സുകന്യ.
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മത്സരിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാസെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. അതേസമയം യുവതലമുറയ്ക്ക് അവസരം നല്‍കാന്‍ സി.പി.എം തീരുമാനിച്ചാല്‍ താളിക്കാവ് ഡിവിഷന്‍ മെം പറായ അഡ്വ.ചിത്തിര ശശിധരനെ പരിഗണിക്കാന്‍ സാദ്ധ്യതയുണ്ട്. വനിതാകമ്മീഷന്‍ അഭിഭാഷക പാനല്‍ അംഗവുമാണ് ചിത്തിര. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യമുള്ള പട്ടികയാണ് സി.പി.എം പ്രഖ്യാപിക്കുക.
അതിനാല്‍ അപ്രതീക്ഷിത പുതുമുഖത്തെ മേയര്‍ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാനും സാധ്യതയുണ്ട്. കോണ്‍ഗ്രസില്‍ ഡെപ്യുട്ടി മേയര്‍ അഡ്വ. പി. ഇന്ദിരയ്ക്ക് തന്നെയാണ് സാദ്ധ്യത. ഡി.സി.സി ക്ക് താല്‍പര്യവും ഇന്ദിരയുടെ പേരിനോടാണ്. എന്നാല്‍ മുന്‍മന്ത്രി എന്‍ രാമകൃഷ്ണന്റെ മകള്‍ അമൃതാ രാമകൃഷ്ണനെ മേയറാക്കണമെന്ന് വാദിക്കുന്നവരും പാര്‍ട്ടിക്കുള്ളിലുണ്ട്.
മഹിളാ കോണ്‍ഗ്രസ്ജില്ലാ അദ്ധ്യക്ഷ ശ്രീജ മഠത്തിലും മത്സര രംഗത്ത് മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന നേതാക്കളിലൊരാളാണ് കോര്‍പറേഷനില്‍ യു.ഡി.എഫ് ഭരണം നിലനിര്‍ത്തുകയാണെങ്കില്‍ മേയര്‍ പദവി രണ്ടര വര്‍ഷത്തേക്ക് മുസ്ലിം ലീഗിന് കൈമാറേണ്ടി വരും. അതിനാല്‍ പി. ഷമീമ , കെ സാബിറ എന്നിവരെ വീണ്ടും മുസ്ലീം ലീഗ് മത്സരിപ്പിച്ചേക്കും. മുന്‍ ഡെപ്യുട്ടി മേയറായിരുന്ന കെ. ഷബീല ഇത്തവണ മത്സരിക്കാനില്ലെന്നാണ് വിവരം. മുന്‍ നഗരസഭാ അദ്ധ്യക്ഷ റോഷ്‌നി ഖാലിദും ഇക്കുറി മത്സര രംഗത്തുണ്ടാകാന്‍ സാദ്ധ്യതയുണ്ട്.
