ജി.സുധാകരനെ പോലെയുള്ളവര്‍ പറയുമ്പോള്‍ ശ്രദ്ധിച്ചു പറയണം; നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും അതിന് എന്തിനാണ് പാര്‍ട്ടിയുടെ പിന്തുണയെന്നും എം വി ഗോവിന്ദന്‍; അഭിഭാഷകയെ മര്‍ദിച്ച ബെയ്ലിന്‍ ദാസ് ഇടതുപക്ഷക്കാരനല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

ജി.സുധാകരനെ തള്ളി എം വി ഗോവിന്ദന്‍

Update: 2025-05-16 14:09 GMT

തിരുവനന്തപുരം: തപാല്‍ വോട്ടുകള്‍ തിരുത്തിയെന്ന വിവാദ പ്രസ്താവന നടത്തിയ മുന്‍ മന്ത്രി ജി.സുധാകരനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സുധാകരന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ജി.സുധാകരനെ പോലെയുള്ളവര്‍ പറയുമ്പോള്‍ ശ്രദ്ധിച്ചു പറയണം.

ജനാധിപത്യം അട്ടിമറിക്കാനുള്ള ഒരു തരത്തിലുള്ള പ്രവര്‍ത്തനത്തിനും സിപിഎം അന്നുമില്ല, ഇന്നുമില്ല, നാളെയുമുണ്ടാകില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും അതിന് എന്തിനാണ് പാര്‍ട്ടിയുടെ പിന്തുണയെന്നും പ്രസ്താവന സുധാകരന്‍ തന്നെ തിരുത്തിയിട്ടുണ്ടെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

യുവഅഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതിയായ ബെയ്ലിന്‍ ദാസ് ഇടതുപക്ഷക്കാരനല്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. പ്രതിക്ക് ഇടതുബന്ധമുണ്ടെന്നു പ്രചാരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യം തിരുത്തണം. ജനീഷ് കുമാര്‍ എംഎല്‍എ ഉയര്‍ത്തിയ വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് ജി സുധാകരനെതിരെ കേസെടുത്തത്. 1989 ഇല്‍ കെ വി ദേവദാസ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തി എന്ന വെളിപ്പെടുത്തലിലാണ് കേസ്. ഐപിസി, ജനപ്രാതിനിധ്യ നിയമങ്ങള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

1989 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ച് തിരുത്തി എന്നാണ് ജി സുധാകരന്‍ പരസ്യമായി പറഞ്ഞത്. വിവാദത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ നടപടികളിലേക്ക് നീങ്ങിയതോടെ സുധാകരന്‍ തിരുത്തി. വിവാദ പരാമര്‍ശം തിരുത്തിയാണ് അമ്പലപ്പുഴ തഹസില്‍ദാര്‍ക്കും മൊഴി നല്‍കിയത്. എന്നാല്‍ അപ്പോഴും വിവാദ പ്രസംഗത്തിന്റെ വീഡിയോ തെളിവായി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ തുടരുമെന്നാണ് സൂചന.

Tags:    

Similar News