തളരരുതെന്ന് വീണ ജോർജ്, 'വീ കെയർ' എന്ന് വി. ശിവൻകുട്ടി; അതിജീവിതയ്‌ക്കൊപ്പം തന്നെയാണ് കേരളജനതയെന്ന് കുറിച്ച് പി.പി. ദിവ്യ; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതി; ഇരയ്ക്ക് പിന്തുണയുമായി മന്ത്രിമാരും ഇടത് നേതാക്കളും
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതിയിൽ ഇരയായ യുവതിക്ക് പിന്തുണയുമായി മന്ത്രിമാരും സിപിഐഎം നേതാക്കളും. മന്ത്രിമാരായ വീണാ ജോർജും വി. ശിവൻകുട്ടിയും സിപിഐഎം നേതാവ് പി.പി. ദിവ്യയും ഫേസ്ബുക്കിലൂടെയാണ് പിന്തുണ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് യുവതി നൽകിയ പരാതി ഡിജിപിക്ക് കൈമാറി. ഗുരുതരമായ ആരോപണങ്ങളും അതിന് ബലം നൽകുന്ന നിർണായകമായ ഡിജിറ്റൽ തെളിവുകളും ഉൾക്കൊള്ളുന്ന പരാതി, അതിജീവിതയായ യുവതി ഇന്ന് വൈകുന്നേരത്തോടെ സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് സമർപ്പിക്കുകയായിരുന്നു.
"പ്രിയപ്പെട്ട സഹോദരി, തളരരുത്... കേരളം നിനക്കൊപ്പം..." എന്നാണ് മന്ത്രി വീണാ ജോർജ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. "വീ കെയർ" എന്നായിരുന്നു മന്ത്രി വി. ശിവൻകുട്ടിയുടെ ലഘുവായ പിന്തുണ. "അതീജീവിയ്‌ക്കൊപ്പം തന്നെയാണ് കേരളജനത" എന്ന് പി.പി. ദിവ്യയും തൻ്റെ ഫേസ്ബുക്ക് പേജിൽ രേഖപ്പെടുത്തി.
പരാതി ലഭിച്ചയുടൻ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യുമെന്നും തുടർന്ന് അറസ്റ്റ് ചെയ്യുമെന്നുമാണ് നിലവിൽ ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. താൻ നിരന്തരം രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണികൾക്ക് വിധേയയായിരുന്നെന്നും, വധിക്കുമെന്ന് ഭയപ്പെടുത്തിയെന്നും പരാതിയിൽ യുവതി വ്യക്തമാക്കുന്നു. ഇരയായ പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഗുരുതരമായ ഈ വെളിപ്പെടുത്തലുകൾക്ക് കരുത്ത് പകരുന്ന ഡിജിറ്റൽ തെളിവുകളാണ് യുവതി കൈമാറിയതെന്നാണ് സൂചന.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ പെണ്‍കുട്ടി പീഡനപരാതി നല്‍കിയതില്‍ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മാധ്യമപ്രവര്‍ത്തകര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിനല്‍കിയത് സംബന്ധിച്ച് ചോദ്യം ചോദിച്ചെങ്കിലും ചോദ്യം മുഴുമിക്കുംമുന്നേ പ്രതിപക്ഷനേതാവ് പ്രതികരിക്കാതെ മടങ്ങുകയായിരുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഇപ്പോള്‍ ഒരു പെണ്‍കുട്ടിയാണ് പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നതെന്നും ഇനിയും നിരവധി പെണ്‍കുട്ടികള്‍ പരാതിയുമായി വരാന്‍ സാധ്യതയുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. രാഹുലിന്റെ വിഷയത്തില്‍ ഉയര്‍ന്നുവന്നത് ആരോപണങ്ങളായിരുന്നില്ല, നിരവധി തെളിവുകളാണ് ചാനലുകള്‍വഴി പുറത്തുവന്നത്. ആ ഘട്ടത്തില്‍ തന്നെക്കുറിച്ച് പുറത്തുവന്നത് വ്യാജ ഓഡിയോയാണെന്ന് പറയാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല. പക്ഷേ, അത്രയേറെ തെളിവുകള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ടായിട്ടും പേരിനൊരു നടപടിയെടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്, എന്നിട്ട് എല്ലാ പൊതുവേദികളും കോണ്‍ഗ്രസ് രാഹുലിനെ കൊണ്ടുപോയി.
ഇതൊക്കെ സാധാരണസംഭവമാണെന്നും കാര്യമാക്കേണ്ടെന്നും പറഞ്ഞാണ് കെ. സുധാകരന്‍ രാഹുലിനെ ന്യായീകരിച്ചത്. കോണ്‍ഗ്രസില്‍ ഷാഫിയുടെ നേതൃത്വത്തിലുള്ള ടീം രാഹുലിനെ തിരികെകൊണ്ടുവരാനായി ശക്തമായി വാദിച്ചു. അവര്‍ ഉന്നയിച്ച പ്രധാനചോദ്യം എവിടെ പരാതി എന്നായിരുന്നു. ആ ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ഇപ്പോള്‍ ഒരുപെണ്‍കുട്ടിയാണ് പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഇനിയും നിരവധി പെണ്‍കുട്ടികള്‍ പരാതിയുമായി വരാന്‍ സാധ്യതയുണ്ടെന്നാണ് മനസിലാക്കുന്നത്. നേരത്തെ മൂന്ന് പെണ്‍കുട്ടികളുടെ ശബ്ദസന്ദേശം പുറത്തുവിട്ടിരുന്നു. അതിലൊരു കുട്ടിയാണ് പരാതി നല്‍കിയത്. പരാതി വൈകിയെന്ന് പറഞ്ഞിട്ട് കാര്യമില്ല. പല സമ്മര്‍ദം ഇരകള്‍ അനുഭവിക്കേണ്ടിവന്നു.
പാര്‍ട്ടി നടപടി പ്രഖ്യാപിച്ച വി.ഡി. സതീശന്‍, ഉമാ തോമസ്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ക്കെതിരേ രാഹുലിന്റെ അനുയായികള്‍ സൈബര്‍ ആക്രമണം നടത്തി. കെസി വേണുഗോപാലിന്റെ ഭാര്യയുടെ പോസ്റ്റ് പിന്‍വലിക്കേണ്ടിവന്നു. ഇതൊരു ക്രിമിനല്‍സംഘമാണ്. ഈ ക്രിമിനല്‍സംഘത്തിന് ഒത്താശചെയ്യുന്നത് ഷാഫി പറമ്പിലാണ്. ഷാഫിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍സംഘമാണ് കോണ്‍ഗ്രസിനെ നയിക്കുന്നതെന്നും വി.കെ. സനോജ് പറഞ്ഞു.
