''എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം, പിണറായി തളര്‍ത്താന്‍ പറ്റാത്ത നേതാവ്'; പാര്‍ട്ടി വിരട്ടിയതോടെ കാരാട്ട് റസാഖും വഴങ്ങി; അന്‍വറിനെയും ജലീലിനെയും തള്ളി; വിമത നീക്കം ഉയര്‍ത്തുന്നു എന്ന് സംശയമുയര്‍ന്ന മുന്‍എംഎല്‍എയും ഇനി മിണ്ടില്ല
പുതിയ പോസ്റ്റില്‍ പിണറായി വിജയനെ പുകഴത്തുകയാണ് കാരാട്ട്.
എം റിജു
കോഴിക്കോട്: സിപിഎം വിരട്ടിയതോടെ മൂന്‍ എംഎല്‍എ കാരാട്ട് റസാഖിന്റെ വിമതനീക്കത്തിനും വിരാമം. നേരത്തെ പി വി അന്‍വറിനൊപ്പം നിന്ന കാരാട്ട് റസാഖ് ഇപ്പോള്‍ പൂര്‍ണ്ണമായും കളം മാറ്റിയിരിക്കയാണ്. മുസ്ലീം ലീഗ് വിട്ട് സിപിഎമ്മിലെത്തിയ, കൊടുവള്ളി മുന്‍ എംഎല്‍എ കൂടിയായ കാരാട്ട് റസാഖിനെകുറിച്ച് നേരത്തെ സ്വര്‍ണ്ണക്കടത്ത്- കുഴല്‍പ്പണം അടക്കമുള്ള നിരവധി ആരോപണങ്ങള്‍ ഉണ്ടായിരുന്നു. 'കൊടുവള്ളിയിലെ വിന്‍സന്റ് ഗോമസ്' എന്നായിരുന്നു, ഇദ്ദേഹം ഒരുകാലത്ത്് അറിയപ്പെട്ടിരുന്നത്. പിന്നീട് അത്തരം ആരോപണങ്ങളെ മറികക്കാനും അദ്ദേഹത്തിനായി. ഏറെ ജനകീയനായ നേതാവ് കൂടിയായിരുന്നു കരാട്ട്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്റെ കുത്തക സീറ്റായ കൊടുവള്ളിയില്‍ അദ്ദേഹം അട്ടിമറി വിജയം നേടി. പക്ഷേ 2021-ല്‍ അദ്ദേഹം കൊടുവള്ളിയില്‍ തോല്‍ക്കുകയും ചെയ്തു.
എന്നാലും ഇപ്പോഴും ഈ മേഖലയില്‍ നല്ല ജനസ്വാധീനമുള്ള നേതാവാണ് റസാഖ്. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളോട് ആദ്യഘട്ടത്തില്‍ അനുകൂല പ്രതികരണം നടത്തിയതോടെ, അന്‍വറും കെടി ജലീലും അടക്കമുള്ള സിപിഎം സ്വതന്ത്രര്‍ ഒരു കുറുമുന്നണിയായി മാറുമോ എന്ന് സംശയം ഉണ്ടായിരുന്നു. ഇതോടെ പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി എം മോഹനന്‍ മാസ്റ്റര്‍, നേരിട്ട് നടത്തിയ ഇടപെടലാണ് കാരാട്ടിന്റെ മനംമാറ്റത്തിന് കാരണമെന്നാണ് പറയുന്നത്. അന്‍വറിന്് പിന്നാലെ പി ശശിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി കാരാട്ട് പോസ്റ്റിട്ടിരുന്നു. ഇതോടെ കാരാട്ട് ലീഗിലേക്ക് മടങ്ങുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ പാര്‍ട്ടി കണ്ണൂരുട്ടിയതോടെ അതെല്ലാം ആവിയായിരിക്കയാണ്.
ചായക്കോപ്പയിലെ കൊടുങ്കാറ്റ്
പുതിയ പോസ്റ്റില്‍ പിണറായി വിജയനെ പുകഴത്തുകയാണ് കാരാട്ട്. ''കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തുടര്‍ ഭരണം നേടി പുതിയ വികസന കാഴ്ച്ചപ്പാടുകളുമായി നവകേരളത്തെ മുന്നോട്ട് നയിക്കുന്ന പിണറായി വിജയന്‍ ഇതിലും വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് ഈ നിലയില്‍ എത്തിയത്. ഇതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം. തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.. എന്നിട്ടല്ലെ തകര്‍ക്കാന്‍'- കാരാട്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
റസാഖിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്-''എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു രക്ഷിതാവിന്റെ സ്ഥാനത്ത് കാണുവാന്‍ സാധിച്ച രണ്ട് മഹത് വ്യക്തിത്വങ്ങളാണ്മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളും മറ്റൊന്ന് ഇപ്പോള്‍ കേരളത്തിന്റെ മുഖ്യ മന്ത്രി സഖാവ് പിണറായി വിജയനും.
