നേതൃമാറ്റ ആവശ്യത്തില്‍ നേതാക്കള്‍ രണ്ട് തട്ടില്‍; കെ സുധാകരനെ മാറ്റുന്നെങ്കില്‍ സതീശനും മാറട്ടെയെന്ന നിലപാടില്‍ ഒരു വിഭാഗം നേതാക്കള്‍; സംയുക്ത വാര്‍ത്ത സമ്മേളനവും നടക്കാതെ വന്നതോടെ ഐക്യനീക്കം പാളി; ഒപ്പമെന്ന് കരുതിയ നേതാക്കളും വിമര്‍ശിച്ചതോടെ ഞെട്ടി പ്രതിപക്ഷ നേതാവ്; കോണ്‍ഗ്രസ് പിണറായിക്ക് മൂന്നാമൂഴം ഒരുക്കുമോ?
നേതൃമാറ്റ ആവശ്യത്തില്‍ നേതാക്കള്‍ രണ്ട് തട്ടില്‍
തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ തമ്മിലടി പിണറായി വിജയന്‍ മൂന്നാമൂഴം ഒരുക്കുമോ എന്ന ആശങ്കയിലാണ് യുഡിഎഫ് അണികള്‍. കോണ്‍ഗ്രസില്‍ നേതാക്കള്‍ പരസ്പ്പരം പാരവെച്ച് മുന്നോട്ടു പോകുുകയാണ്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും രണ്ടു തട്ടുകളിലായി നിലകൊള്ളുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ച ഐക്യനീക്കവും പാളുകയാണ്. സംയുക്ത വാര്‍ത്താസമ്മേളനവും പാളിയതോടെ കോണ്‍ഗ്രസില്‍ മുന്നോട്ടു പോക്ക് വലിയ പ്രതിസന്ധിയിലാണ്.
കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തും നിന്നും മാറ്റണമെന്ന കടുംപിടുത്തത്തിലാണ് വി ഡി സതീശന്‍. അതിന് കളമൊരുക്കിയപ്പോഴെല്ലാം അത് ലക്ഷ്യം കണ്ടില്ല. ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്നതാണ് സതീശന്റെ നിലപാട്. അതേസമയം കെപിസിസി അധ്യക്ഷനെ മാറ്റുന്നെങ്കില്‍ പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. ഒരു വിഭാഗം നേതാക്കള്‍ സതീശന്റെ ഒറ്റയാന്‍ ലൈനില്‍ കടുത്ത അതൃപ്തരാണ്. ഇവരാണ ഈ ആവശ്യം മുന്നോട്ടുവെക്കുന്നത്.
അതേസമയം നേതൃമാറ്റ ചര്‍ച്ചക്ക് തുടക്കമായിട്ടുണ്ട്. എ.ഐ.സി.സി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷി സംസ്ഥാന നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, ബെന്നി ബഹ്‌നാന്‍ എം.പി, വി.എസ്. ശിവകുമാര്‍, അഡ്വ. സണ്ണി ജോസഫ്, എന്‍. സുബ്രഹ്‌മണ്യന്‍ തുടങ്ങിയവരെയാണ് അവര്‍ കണ്ടത്. ചൊവ്വാഴ്ച അവര്‍ കൂടുതല്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റായി തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് പോകാന്‍ കഴിയുമോ, വി.ഡി. സതീശന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പ്രവര്‍ത്തനം തൃപ്തികരമോ എന്നിവയാണ് ദീപാദാസ് മുന്‍ഷി ആരാഞ്ഞത്. നീണ്ട ഇടവേളക്കുശേഷം ഞായറാഴ്ച നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ഇടപെടല്‍. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും തമ്മിലുള്ള ഭിന്നത പുറത്തുവരുന്നതും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള കരുനീക്കങ്ങളും പാര്‍ട്ടിയുടെ സാധ്യതകളെ നശിപ്പിക്കുന്നതാണെന്ന് മുതിര്‍ന്ന നേതാക്കളടക്കം അഭിപ്രായപ്പെട്ടിരുന്നു.
കെ.പി.സി.സിയുടെയും പ്രതിപക്ഷത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളില്‍നിന്ന് ലഭിച്ച മോശം അഭിപ്രായങ്ങള്‍ യോഗത്തില്‍ പങ്കുവെച്ച ദീപാദാസ് മുന്‍ഷി, യോജിച്ച് മുന്നോട്ടുപോകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഐക്യമില്ലാത്ത സംവിധാനത്തിനൊപ്പം നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും പദവി ഒഴിയാന്‍ തയാറാണെന്നും അവര്‍ രാഷ്ട്രീയകാര്യസമിതിയില്‍ തുറന്നടിച്ചിരുന്നു. ഇതനുസരിച്ച് തിങ്കളാഴ്ച കെ. സുധാകരനും വി.ഡി. സതീശനും സംയുക്ത വാര്‍ത്ത സമ്മേളനം നടത്തി ഐക്യസന്ദേശം നല്‍കാന്‍ ധാരണയായി. എന്നാല്‍, യോഗം പിരിഞ്ഞതോടെ ഐക്യം വഴിമാറി. ഇരുവരും തലസ്ഥാനത്തുണ്ടായിട്ടും വാര്‍ത്തസമ്മേളനം മാറ്റി.
