കോണ്‍ഗ്രസ് വിജയിച്ച 36 ഡിവിഷനുകളില്‍ 18 ഡിവിഷനുകളിലും ലത്തീന്‍ സമുദായക്കാര്‍; ലത്തീന്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തി മേയറായി വരണമെന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നു; ആഗ്രഹം പാര്‍ട്ടിയുടെ മുന്‍പില്‍ സമുദായം വെച്ചിട്ടുണ്ട്; കൊച്ചി മേയര്‍ തിരഞ്ഞെടുപ്പില്‍ നിലപാട് പരസ്യമായി പറഞ്ഞ് ലത്തീന്‍ സഭ; സീനിയോരിറ്റി വെച്ച് ദീപ്തി മേരി വര്‍ഗീസിനേ മേയറാക്കായിലും 'ടേം വ്യവസ്ഥ'ക്ക് സാധ്യത

കോണ്‍ഗ്രസ് വിജയിച്ച 36 ഡിവിഷനുകളില്‍ 18 ഡിവിഷനുകളിലും ലത്തീന്‍ സമുദായക്കാര്‍

Update: 2025-12-18 07:03 GMT

കൊച്ചി: കൊച്ചി മേയര്‍ ആരാകുമെന്ന ആകാംക്ഷ വര്‍ധിപ്പിച്ചു കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ലത്തീന്‍ സഭ. കൊച്ചി കോര്‍പ്പറേഷനില്‍ ലത്തീന്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് സഭ പരസ്യ പ്രതികരണവുമായി രംഗത്തുവന്നു. സമുദായത്തില്‍ നിന്നുള്ള ഒരാളെ മേയറാക്കണമെന്നും കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംഘടനയുടെ വൈസ് പ്രസിഡന്റായ ജോസഫ് ജൂഡാണ് ഈ ആവശ്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി ഉന്നയിച്ചു രംഗത്തുവന്നത്.

കോണ്‍ഗ്രസ് മത്സരിച്ചു വിജയിച്ച 36 ഡിവിഷനുകളില്‍ 18 എണ്ണം ലത്തീന്‍ വിഭാഗത്തിന് സ്വാധീനമുള്ള മേഖലകളാണെന്ന് ചൂണ്ടിക്കാട്ടിയാണ് സഭയുടെ അവകാശവാദം. ഷൈനി മാത്യൂ, മിനിമോള്‍ വി.കെ എന്നിവരില്‍ ഒരാളെ മേയറായി പരിഗണിക്കണം എന്നാണ് ആവശ്യം. ജോസഫ് ജൂഡിന്റെ വാക്കുകള്‍ ഇങ്ങനെ:

'കൊച്ചി കോര്‍പ്പറേഷനിലേക്കുള്ള മേയര്‍ തിരഞ്ഞെടുപ്പില്‍ ലത്തീന്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തി മേയറായി നഗരസഭയുടെ ചുമതലക്കാരനായി വരണമെന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്ന, ഞങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു യാത്ഥാര്‍ത്ഥ്യമാണ്. 76 ഡിവിഷനുകളില്‍ 36 ഡിവിഷന്‍സിലാണ് കോണ്‍ഗ്രസ് ജയിച്ചിരിക്കുന്നത്. അതില്‍ 18 ഡിവിഷന്‍സ്, അതായത് 39 ശതമാനം പേരും ഈ സമുദായത്തിന്റെ ഏരിയകളില്‍ നിന്നാണ് ജയിച്ചു വന്നിട്ടുള്ളത്. സ്വാഭാവികമായും ഈ ഭരണത്തില്‍ ഒരു പങ്കാളിത്തം എന്ന് പറയുന്നത് അത് ജനാധിപത്യത്തിന്റെ സവിശേഷതയായിട്ട് കണക്കാക്കാവുന്നതാണ്. അതുകൊണ്ടാണ് ഈ മേയര്‍ സ്ഥാനത്തേക്ക് ലത്തീന്‍ സമുദായത്തില്‍ നിന്നുള്ള ഒരു കൗണ്‍സിലറെ നിയോഗിക്കണം എന്ന ഒരു ആവശ്യം, ആഗ്രഹം പാര്‍ട്ടിയുടെ മുന്‍പില്‍ സമുദായം വെച്ചിട്ടുള്ളത്.'

