വിവാദങ്ങളില്‍ ചാടിയെങ്കിലും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി സിപിഎം ഒരുങ്ങുമ്പോള്‍ പ്രതിരോധം അനിവാര്യമെന്ന് വിലയിരുത്തല്‍; സിപിഎം കേഡറിനോട് കിടപിടിക്കുന്ന വിധത്തില്‍ സൈബര്‍ സേനയെ ശക്തിപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

വിവാദങ്ങളില്‍ ചാടിയെങ്കിലും കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ്

Update: 2025-09-20 08:32 GMT

കോട്ടയം: തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് സര്‍ക്കാറും സിപിഎം സംവിധാനങ്ങളും മുന്നോട്ടു പോകുകയാണ്. യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന വിധത്തിലാണ് സിപിഎമ്മിന്റെ നീക്കങ്ങള്‍. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള പി ആര്‍ ശ്രമങ്ങളും നടക്കുന്നുണ്ട്. ഇങ്ങനെ ആളും അര്‍ത്ഥവുമായി സിപിഎം തെരഞ്ഞെടുപ്പു പാതയിലേക്ക് നീങ്ങുമ്പോള്‍ കോണ്‍ഗ്രസില്‍ നേതൃതലത്തില്‍ തന്നെ പരിഹരിക്കാന്‍ പ്രശ്‌നങ്ങളുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഇക്കാര്യം വ്യക്തമായതാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ വി ഡി സതീശന്‍ പൂര്‍ണമായും തള്ളിയപ്പോള്‍ ആ നിലപാടിനെതിരെ സൈബറിടത്തിലും പ്രതിഷേധങ്ങളുണ്ട്. പിന്നാലെ കൂടുതല്‍ നേതാക്കള്‍ രാഹുലിനെ പിന്തുണച്ചു രംഗത്തുവന്നു. അതുകൊണ്ടാണ് രാഹുല്‍ നിയമസഭയില്‍ എത്തിയതും. അടുത്ത ഘട്ടത്തില്‍ പാലക്കാട് മണ്ഡലത്തിലേക്കിറങ്ങാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

ഇതിനിടെ തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍കണ്ട് സൈബറിടത്തെ ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. സമീപകാലത്ത് വിവാദങ്ങളില്‍ നിറഞ്ഞെങ്കിലും സിപിഎമ്മിനെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസിന്‍രെ സൈബര്‍ സേനയ്ക്ക് കൃത്യമായ റോളുണ്ടെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ കെപിസിസി ഡിജിറ്റല്‍ സെല്ലിനെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഒരുങ്ങുന്നത്. നിലവിലുള്ള പുഴുക്കുത്തുകളെ നീക്കി കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ട്.

പാര്‍ട്ടിയുടെ ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചുമതല വി.ടി.ബല്‍റാം അടക്കമുള്ള അഞ്ചംഗ സമതിക്കാണ്. പ്രതിപക്ഷ നേതാവിനെതിരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ അന്വേഷണം നടത്തുന്നും ഈ സമതിയാണ്. കൂതാടെ സമൂഹ മാധ്യമ ഇടപെടല്‍ കൂടതല്‍ ശക്തിപ്പെടുത്തി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനു വേണ്ട നിര്‍ദ്ദേശം സമിതി സമര്‍പ്പിക്കും.

കെപിസിസി ഭാരവാഹികളായ എം.ലിജു, പഴകുളം മധു, പി.എം.നിയാസ്, ദീപ്തി മേരി വര്‍ഗീസ് എന്നിവരാണ് ബല്‍റാം നയിക്കുന്ന സമിതിയിലെ അംഗങ്ങള്‍. പ്രതിപക്ഷ നേതാവ് പരാതി നല്‍കിയപ്പോള്‍ വിഷയം പരിശോധിക്കാന്‍ ദീപാ ദാസ് മുന്‍ഷി ഡിജിറ്റല്‍ വിഭാഗത്തിലെ ചുമതലക്കാരെ കണ്ടിരുന്നു. കൂടുതല്‍ ശക്തിപ്പെടുത്തി സിപിഎമ്മിനെ ചെറുക്കാനുള്ള വഴിതേടണമെന്നാണ് മുന്‍ഷി നിര്‍ദേശിച്ചത്. ഇതുമായി മുന്നോട്ടു പോകുകയാണ് ഡിജിറ്റല്‍ സെല്‍. തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി സിപിഎം ഒരുങ്ങുമ്പോള്‍ പ്രതിരോധം അനിവാര്യമെന്ന് വിലയിരുത്തല്‍. ഈ ബോധ്യം കോണ്‍ഗ്രസ് അണികള്‍ക്കുമുണ്ട്.