നേതൃമാറ്റ ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പുതിയ അലയൊലികള്‍ സൃഷ്ടിക്കുന്നുണ്ട്. നേതാക്കളുമായുള്ള വ്യക്തിഗത കൂടിക്കാഴ്ചയില്‍ ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് ദീപാദാസ് മുന്‍ഷി ഹൈകമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. നേതൃമാറ്റത്തില്‍ ഇത് നിര്‍ണായകമാകുമെന്നാണ് വിവരം. ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സുധാകരന്‍ മാറണമെന്ന അഭിപ്രായം പലരും മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍, സാമുദായിക പ്രാതിനിധ്യം പാലിച്ച് പകരം ആരെന്ന ചോദ്യത്തിന് നേതാക്കള്‍ പലതട്ടിലാണ്. അതാണ് നേതൃമാറ്റ ചര്‍ച്ചകളില്‍ ഹൈകമാന്‍ഡിന് മുന്നിലെ പ്രധാന വെല്ലുവിളി. അതേസമയം സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിലനിര്‍്ത്തി കൊണ്ടുള്ള മാറ്റം മതിയെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.
ഇതിനിടെ പ്രതിപക്ഷനേതാവിന്റെ ശൈലിക്കെതിരെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉയര്‍ന്ന കടുത്ത കുറ്റപ്പെടുത്തലുകള്‍ ഹൈക്കമാന്‍ഡിന് മുന്നിലെ പുതിയ പ്രതിസന്ധിയാണ്. സതീശനെതിരെ രൂക്ഷ വിമര്‍ശനമാണ് മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചത്. തനിക്കൊപ്പമെന്ന് സതീശന്‍ കരുതിയവരും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇതിന്റെ ഞെട്ടലിലാണ് സതീശന്‍. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സുധാകരന്‍ മാറണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. പക്ഷെ മാറിയാല്‍ പകരം ആരെന്ന ചോദ്യമടക്കം പ്രശ്‌നം. പൊതു വികാരത്തിനനുസരിച്ചാകും എഐസിസി തീരുമാനം. അതിനിടെയാണ് സുധാകരനെ മാറ്റാന്‍ മുന്‍കയ്യെടുത്തിരുന്ന പ്രതിപക്ഷനേതാവിനെതിരായ കടുത്ത വിമര്‍ശനങ്ങള്‍.
ഗ്രൂപ്പുകള്‍ക്കതീതമായി ഉയര്‍ന്ന കുറ്റപ്പെടുത്തലുകള്‍ക്ക് ആസൂത്രണ സ്വഭാവമുണ്ടോ എന്ന സംശയം സതീശനുണ്ട്. വിമര്‍ശനങ്ങളില്‍ കടുത്ത അസ്വസ്ഥതയുണ്ട് സതീശന്. ശൈലി മാറ്റ ആവശ്യത്തിലും തീരുമാനമെടുക്കേണ്ടതാണ് എഐസിസിക്ക് മുന്നിലെ പുതിയ വെല്ലവിളി. പ്രസിഡന്റ് മാറിയാല്‍ പ്രതിപക്ഷനേതാവും മാറട്ടെ എന്ന നിലക്കും ചില നീക്കങ്ങള്‍ ശക്തമായിരിക്കയാണ്.
നേരത്തെ രാഷ്ട്രീയകാര്യ സമതി യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പിടിവലിയില്‍ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉണ്ടായത്. മുതിര്‍ന്ന നേതാവ് പി ജെ കുര്യനാണ് വിമര്‍ശനം തുടങ്ങിവെച്ചത്. മുഖ്യമന്ത്രി ആരാവണമെന്നതിനെ കുറിച്ചുള്ള ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
യോജിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. കെപിസിസി പുനഃസംഘടനയില്‍ വ്യക്തമായ നിലപാട് വേണമെന്നും നേതാക്കള്‍ പറഞ്ഞു. ചര്‍ച്ചകള്‍ നീട്ടികൊണ്ടുപോകരുത്. പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ കൂട്ടായ തീരുമാനം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കാന്‍ വയ്യെന്നും അഭിപ്രായമുണ്ടായി.