കോട്ടാങ്ങല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നടന്നത് വിചിത്രമായ കാര്യങ്ങളെന്ന്; നറുക്കുവീണയാള്‍ക്ക് പകരം എതിര്‍ സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചു; കോണ്‍ഗ്രസ്-ബിജെപി അന്തര്‍ധാര സജീവം; പരാതി നല്‍കുമെന്ന് എസ്ഡിപിഐ
കോട്ടാങ്ങല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിചിത്രമായ കാര്യങ്ങള്‍
പത്തനംതിട്ട: കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വരണാധികാരി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ചട്ടം ലംഘിച്ചതായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ്. മുഹമ്മദ് അനീഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു നാമനിര്‍ദേശങ്ങളാണ് വന്നത്. അതില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ യുഡിഎഫ്-അഞ്ച്, ബിജെപി-അഞ്ച്, എസ്ഡിപിഐ-മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. മൂന്ന് നാമനിര്‍ദേശങ്ങളില്‍ രണ്ടെണ്ണം സമനില വന്നാല്‍, ഏറ്റവും വോട്ട് കുറഞ്ഞ കക്ഷിയെ മാറ്റിനിര്‍ത്തി വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതാണ് രീതി. എന്നാല്‍, കോട്ടാങ്ങല്‍ പഞ്ചായത്തില്‍ രണ്ടാമതൊരു തെരഞ്ഞെടുപ്പ് നടന്നില്ല. നേരെ നറുക്കെടുപ്പിലേക്ക് കടക്കുകയായിരുന്നു. ഇത് തെരഞ്ഞെടുപ്പ് ചട്ടവിരുദ്ധമാണ്. മറ്റൊരു ഗുരുതരമായ വീഴ്ച വരുത്തിയത് നറുക്കെടുപ്പിലാണ്. സാധാരണ നിലയില്‍ രണ്ട് പേരുകളിലെ നറുക്കെടുപ്പാണെങ്കില്‍ നറുക്കെടുക്കപ്പെടുന്നയാളാണ് വിജയിയാകേണ്ടത്. അങ്ങനെയാണെങ്കില്‍ കോട്ടാങ്ങല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടിയിരുന്നത്.
എന്നാല്‍ റിട്ടേണിങ് ഓഫീസര്‍ നറുക്കെടുക്കപ്പെട്ട ആളെ ഒഴിവാക്കുകയാണ് ചെയ്തത്. ഇത് ചട്ടവിരുദ്ധമാണെന്ന് കോണ്‍ഗ്രസിന് അറിയാത്തതല്ല. മറിച്ച് ബിജെപിയുമായുള്ള ധാരണയിലാണ് പരാതി കൊടുക്കാന്‍ പോലും കോണ്‍ഗ്രസ് തയാറാകാത്തത്. ഈ വിഷയത്തില്‍ എസ്ഡിപിഐ നിയമപരമായി മുന്നോട്ടുപോകും. ജില്ലാ വരണാധികാരിക്ക് പരാതി നല്‍കിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസറെ കൂട്ടുപിടിച്ച് നടത്തിയ ബിജെപി യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ തിരിച്ചറിയണം. ജനാധിപത്യപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ജില്ല വര്‍ണാധികാരിയില്‍ നിന്ന് നീതിപൂര്‍വമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ ഈ നടപടിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനം.
ചട്ടവിരുദ്ധമായി നടത്തിയ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എസ് മുഹമ്മദ് അനീഷ് ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം ഷാനവാസ് പേഴുംകാട്ടില്‍, കോട്ടാങ്ങല്‍ പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അനസ് മുഹമ്മദ് എ ഐ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
