'അയ്യപ്പന്റെ ഒരു തരിപ്പൊന്ന് നഷ്ടപ്പെടാന്‍ അനുവദിക്കില്ല, പൊന്ന് കട്ടവരെ കല്‍തുറുങ്കലില്‍ അടക്കും'; പന്തളത്ത് നടക്കുന്നത് യുഡിഎഫിന്റെ വിശ്വാസസംഗമം; പത്തനംതിട്ടയില്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന്റെ ചില്ല് തകര്‍ത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും; ഗൂഢാലോചനാ സിദ്ധാന്തം ആവര്‍ത്തിച്ച് മന്ത്രി വാസവന്‍

Update: 2025-10-18 17:02 GMT

പത്തനംതിട്ട: പന്തളത്ത് യുഡിഎഫിന്റെ വിശ്വാസസംരക്ഷണ സംഗമം നടക്കുന്നതിനിടെ പത്തനംതിട്ടയില്‍ എല്‍ഡിഎഫിന്റെ പ്രതിഷേധ യോഗം. കെപിസിസി ഒന്നടങ്കം പന്തളത്തെ യോഗത്തില്‍ പങ്കെടുത്തപ്പോള്‍ മറുപടി നല്‍കാന്‍ പത്തനംതിട്ടയില്‍ എത്തിയത് മന്ത്രി വി.എന്‍. വാസവനാണ്. പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമം വന്‍വിജയമായതിനു പിന്നാലെ നടന്ന ഗൂഢാലോചയാണ് സ്വര്‍ണപ്പാളി വിവാദത്തിന് പിന്നിലെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

പത്തനംതിട്ടയിലെ ദേവസ്വം ബോര്‍ഡ് ഓഫീസിനു നേരെയുണ്ടായ യൂത്ത് കോണ്‍ഗ്രസ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വര്‍ണപ്പാളി നഷ്ടപ്പെട്ട വിവരം അതുവരെ മിണ്ടാതിരുന്ന ഉണ്ണിക്കൃഷ്ണന്‍ പോറ്റി സംഗമത്തിന് പിന്നാലെ വെളിപ്പെടുത്തയതിന്റെ ഉദ്ദേശ്യം ഇതോടെ വ്യക്തമായി. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍പോറ്റിയും അയാളെ സഹായിച്ചവരും പ്രതികളായി.

അയ്യപ്പന്റെ ഒരു തരിപ്പൊന്ന് നഷ്ടപ്പെടാന്‍ ഗവണ്‍മെന്റ് അനുവദിക്കില്ല. പൊന്ന് കട്ടവരെ കല്‍തുറുങ്കലില്‍ അടക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ കഴിയില്ലായെന്ന പരിഭ്രമം കാരണമാണ് ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് അതിക്രമങ്ങളിലേക്ക് കടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വര്‍ണപ്പാളി നഷ്ടപ്പെട്ട വിഷയം നിയമസഭയില്‍ എത്തിയപ്പോള്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത് ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നായിരുന്നു. ഈ ആവശ്യം ഗവണ്‍മെന്റ് അംഗീകരിച്ചതാണ്.

ഗവണ്‍മെന്റും ദേവസ്വം ബോര്‍ഡും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയും കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സ്‌പെഷല്‍ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തി മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണെന്നും വാസവന്‍ പറഞ്ഞു.

സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, കെ. പി. ഉദയഭാനു, കെ. ജി. രതീഷ് കുമാര്‍, അലക്‌സ് കണ്ണമല, കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, സജി അലക്‌സ്, മാത്യൂസ് ജോര്‍ജ്, പി. പി. ജോര്‍ജ് കുട്ടി, അരുണ്‍ കെ. എസ്. മണ്ണടി, മനുവാസുദേവ്, മനോജ് മാധവശേരി, രാജു നെടുവംപുറം, നൂര്‍ മുഹമ്മദ്, ബിജി ജോസഫ്, സുമേഷ് ഐശ്വര്യ, എം. വി. സഞ്ജു, ബി. ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags:    

Similar News