ലത്തീന്‍സഭ മുന്നോട്ടു വെച്ച പേരുകളില്‍ ഷൈനി മാത്യുവിന് വേണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കളിലെ തന്നെ ചിലര്‍ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ ദീപ്തി മേരി വര്‍ഗീസിനാണ് പാര്‍ട്ടി നിലവില്‍ മുന്‍ഗണന നല്‍കുന്നത്. സംഘടനയിലെ ഉയര്‍ന്ന പദവി പരിഗണിച്ചാണ് ഈ തീരുമാനം. എന്നാല്‍, ദീപ്തിയോട് താല്പ്പര്യമില്ലാത്തവര്‍ ഇത് അട്ടിമറിക്കാന്‍ സജീനമായി കളത്തിലുണ്ട്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പു കൂടിയുള്ള പശ്ചാത്തലത്തില്‍ ലത്തീന്‍ സഭയുടെ ആവശ്യം കോണ്‍ഗ്രസ് പൂര്‍ണ്ണമായും തള്ളിയേക്കില്ല.

സമ്മര്‍ദ്ദം ശക്തമായാല്‍ ടേമിന്റെ അടിസ്ഥാനത്തില്‍ നിന്നും മേയര്‍ സ്ഥാനം വീതംവെക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്. അങ്ങനെ ധാരണയായാല്‍ ദീപ്തി മേരി വര്‍ഗീസ് തന്നെ ആദ്യം മേയറാകും, രണ്ടാം ടേമില്‍ ഷൈനിക്കോ മിനിക്കോ സാധ്യതയുണ്ട്. ലത്തീന്‍ സഭയുടെ ഔദ്യോഗിക സംഘടനയായ കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പരസ്യമായി രംഗത്തു വന്നതു കൊണ്ട് തന്നെ കോണ്‍ഗ്രസിന് പൂര്‍ണമായും അവഗണിക്കാനും സാധിക്കില്ല.

ദീപ്തി ഈ പദവിയിലേക്ക് എത്തുന്നതിന് ചില നേതാക്കളുടെ വ്യക്തിതാല്പര്യങ്ങള്‍ എതിരാകുന്നുണ്ട്. ഇവരാണ് എറണാകുളം ജില്ലയിലെ സാമുദായിക സമവാക്യങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയുടെ ഉള്‍പ്പെടെ തീരമേഖലയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. മേയറെ നിശ്ചയിക്കുമ്പോള്‍ ഇക്കാര്യം പരിഗണിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ വാദിക്കുന്നു.

സാമുദായിക പരിഗണനയും രാഷ്ട്രീയത്തിലെ സീനിയോറിറ്റിയും ഗ്രൂപ്പുകളുടെ സ്വാധീനവുമെല്ലാം പരിഗണിച്ചാകും മേയറെ തീരുമാനിക്കുക. മേയര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നായാല്‍ ഡപ്യൂട്ടി മേയറുടെ കാര്യത്തില്‍ സാമുദായിക സന്തുലനം പാലിക്കേണ്ടിവരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സമവായ ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ഭൂരിപക്ഷ സമുദായത്തില്‍ നിന്നുള്ള കെ.വി.പി.പി കൃഷ്ണകുമാറിനെ ഡെപ്യൂട്ടി മേയറായി പരിഗണിക്കാനും നീക്കമുണ്ട്. ഡപ്യൂട്ടി മേയറെ കണ്ടെത്തുകയെന്നതും പാര്‍ട്ടിക്കു തലവേദനയാണ്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സന്‍മാരെ കണ്ടെത്തുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നിലുള്ള മറ്റൊരു തലവേദന. ജനറല്‍ വിഭാഗത്തില്‍ ഇത്തവണയുള്ളത് ടാക്‌സ്അപ്പീല്‍, പൊതുമരാമത്ത്, ക്ഷേമകാര്യം എന്നീ 3 കമ്മിറ്റികള്‍ മാത്രമാണ്.

ഇതുകൊണ്ട് എങ്ങനെ ഒട്ടേറെ മുതിര്‍ന്ന നേതാക്കളെ തൃപ്തിപ്പെടുത്തും എന്ന വെല്ലുവളിയും പാര്‍ട്ടി നേതൃത്വത്തിനു മുന്നിലുണ്ട്. നഗരാസൂത്രണം, വികസനം, ആരോഗ്യം, വിദ്യാഭ്യാസംകായികം കമ്മിറ്റികള്‍ ഇത്തവണ വനിതാ സംവരണമാണ്. നേതാക്കള്‍ പലരും എം.പിമാരായതിനാല്‍ ഡല്‍ഹിയിലാണ്. അവര്‍ തിരികെ എത്തിയ ശേഷം ഡി.സി.സി നേതൃയോഗവും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേര്‍ന്ന് കെ.പി.സി.സിയുടെ അനുമതിയോടെ അന്തിമ തീരുമാനമെടുക്കും.

Tags:    

Similar News