പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ദേവസ്വം മന്ത്രിയായിരുന്ന കോണ്‍ഗ്രസിലെ ആ ഉന്നത നേതാവ'! കളി തുടങ്ങിയത് 2004-ല്‍; സഭയില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടിയത് സത്യം പുറത്തുവരുന്നത് പേടിച്ച്; ഉണ്ണിക്കൃഷ്ണന്‍ പോറ്റി വിഷയത്തില്‍ ഒളിയമ്പുമായി പിണറായി

പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ദേവസ്വം മന്ത്രിയായിരുന്ന കോണ്‍ഗ്രസിലെ ആ ഉന്നത നേതാവ'!

Update: 2026-02-06 16:02 GMT

പത്തനംതിട്ട: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ പ്രവേശിപ്പിച്ചത് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന ഉന്നതനായ കോണ്‍ഗ്രസ് ദേശീയ നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കാനാണ് പ്രതിപക്ഷം ഒളിച്ചോടിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു. എല്‍ഡിഎഫ് മധ്യമേഖല വികസനമുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'പോറ്റിയെ ശബരിമലയില്‍ കയറ്റിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നാണ് പ്രചാരണം. പോറ്റി കയറിയത് 2004ലാണ്. അന്ന് ദേവസ്വം മന്ത്രി ആരായിരുന്നു? ഇന്നത്തെ ഉന്നതനായ കോണ്‍ഗ്രസ് ദേശീയ നേതാവ്. അന്നു മുതലാണ് എല്ലാ കളികളും കളിക്കാനുള്ള അവസരം പോറ്റിക്ക് ഉണ്ടാകുന്നത്. ഇതെല്ലാം ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കാനാണ് നിയമസഭയിലെ ചര്‍ച്ചയില്‍നിന്ന് പ്രതിപക്ഷം ഒളിച്ചോടിയത്''മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല അയ്യപ്പ സംഗമത്തിനു തൊട്ടുമുമ്പാണ് പോറ്റി ശബരിമലയിലെ പീഠം സംബന്ധിച്ച ആരോപണങ്ങളുമായി രംഗത്തെത്തിയത്. അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താനായിരുന്നു ഇത്. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ പീഠം പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ കണ്ടെത്തി. മറവിലുള്ള കുറ്റവാളികളെ പിടികൂടാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കുറ്റം ചെയ്ത ആരും രക്ഷപ്പെടില്ലെന്നും, ആര് എന്നത് പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതായും സര്‍ക്കാരിന്റെ കൈകള്‍ ശുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന് എയിംസ് അടക്കമുള്ള പദ്ധതികള്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്ര നേതാക്കളുടെ സംസാരം കേട്ടാല്‍ ഉടന്‍ പദ്ധതി ലഭിക്കുമെന്ന് തോന്നുമെങ്കിലും, അടുത്ത ബജറ്റ് പ്രഖ്യാപനത്തില്‍ അത് കാണില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണയും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ കണ്ടിട്ടും കേരളത്തിന് എയിംസ് അനുവദിച്ചില്ല. കേരളത്തില്‍ ഏത് പദ്ധതി വന്നാലും കോണ്‍ഗ്രസും ബിജെപിയും എതിര്‍ക്കുമെന്നും, കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം' ആയി മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഏത് അതിവേഗ റെയില്‍ പദ്ധതിയായാലും കേരളത്തിന് പ്രശ്‌നമല്ലെന്നും, പദ്ധതി നടപ്പിലായാല്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

Tags:    

Similar News