ഇതിനിട യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കമ്മിറ്റി ദേശീയ നേതൃത്വം പിരിച്ചുവിട്ടെന്ന വിധത്തില്‍ വാര്‍ത്തകള്‍ വന്നെങ്കിലും അത്തരമൊരു മറ്റമ്മറ്റി യൂത്ത് കോണ്‍ഗ്രസില്‍ സജീവമായിരുന്നില്ല. കെപിസിസിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്‍െ സൈബര്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ മാങ്കൂട്ടം അധ്യക്ഷനായ ശേഷം യൂത്തിന് സൈബര്‍ വിഭാഗം പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് വിവരം.

അതേസമയം തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നെന്ന പ്രതിപക്ഷ നേതാവിന്‍െ പരാതി കെപിസിസി അന്വേഷിക്കുന്നുണ്ട്. രാഹുലിന് എതിരായ ലൈംഗികാരോപണങ്ങളില്‍ സതീശന്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് അധിക്ഷേപങ്ങളും പരിഹാസങ്ങളും വ്യാപകമായത്. 25 വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും നേതൃത്വത്തിനു മുന്‍പാകെ സതീശന്‍ കൈമാറിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നുമ്പോഴും സൈബറിടത്തില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

സമീപകാലത്ത് കോണ്‍ഗ്രസിനെ ശക്തമായി പ്രതിരോധിച്ചിരുന്നത് സൈബറിടത്തിലാണ്. പാര്‍ട്ടി പരിപാടികള്‍ ദൈനംദിനം നടക്കാത്ത അവസ്ഥയില്‍ പോലും സൈബറിടത്തില്‍ കോണ്‍ഗ്രസുകാര്‍ സജീവമയിരുന്നു. സിപിഎമ്മിന്റെയും സര്‍ക്കാറിന്റെയും ഇരട്ടത്താപ്പുകള്‍ പലതവണ തുറന്നു കാണിക്കുകയും ചെയ്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനാണ് കെപിസിസിയുടെ നീക്കം.

പാര്‍ട്ടി കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരിയില്‍ കേരളത്തില്‍ കൂടുതല്‍ സജീവമാകും. തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ബിജെപിയുടെയും ഗൂഢാലോചനയും തുറന്നുകാട്ടുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ ആദ്യവാരം കോഴിക്കോട് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിക്കാനും കെപിസിസി ഭാരവാഹി യോഗം തീരുമാനിച്ചിട്ടുണ്ട്.

എഐസിസി നിര്‍ദ്ദേശ പ്രകാരം വാര്‍ഡ് തലത്തില്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് ചോര്‍, ഗഡ്ഡി ഛോഡ് സിഗ്നേച്ചര്‍ ക്യാംപയിന്‍ നടത്താനും തീരുമാനിച്ചു. കെപിസിസി ആഹ്വാന പ്രകാരം വാര്‍ഡ് തലത്തില്‍ നടന്നുവരുന്ന ഗൃഹസന്ദര്‍ശനവും ഫണ്ട് ശേഖരണവും സെപ്റ്റംബര്‍ 30 വരെ നീട്ടി. ഡിസിസി നേതൃയോഗങ്ങള്‍ സെപ്റ്റംബര്‍ 20 നുള്ളില്‍ പൂര്‍ത്തിയാക്കും. മണ്ഡല അവലോകന യോഗം ഈമാസം തന്നെ നടക്കും.

Tags:    

Similar News