എസ്.എഫ്.ഐ മുന്‍സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയെ അവസാന നിമിഷം തഴഞ്ഞു; പരിചയ സമ്പത്തിന് മുന്‍ഗണന നല്‍കണമെന്ന നിര്‍ദേശവും വിനയായി; കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെ ബിനോയ് കുര്യനും ടി.ഷബ്നയും നയിക്കും

എസ്.എഫ്.ഐ മുന്‍സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീയെ അവസാന നിമിഷം തഴഞ്ഞു

Update: 2025-12-21 15:58 GMT

കണ്ണൂര്‍: പി. പി ദിവ്യയുടെ വിവാദം കത്തി നിന്നിരുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ സി.പി. എംകരുനീക്കം ജാഗ്രതയോടെ. എ.ഡി. എം നവീന്‍ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്നത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പ്രതിയാക്കപ്പെട്ടത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്തിരുന്നു. എസ്. എഫ്. ഐയിലൂടെ ഉയര്‍ന്നുവന്ന ദിവ്യ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ മുന്‍ കണ്ണൂര്‍ എ.ഡി. എം നവീന്‍ബാബുവിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് ദിവ്യ പ്രതിചേര്‍ക്കപ്പെട്ടത്.

ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലായ ദിവ്യ ദിവസങ്ങളോളം ജുഡീഷ്യല്‍ കസ്റ്റഡിയിലും കഴിഞ്ഞു. നവീന്‍ ബാബുവിന്റെ മരണം കണ്ണൂരില്‍ സി.പി. എമ്മിന് തിരിച്ചടിയായില്ലെങ്കിലും അദ്ദേഹത്തിന്റെ ജില്ലയായ പത്തനംതിട്ടയില്‍ പാര്‍ട്ടിക്ക് ശക്തമായ പ്രഹരമേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് റിസ്‌കെടുക്കേണ്ടെന്ന തീരുമാനത്തില്‍ സംസ്ഥാന നേതൃത്വമെത്തിയത്. ഭരണപരിചയവും പക്വതയും ഉളളവരെ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരുത്തുകയെന്ന രീതിയാണ് ഇക്കുറി പിന്‍തുടര്‍ന്നത്.

തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം നഷ്ടമാകാന്‍ കാരണം മേയര്‍ ആര്യാരാജേന്ദ്രന്റെ പക്വത കുറവാണെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ നിന്നുളള എസ്. എഫ്. ഐ മുന്‍ നേതാവ് കെ. അനുശ്രീയെ പാര്‍ട്ടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ ജന്മനാടായ പിണറായി ഡിവിഷനില്‍ നിന്നാണ് മികച്ച ഭൂരിപക്ഷത്തോടെ അനുശ്രീ ജയിച്ചുകയറിയത്.

എന്നാല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെ അഡ്വ. ബിനോയ് കുര്യനും ടി.ഷബ്നയും നയിക്കട്ടെയെന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ജില്ലാകമ്മിറ്റിയോഗം സ്വീകരിച്ചത്. ബിനോയ് കുര്യനെ പ്രസിഡന്റായും വൈസ് പ്രസിഡന്റായി ടി.ഷബ്നയെ സി.പി. എം ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. നേരത്തെ എസ്. എഫ്. ഐ സംസ്ഥാനപ്രസിഡന്റ് കെ. അനുശ്രിയെ ജില്ലാപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റാക്കുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും ഭരണ രംഗത്തെ പ്രവര്‍ത്തന പരിചയമാണ് ഷബ്നയെ തുണച്ചത്.

സി.പി. എം കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗമാണ് ടി.ഷബ്ന.2005-2010 ്കാലയളവില്‍ കോട്ടയം ഗ്രാമപഞ്ചായത്തംഗമായിരുന്നു. തുടര്‍ന്ന് 2010-15 കാലയളവില്‍ മാങ്ങാട്ടിടം ഡിവിഷനില്‍ നിന്നും ജയിച്ച ഷബ്ന സ്ഥിരം സമിതി അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.പാട്യം ഡിവിഷനില്‍ നിന്നാണ് ഷബ്ന ഇത്തവണ ജില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം സി.പി. എം കണ്ണൂര്‍ ജില്ലാകമ്മിറ്റിയോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുത്തിരുന്നു.

അഡ്വ.ബിനോയ് കുര്യനെ നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. വിവാദങ്ങള്‍ സൃഷ്ടിച്ച കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു ബിനോയ് കുര്യന്‍. ഇരിട്ടി മണിക്കടവ് സ്വദേശിയാണ്. മട്ടന്നൂര്‍ പി. ആര്‍. എന്‍. എസ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ യൂനിയന്‍ ചെയര്‍മാനായാണ് തുടക്കം. എസ്. എഫ്. ഐ ജില്ലാഭാരാവഹി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഡി.വൈ. എഫ്. ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിയമ ബിരുദധാരിയായ ബിനോയ് കുര്യന്‍ നിലവില്‍ സി. പി. എം കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗമാണ്. രണ്ടു തവണ പേരാവൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു വെങ്കിലും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇരിട്ടി ഏരിയാ സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ബിനോയ് കുര്യന്‍ തന്റെ സൗമ്യസ്വഭാവവും പക്വതയുളള യുവനേതാക്കളിലൊരാളാണ്.

Tags:    

Similar News