വ്യക്തിപരമായി എന്റെ പൊതുപ്രവര്‍ത്തന രംഗത്ത് നല്ല പരിഗണന നല്‍കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്ത വ്യക്തികളാണ് ഇവര്‍ രണ്ടുപേരും.ഇവരോടുള്ള കടപ്പാട് ഒരു കാലഘട്ടത്തിലും മറക്കാന്‍ കഴിയില്ല. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ പി.വി.അന്‍വര്‍ എം എല്‍.എ കേരളത്തിലെ പോലീസ് സേനയിലെ പുഴുക്കുത്തുകളെ സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉത്തരവിട്ട അന്വേഷണവും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങളും നടപ്പിലാക്കിയിരിക്കുകയാണ്.ഈ വിഷയവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയ
പി.വി അന്‍വര്‍ എംഎല്‍എയോടും അതിനെ പിന്തുണച്ച് രംഗത്ത് വന്ന ഡോ.കെ ടി ജലീല്‍ എംഎല്‍എയോടും പരിപൂര്‍ണ്ണമായി യോജിക്കുന്നു. എന്നാല്‍ ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷ സംഘടനകളും മറ്റ് രാഷ്ട്രീയ എതിരാളികളും ഒരു കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തുടര്‍ ഭരണം നേടി പുതിയ വികസന കാഴ്ച്ചപ്പാടുകളുമായി നവകേരളത്തെ മുന്നോട്ട് നയിക്കുന്ന സഖാവ് പിണറായി വിജയന്‍ ഇതിലും വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് ഈ നിലയില്‍ എത്തിയത്. ഇതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം. തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.. എന്നിട്ടല്ലെ തകര്‍ക്കാന്‍...''-കാരാട്ടിന്റെ പോസ്റ്റ് ഇങ്ങനെ അവസാനിക്കുന്നു.
അന്‍വറിനെയും തള്ളുന്നു
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും, റസാഖ് പി വി അന്‍വറിനെയടക്കം തള്ളിപ്പറഞ്ഞിരുന്നു. പരാതി നല്‍കിയതില്‍ പി.വി.അന്‍വറിന് വീഴ്ച സംഭവിച്ചെന്ന് കാരാട്ട് റസാഖ് പറഞ്ഞിരുന്നു. പരാതിയില്‍ പി.ശശിക്കെതിരായ ആരോപണങ്ങള്‍ ഉള്‍പ്പെടുത്താത്തത് സംശയകരമാണ്. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പി.വി.അന്‍വര്‍ ആരോപണം ഉന്നയിക്കുന്നത് എന്നാണ് കരുതിയത്. അതിനാലാണ് പിന്തുണ നല്‍കിയത്. ആരോപണങ്ങള്‍ക്ക് തെളിവുകളുടെ പിന്‍ബലം ഇല്ലെങ്കില്‍ പിന്തുണയ്ക്ക് അര്‍ഥമില്ലെന്നും പി.ശശിക്കെതിരായ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും റസാഖ് മനോരമ ന്യൂസിനോട് പറഞ്ഞു. വാര്‍ത്ത സൃഷ്ടിക്കാന്‍ മാത്രമുള്ള ശ്രമം ആണെങ്കില്‍ പിന്തുണയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ കെ.ടി.ജലീല്‍ പോര്‍ട്ടല്‍ തുടങ്ങിയതും പി.വി.അന്‍വര്‍ വാട്സ്ആപ്പ് തുടങ്ങിയതും അംഗീകരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ അദ്ദേഹം പിവി അന്‍വര്‍- കെടി ജലീല്‍ - കാരാട്ട് റസാഖ് കോക്കസ് ഇല്ലെന്നും ഒരു കൂടിയാലോചനയും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ലെന്നും എഡിഡിപി-ആര്‍എസ്എസ് ജന. സെക്രട്ടറി കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നും പറഞ്ഞു. കൂടിക്കാഴ്ച വ്യക്തിപരം ആണെങ്കില്‍ പ്രശ്നമില്ല. കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയം ഉണ്ടോ എന്ന് പരിശോധിക്കണം കാരാട്ട് റസാഖ് പറഞ്ഞു.