അഡ്വ. കെ കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു; യുഡിഎഫിലെ ജൂബിലി ചാക്കോയെ 7ന് പരാജയപ്പെടുത്തിയത് 16 വോട്ടുകള്‍ക്ക്; വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്ന് പി പി ദിവ്യ

അഡ്വ. കെ കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു

Update: 2024-11-14 12:02 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ അഡ്വ. കെ കെ രത്‌നകുമാരിയെ തിരഞ്ഞെടുത്തു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കേസില്‍ പെട്ട പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ അധ്യക്ഷയെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ ജൂബിലി ചാക്കോയെ 7ന് എതിരെ 16 വോട്ടുകള്‍ക്കാണ് രത്‌നകുമാരി പരാജയപ്പെടുത്തിയത്. വോട്ടെടുപ്പില്‍ നിന്ന് പി പി ദിവ്യ വിട്ടു നിന്നു.

തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു. കളക്ടര്‍ അരുണ്‍ കെ വിജയന്‍ ആണ് വിലക്കിയത്. ഇതനുസരിച്ച് രാവിലെ എത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെ ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. വലിയ സുരക്ഷയാണ് പഞ്ചായത്തിന് പുറത്ത് ഒരുക്കിയിരുന്നത്.

നിയുക്ത കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ആശംസയുമായി പ്രതിപക്ഷവും രംഗത്തെത്തി. ജാമ്യത്തിലായതിനാലാണ് പി പി ദിവ്യ വോട്ട് ചെയ്യാന്‍ എത്താതിരുന്നത് എന്നും വോട്ടെടുപ്പിന് വന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്ന രീതിയില്‍ പ്രചാരണം നടക്കാന്‍ സാധ്യതയുണ്ടായിരുന്നു എന്നും രത്‌നകുമാരി പറഞ്ഞു.

Tags:    

Similar News