കവടിയാറില്‍ ശബരിനാഥനെതിരെ ലോക്കല്‍ സെക്രട്ടറി സുനില്‍ കുമാര്‍; പേട്ടയില്‍ ജില്ലാ കമ്മിറ്റി അംഗം എസ്.പി. ദീപക്; ആര്യ രാജേന്ദ്രനും പി കെ രാജുവും മത്സരരംഗത്തില്ല; മൂന്ന് ഏരിയാ സെക്രട്ടറിമാര്‍ പട്ടികയില്‍; യുവാക്കള്‍ക്കൊപ്പം പരിചയസമ്പന്നര്‍ക്കും അവസരം; തലസ്ഥാനത്തെ പോരാട്ടം തീപാറുമെന്ന് ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക

തലസ്ഥാനത്തെ പോരാട്ടം തീപാറുമെന്ന് ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക

Update: 2025-11-10 12:11 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് നഗരസഭാ ഭരണം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ശക്തമായ നീക്കങ്ങളുമായി എല്‍ഡിഎഫ്. സിപിഎം പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ വ്യക്തമായി. നിലവിലെ മേയര്‍ ആര്യ രാജേന്ദ്രന്‍ ഇത്തവണ മത്സരരംഗത്തിനില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയിലും മേയര്‍ ഉണ്ടായിരുന്നില്ല. കോഴിക്കോടായതിനാലാണ് അവര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്ന് ജില്ലാ സെക്രട്ടറി വി. ജോയ് എം.എല്‍.എ അറിയിച്ചു.

93 വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. പൗണ്ട്കടവ്, വെങ്ങാനൂര്‍, ബീമാപള്ളി, കാലടി, ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം, കരമന, മേലാങ്കോട് എന്നിവിടങ്ങളില്‍ നാളെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും

70 സീറ്റുകളില്‍ സിപിഐ എം മത്സരിക്കും. 17 സീറ്റുകളില്‍ സിപിഐയും മൂന്ന് സീറ്റുകളില്‍ വീതം കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും മത്സരിക്കും. ജനതാദള്‍ എസ്- 2, ഐഎന്‍എല്‍- 1, കോണ്‍ഗ്രസ് എസ്- 1, എന്‍സിപി- 1, കേരള കോണ്‍ഗ്രസ് ബി- 1, ജനാധിപത്യ കേരള കോണ്‍ഗ്രസ്- 1, ജെഎസ്എസ്-1 എന്നിങ്ങനെയാണ് മറ്റ് ഘടകകക്ഷികളുടെ കക്ഷിനില.

തലസ്ഥാനത്തെ പോരാട്ടം തീപാറുമെന്ന് ഉറപ്പിച്ചത് സിപിഎം തങ്ങളുടെ ജില്ലാ കമ്മിറ്റി അംഗങ്ങളെയും, ഏരിയ സെക്രട്ടറിമാരെയുമടക്കം പല പ്രമുഖരെയും കളത്തിലിറക്കിയതോടെയാണ്. കവടിയാര്‍ ഡിവിഷനില്‍ കെ.എസ്. ശബരിനാഥനെതിരെ സി.പി.എം. ലോക്കല്‍ സെക്രട്ടറി സുനില്‍ കുമാര്‍ മത്സരിക്കുന്നു എന്നതാണ് സുപ്രധാന നീക്കം. നിലവിലെ മേയര്‍ ആര്യാ രാജേന്ദ്രനും ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിനും ഇത്തവണ മത്സരരംഗത്തേക്ക് അവസരം ലഭിച്ചില്ല. അതേസമയം, മൂന്ന് സി.പി.എം. ഏരിയാ സെക്രട്ടറിമാര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എസ്.പി. ദീപക് പേട്ടയില്‍ മത്സരിക്കും. കേരളാ കോണ്‍ഗ്രസ് (ബി) സ്ഥാനാര്‍ഥിയായി പൂജപ്പുര രാധാകൃഷ്ണന്‍ ജഗതിയില്‍ നിന്ന് ജനവിധി തേടും.

വഞ്ചിയൂരില്‍ വഞ്ചിയൂര്‍ ബാബു, ചാക്കയില്‍ ശ്രീകുമാര്‍, പുന്നയ്ക്കാമുഗളില്‍ ശിവജി ആര്‍.പി., കുന്നുകുഴിയില്‍ ബിനു ഐ.പി.,എന്നിവരെല്ലാം ശ്രദ്ധേയരായ സ്ഥാനാര്‍ത്ഥികളാണ്. കോണ്‍ഗ്രസും ബിജെപിയും നേരത്തെ പ്രമുഖരെ അണിനിരത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഎമ്മിന്റെയും ഈ നീക്കം. ഇത് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് കൂടുതല്‍ വാശിയേറിയതാക്കുമെന്നുറപ്പാണ്.

ഇത്തവണ യുവത്വത്തിനും പരിചയസമ്പന്നതയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ അണിനിരത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥികളില്‍ 30 വയസ്സില്‍ താഴെയുള്ള 13 പേരും, 40 വയസ്സില്‍ താഴെയുള്ള 12 പേരും ഉള്‍പ്പെടുന്നു. തിരുവനന്തപുരത്തിന്റെ ഇന്നത്തെ വികസനത്തിന് പിന്നില്‍ എല്‍ഡിഎഫിന്റെ ഭരണമാണെന്നും, വികസനത്തിന്റെ തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫിന്റെ വിജയം അനിവാര്യമാണെന്നും സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞു. തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും പുതിയ മേയര്‍ ആരായിരിക്കും എന്ന് തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ സി.പി.ഐ. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി. വിജയകുമാര്‍ എന്നിവരും പങ്കെടുത്തു.

Tags:    

Similar News