തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇതാദ്യമായി വനിതാ ചെയര്‍പേഴ്‌സണ്‍; പുതുചരിത്രം കുറിച്ചത് എസ്എഫ്‌ഐയുടെ ഫരിഷ്ത എന്‍ എസ്; മാര്‍ ഇവാനിയോസ് നിലനിര്‍ത്തി കെ എസ് യു
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇതാദ്യമായി വനിതാ ചെയര്‍പേഴ്‌സണ്‍
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ഒന്നര നൂറ്റാണ്ടിനിടെ ഇതാദ്യമായി വനിതാ ചെയര്‍പേഴ്സനെ തിരഞ്ഞെടുത്തു. എസ്എഫ്‌ഐ സ്ഥാനാര്‍ഥി ഫരിഷ്ത എന്‍എസ് ആണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരള സര്‍വകലാശാലക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ 77 ല്‍ 64 കോളേജുകളിലും എസ്എഫ്‌ഐ വിജയിച്ചു. എസ്എഫ്‌ഐക്ക് വന്‍ മേധാവിത്വമുളള യൂണിവേഴ്‌സിറ്റി കോളേജില്‍ ആദ്യമായാണ് വനിത ചെയര്‍പേഴ്‌സണനെ തെരെഞ്ഞെടുക്കുന്നത്.
1427 വോട്ടിലൂടെയാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്. കോഴ്‌ക്കോട് സ്വദേശിയായ ഫരിഷ്ത ബാലസംഘം ഫറോക്ക് ഏരിയ മുന്‍ പ്രസിഡന്റായിരുന്നു. കെഎസ്‌യു സ്ഥാനാര്‍ഥി എ എസ് സിദ്ധിയെ തോല്‍പ്പിച്ചാണ് ഫരിഷ്തയുടെ ജയം. മത്സരിച്ച മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ പ്രതിനിധികള്‍ മിന്നുന്ന വിജയം കരസ്ഥമാക്കി. 14 അംഗ പാനലില്‍ 9 സീറ്റിലേക്കും പെണ്‍കുട്ടികളായിരുന്നു എസ്എഫ്‌ഐക്കായി മത്സരിച്ചത്. കഴിഞ്ഞ യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് ശ്രമമെന്നും ഒന്നായി നിന്ന് കൂട്ടായ്മയിലൂടെ മുന്നോട്ട് പോവുമെന്നും ഫരിഷ്ത പ്രതികരിച്ചു.
എച്ച് എല്‍ പാര്‍വതിയാണ് വൈസ് ചെയര്‍പേഴ്‌സണ്‍. ആബിദ് ജാഫര്‍ (ജനറല്‍ സെക്രട്ടറി), ബി നിഖില്‍ (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), എസ് അശ്വിന്‍, എസ് എസ് ഉപന്യ (യുയുസിമാര്‍), പി ആര്‍ വൈഷ്ണവി (മാഗസിന്‍ എഡിറ്റര്‍), ആര്‍ ആര്‍ദ്ര ശിവാനി, എ എന്‍ അനഘ (ലേഡി റെപ്പ്), എ ആര്‍ ഇന്ത്യന്‍ (ഫസ്റ്റ് യുജി റെപ്പ്), എം എ അജിംഷാ (സെക്കന്‍ഡ് യുജി റെപ്പ്), വിസ്മയ വിജിമോന്‍ (തേര്‍ഡ് യുജി റെപ്പ്), എ എ വൈഷ്ണവി (ഫസ്റ്റ് പിജി റെപ്പ്), ആര്‍ അശ്വഷോഷ് (സെക്കന്‍ഡ് പിജി റെപ്പ്) എന്നിവരാണ് കോളേജ് യൂണിയന്‍ പ്രതിനിധികളായി വിജയിച്ചത്.
കോളേജില്‍ കെഎസ് യുവും മത്സരത്തിനുണ്ടായിരുന്നു. അതേസമയം, മാര്‍ ഇവാനിയോസ് കോളജ് കെഎസ്‌യു നിലനിര്‍ത്തി. കൊല്ലം ശ്രീ വിദ്യാധി രാജ കോളേജ് 20 വര്‍ഷങ്ങള്‍ക്ക് ശേഷവും കൊല്ലം ഫാത്തിമ കോളേജ് 13 വര്‍ഷങ്ങള്‍ക്കു ശേഷവും കെഎസ്‌യു പിടിച്ചെടുത്തു. ആലപ്പുഴ എസ്ഡി കോളേജില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ചെയര്‍മാന്‍, കൗണ്‍സിലര്‍ സ്ഥാനങ്ങളില്‍ കെഎസ്‌യു വിജയിച്ചു. തെരെഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം ചില കോളേജുകളിലും സംഘര്‍ഷം നടന്നു. പാങ്ങോട് മന്നാനിയ കൊളജില്‍ വിജയിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ വിജയാഹ്ലാദം നടത്തുന്നതിനിടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ പരിക്കേറ്റു. പുനലൂര്‍ എസ്എന്‍ കോളേജില്‍ എസ്എഫ്‌ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ ലാത്തി വീശി.