എനിക്കെതിരെ എന്തെങ്കിലും അച്ചടക്ക നടപടിയുമായി വന്നാൽ ഉണ്ടല്ലോ..; പിന്നെ ഇവിടെ പല പൊട്ടിത്തെറികളും നടക്കും; തൃശൂർ കോണ്‍‌ഗ്രസിനെ മുൾമുനയിൽ നിർത്തി ലാലി ജെയിംസ്

Update: 2025-12-26 08:58 GMT

തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കം കോൺഗ്രസിൽ പുതിയ തലത്തിലേക്ക് കടന്നു. തനിക്കെതിരെ അച്ചടക്ക നടപടിയെടുത്താൽ പാർട്ടിക്കെതിരെ നിർണായക വെളിപ്പെടുത്തലുകൾ നടത്തുമെന്ന് കൗൺസിലർ ലാലി ജെയിംസ് മുന്നറിയിപ്പ് നൽകി. മേയർ പദവി പാർട്ടി നേതൃത്വം പണത്തിന് വിറ്റെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും അവർ വ്യക്തമാക്കി.

നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പണവുമായി എഐസിസി നേതാക്കളെ സന്ദർശിച്ചാണ് പദവി നേടിയതെന്നാണ് ലാലി ജെയിംസിന്റെ പ്രധാന ആരോപണം. പണമില്ലാത്തതുകൊണ്ടാണ് തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതെന്നും അവർ കുറ്റപ്പെടുത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ദീപാദാസ് മുൻഷിയുമടക്കമുള്ള ഉന്നത നേതാക്കൾ തൃശൂരിലെ മേയറെ നിശ്ചയിക്കുന്നതിനെതിരെയും ലാലി ജെയിംസ് രൂക്ഷമായ വിമർശനമുയർത്തി. ഇത് താഴെത്തട്ടിൽ പ്രവർത്തിക്കുന്ന പ്രവർത്തകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും നാലോ അഞ്ചോ നേതാക്കളല്ല കോൺഗ്രസ് പാർട്ടിയെന്നും അവർ തുറന്നടിച്ചു.

ലാലി ജെയിംസിന്റെ ആരോപണങ്ങൾക്ക് പിന്നാലെ, ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കെപിസിസിയുടെ മാനദണ്ഡങ്ങൾ പാലിച്ച് താനാണ് മേയർ സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും ടാജറ്റ് വ്യക്തമാക്കി. എന്നാൽ, നടപടിയുണ്ടായാൽ സാമ്പത്തിക വിഷയങ്ങളടക്കം നിരവധി കാര്യങ്ങൾ പാർട്ടിക്കെതിരെ വെളിപ്പെടുത്താനുണ്ടെന്ന് ലാലി മറുപടി നൽകി. ദീർഘകാലം കോർപ്പറേഷനിൽ പ്രതിപക്ഷ നേതാവായിരുന്ന രാജൻ പല്ലനടക്കമുള്ളവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങളെക്കുറിച്ചും തുറന്നുപറയുമെന്നും അവർ സൂചിപ്പിച്ചു.

തന്റെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുമ്പോഴും, മേയർ ആരായാലും താൻ വോട്ട് ചെയ്യുക ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തന്നെയായിരിക്കുമെന്നും ലാലി ജെയിംസ് പറഞ്ഞു. എങ്കിലും, പാർട്ടിക്കുള്ളിലെ പണത്തിന്റെ സ്വാധീനത്തെക്കുറിച്ചും ചിലരുടെ പിടിവാശികളെക്കുറിച്ചുമുള്ള അവരുടെ വെളിപ്പെടുത്തലുകൾ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags:    

Similar News