'മകളോട് മോശമായി പെരുമാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെപിസിസിക്ക് പരാതി നല്‍കിയിട്ടും രാഹുലിനെ സംരക്ഷിച്ചു; പെണ്‍കുട്ടി നല്‍കിയ പരാതി വി ഡി സതീശന്‍ പിതാവിനെ പോലെ പരിഹരിച്ചതാണ് പ്രശ്നമെന്ന് എം വി ഗോവിന്ദന്‍

'മകളോട് മോശമായി പെരുമാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെപിസിസിക്ക് പരാതി നല്‍കിയിട്ടും രാഹുലിനെ സംരക്ഷിച്ചു

Update: 2025-12-04 07:21 GMT

തിരുവനന്തപുരം: മകളോട് മോശമായി പെരുമാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെപിസിസിക്ക് പരാതി നല്‍കിയിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പരാതി നല്‍കിയ സമയത്ത് തന്നെയാണ് രാഹുലിനെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രധാന പദവിയില്‍ നേതൃത്വം എത്തിച്ചതെന്നും ഗോവിന്ദന്‍ പറഞ്ഞു. 'ക്രിമിനല്‍ക്കൂട്ടം മേയുന്ന കോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.

പെണ്‍കുട്ടി നല്‍കിയ പരാതി വി ഡി സതീശന്‍ പിതാവിനെപോലെ പരിഹരിച്ചതാണ് പ്രശ്നം. രാഹുലിനെ രക്ഷിച്ച് എടുക്കാനാണ് അങ്ങനെ ചെയ്തതെന്നും എം വി ഗോവിന്ദന്‍ ദേശാഭിമാനിയിലെ ലേഖനത്തില്‍ ആരോപിച്ചു. സോണിയ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും അതിജീവിത പരാതി നല്‍കിയിട്ടും കോണ്‍ഗ്രസ് നടപടി എടുക്കുന്നില്ല. രാഹുലിന്റെ കാമഭ്രാന്തിന് ഇരയായ മറ്റ് പെണ്‍കുട്ടികള്‍ പരാതിയുമായി വരാതിരിക്കാനാണ് അതിജീവിതക്ക് നേരെ സൈബര്‍ ആക്രമണം നടത്തുന്നത്. കഴുത്തോളം മാലിന്യത്തില്‍ മുങ്ങിനില്‍ക്കുന്ന കോണ്‍ഗ്രസിനെ കണ്ട് മൂക്കുപൊത്തേണ്ട അവസ്ഥയാണെന്നും ലേഖനത്തില്‍ പറയുന്നു.

രാഹുല്‍ എന്ന ക്രിമിനലിനെ വളര്‍ത്തിയത് കോണ്‍ഗ്രസ് നേതൃത്വമല്ലാതെ മറ്റാരുമല്ല. വ്യാജ ഐഡി കാര്‍ഡ് അച്ചടിച്ച് വളഞ്ഞ വഴിയിലൂടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം പിടിച്ചെടുത്തതിനെതിരെ നടപടി എടുക്കുന്നതിന് പകരം നേതൃത്വം പ്രോത്സാഹനം നല്‍കി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് അച്ചടിക്കാന്‍ രാഹുലിനെ സഹായിച്ച വ്യക്തിയാണ് ബലാത്സംഗം ചെയ്യപ്പെട്ട 23കാരിയെ റിസോര്‍ട്ടിലേക്ക് കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു. അടൂര്‍ മുനിസിപ്പാലിറ്റിയില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാണ് ഈ സഹായി എന്നതില്‍നിന്ന് കോണ്‍ഗ്രസ് ആരുടെ കൂടെയാണ് എന്നത് വ്യക്തമാണെന്നും ഗോവിന്ദന്‍ പറയുന്നു.

Tags:    

Similar News