കൊടകര കുഴല്‍പ്പണ കേസ്: വി ഡി സതീശന്റെ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടതിന്റെ തുടര്‍ച്ച; സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ഏജന്‍സികളെ രക്ഷപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍

വി ഡി സതീശന്റെ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടതിന്റെ തുടര്‍ച്ച

Update: 2024-11-01 15:09 GMT

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്‍ നടത്തിയ പ്രസ്താവന ബി.ജെ.പിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടിന്റെ തുടര്‍ച്ചയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കൊടകര കുഴല്‍പ്പണക്കേസില്‍ കേരള പോലീസ് 3.5 കോടി രൂപ പിടിച്ചെടുക്കുകയും 23 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയിരുന്നു. അന്ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പണമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഈ കേസിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കേണ്ടത് എന്നതിനാല്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് സഹിതം ഇ.ഡിക്കും ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റിനും കേരള പോലീസ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച അന്വേഷണം മുന്നോട്ടുപോകാന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറായില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

അന്വേഷണവുമായി മുന്നോട്ടുപോകാത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ കോടതിയില്‍ ഹാജരാകേണ്ടി വരികയും ചെയ്തു. പി.എം.എല്‍. ആക്ട് പ്രകാരം ഉള്‍പ്പെടെ പരിശോധിച്ച് ഉചിതമായ നടപടി എടുക്കാമെന്ന് കേന്ദ്ര ഏജന്‍സികള്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ തയ്യാറായില്ല. ഈ തെറ്റായ സമീപനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ഏജന്‍സികളെ രക്ഷപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഗോവിന്ദന്‍ ആരോപിച്ചു.

ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി ആഘോഷത്തില്‍ ഉള്‍പ്പെടെ പങ്കെടുത്തുകൊണ്ട് ആര്‍.എസ്.എസ്. ബന്ധം വ്യക്തമാക്കിയ വി.ഡി. സതീശന്‍ ഇപ്പോള്‍ വീണ്ടും അവര്‍ക്കായി രംഗത്തിറങ്ങിയിരിക്കുകയാണ്. വി.ഡി. സതീശന്റെ ഈ കാപട്യം തിരിച്ചറിയുവാനുള്ള രാഷ്ട്രീയ വിവേകം കേരള ജനതയ്ക്കുണ്ടന്നും പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News