മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കണ്ണൂര്‍ പാര്‍ട്ടിയുടെ ചുമതല നല്‍കി സിപിഎം; കെകെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി; മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദം രാഗേഷ് ഒഴിയും; ജില്ലാ കമ്മറ്റിയില്‍ ഉയര്‍ന്നത് പിണറായിയുടെ വിശ്വസ്തന്റെ പേര് മാത്രം; എംവിയ്ക്ക് ഇനി തിരുവനന്തപുരത്ത് പാര്‍ട്ടി ചുമതല; കണ്ണൂരിലെ നേതൃമാറ്റത്തിലും നിറയുന്നത് പിണറായി കരുത്ത്
കണ്ണൂര്‍; മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്താനയ കെകെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് മുന്‍ എംപി കൂടിയായ രാഗേഷ്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ താക്കോല്‍ സ്ഥാനത്ത് മാറ്റം അനിവാര്യമാകും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എം വി ജയരാജന് പകരമാണ് രാഗേഷ് എത്തുന്നത്. രാവിലെ തുടങ്ങിയ ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.
സമ്മേളനത്തിനുശേഷം ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിച്ചിരുന്നില്ല. തളിപ്പറമ്പ് ജില്ലാ സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുത്ത എം വി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടം പിടിച്ചതിനെ തുടര്‍ന്നാണ് കണ്ണൂരില്‍ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ രാഗേഷും എം പ്രകാശന്‍ മാസ്റ്ററുമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പ്രധാനമായും പരിഗണിക്കപ്പെട്ടത്. ഇതില്‍ മുഖ്യമന്ത്രി പിണറായിയുടെ പിന്തുണ രാഗേഷിനെ തുണച്ചു. രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കും. എംവി ജയരാജന് തിരുവനന്തപുരത്ത് സിപിഎം സെന്ററില്‍ ചുമതലകളും കിട്ടും. ഇതോടെ കണ്ണൂരില്‍ പൂര്‍ണ്ണമായും പുതിയ നേതൃത്വം കാര്യങ്ങള്‍ നിയന്ത്രിക്കും.
ജില്ലാ സമ്മേളനത്തില്‍ എം വി ജയരാജന്‍ സെക്രട്ടറി പദം ഒഴിയുമെന്നും കെ കെ രാഗേഷിനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കെ കെ രാഗേഷ് സെക്രട്ടറിയായി വരുന്നതിനെതിരെ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നീക്കം വേണ്ടെന്ന് വെച്ചതെന്നും സൂചനകളുണ്ടായിരുന്നു. എം വി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് വരുമെന്നും കെ കെ രാഗേഷ് ജില്ലാ സെക്രട്ടറിയായി വരുമെന്നും അന്ന് തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതാണ് സമ്മേളന ശേഷം സാധ്യമാകുന്നത്. മുഖ്യമന്ത്രിയുടെ താല്‍പ്പര്യമാണ് ഇതിനെല്ലാം വഴിയൊരുക്കുന്നതും.
സംസ്ഥാന സമ്മേളനം എം പ്രകാശന്‍ മാസ്റ്ററെ സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് പരിഗണിച്ചതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എം പ്രകാശന്റെ പേര് കൂടി ചര്‍ച്ചയിലേയ്ക്ക് വന്നു. നേരത്തെ ടി വി രാജേഷിന്റെ പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് കേട്ടിരുന്നു. എം വി ജയരാജന്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിച്ചപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല ടി വി രാജേഷിന് നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടി വി രാജേഷ് നേതൃത്വത്തിന് പഴയത് പോലെ സ്വീകാര്യനല്ല.
വിഭാഗീയത രൂക്ഷമായ പയ്യന്നൂരില്‍ ഏരിയാ സെക്രട്ടറിയുടെ ചുമതല നല്‍കിയ ഘട്ടത്തില്‍ ടി വി രാജേഷ് വിഷയത്തില്‍ കൃത്യമായി ഇടപെട്ടില്ല എന്ന വിലയിരുത്തല്‍ നേതൃത്വത്തിനുണ്ട്. ഇതാണ് ടി വി രാജേഷിന് വിനയായ തെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ലഭിക്കുന്ന വിവരം. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി. ശശി, എന്‍. ചന്ദ്രന്‍, പനോളി വത്സന്‍ എന്നിവരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ച പേരുകളാണ്. മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂരിലെ ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുത്തു. അതുകൊണ്ട് തന്നെ രാഗേഷിനെ അതിവേഗം സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു.
രാജ്യസഭാ എം പി ആയിരിക്കെ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കെ കെ രാഗേഷ് നടത്തിയത്. ഡല്‍ഹിയില്‍ കര്‍ഷകസമരം ഉള്‍പ്പടെ അനേകം പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ മികച്ച പ്രകടനം നടത്തിയ രാഗേഷിന് രാജ്യസഭയില്‍ വീണ്ടും ഒരവസരം നല്‍കണമെന്ന് സി പി എം കേന്ദ്രനേതൃത്വം ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ മുഖ്യമന്ത്രിയുടെ ടീമില്‍ സുപ്രധാന സ്ഥാനം നല്‍കിയാണ് കെ കെ രാഗേഷിനെ തിരുവനന്തപുരത്തേക്ക് എത്തിച്ചത്. ആ പ്രവര്‍ത്തനത്തിലൂടെ പിണറായിയുടെ അതിവിശ്വസ്തനായി മാറി. അതുകൊണ്ടാണ് നിര്‍ണ്ണായക ഘട്ടത്തില്‍ കണ്ണൂരിലെ സെക്രട്ടറി സ്ഥാനം രാഗേഷിന് കിട്ടുന്നത്.
കണ്ണൂര്‍ കാഞ്ഞിരോട്ടെ സി. ശ്രീധരന്റെയും കര്‍ഷക തൊഴിലാളിയായ കെ കെ യശോദയുടെയും മകനാണ് കെ കെ രാഗേഷ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്. എസ്.എഫ്.ഐയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായ ആദ്യ മലയാളിയായിരുന്നു. എസ്.എഫ്.ഐ.യുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചുകൊണ്ടാണ് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യ നേതൃത്വത്തിലേക്കും രാഗേഷ് ഉയര്‍ന്നുവന്നത്. 2015 ഏപ്രിലില്‍ നടന്ന രാജ്യസഭയില്‍ എത്തി. 'സ്വാശ്രയ നിയമം- പ്രതീക്ഷയും പ്രതിരോധവും' എന്ന പേരില്‍ ഒരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. പ്രിയ വര്‍ഗീസാണ് ഭാര്യ.