മുനമ്പത്ത് സമരക്കാരെ ചൊടിപ്പിച്ചത് ഭൂമിയുടെ ഉടമസ്ഥാവകാശം വീണ്ടും പരിശോധിക്കാനുള്ള തീരുമാനം; സമരം ആളിക്കത്തുമെന്ന് സൂചന; ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷവും; സര്‍ക്കാരിന് ദുരുദ്ദേശ്യമെന്നും സംഘപരിവാറിന് അവസരം കൊടുക്കുന്നുവെന്നും വി ഡി സതീശന്‍; സര്‍ക്കാര്‍ വഞ്ചനയെന്ന് ബിജെപിയും

മുനമ്പത്ത് സമരക്കാരെ ചൊടിപ്പിച്ചത് ഭൂമിയുടെ ഉടമസ്ഥാവകാശം വീണ്ടും പരിശോധിക്കാനുള്ള തീരുമാനം

Update: 2024-11-22 15:15 GMT

തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതോടെ സമരം കൂടുതല്‍ ശക്തമാകുമെന്ന് സൂചന. സര്‍ക്കാര്‍ തീരുമാനം തൃപ്തികരമല്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും മുനമ്പം സമരസമിതി ഭാരവാഹികള്‍ വ്യക്തമാക്കി കഴിഞ്ഞു. ജുഡീഷ്യല്‍ കമ്മീഷനെ വയ്ക്കാനുള്ള തീരുമാനത്തില്‍ നിരാശയാണ്. ഇനിയൊരു ഉടമസ്ഥാവകാശം പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് അംഗീകരിക്കാനാകില്ലെന്നും നേരത്തെ തന്നെ ഉടമസ്ഥാവകാശം പരിശോധിച്ചതാണെന്നും സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. പന്തം കൊളുത്തി പ്രകടനം നയിച്ച് സര്‍ക്കാരിന് എതിരെ മുദ്രാവാക്യം വിളിച്ച് സമിതി അംഗങ്ങള്‍ പ്രതിഷേധിച്ചു. പെട്ടെന്ന് ഒരു തീരുമാനം എടുത്താല്‍ താമസക്കാര്‍ക്ക് തിരിച്ചടി ഉണ്ടാകുമെന്നും അതുകൊണ്ട് ആണ് ജുഡീഷ്യല്‍ കമ്മീഷനെ വെച്ചതെന്നുമാണ് സര്‍ക്കാര്‍ ന്യായം. മുനമ്പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശ സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ പരിശോധിക്കുമെന്ന് പറഞ്ഞതും സമരക്കാരെ ചൊടിപ്പിച്ചു.




അതേസമയം, മുനമ്പത്തെ പാവങ്ങള്‍ക്ക് സര്‍ക്കാര്‍ നീതി നിഷേധിക്കുന്നുവെന്നും ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച തീരുമാനത്തോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു. മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് പ്രതിപക്ഷത്തിന് കടുത്ത വിയോജിപ്പാണ്. പത്ത് മിനിറ്റ് കൊണ്ട് സര്‍ക്കാരിന് തീര്‍ക്കാവുന്ന ഒരു വിഷയം മനപൂര്‍വം വൈകിപ്പിക്കുകയാണ്. ഇതിലൂടെ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് സര്‍ക്കാര്‍ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണ്.

മുസ്ലിം സംഘടനകളും ഫറൂഖ് കോളേജ് മാനേജ്‌മെന്റും പ്രശ്‌ന പരിഹാരത്തിന് എല്ലാ പിന്തുണയും നല്‍കിയ സാഹചര്യത്തില്‍ തീരുമാനം എടുക്കാനും അത് കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനും സര്‍ക്കാരിന് കഴിയുമായിരുന്നു. ഇപ്പോള്‍ ഏകപക്ഷീയമായ ഒരു തീരുമാനം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണ്. സമര രംഗത്തുള്ളവരുമായി ഗൗരവമായ ഒരു ചര്‍ച്ചയും സര്‍ക്കാര്‍ നടത്തിയില്ല. പ്രശ്‌നപരിഹാരം നീട്ടിക്കൊണ്ട് പോകാന്‍ സര്‍ക്കാര്‍ തന്നെ വഴിയൊരുക്കുന്നത് ശരിയായ രീതിയല്ല.

സര്‍വകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. ആരുമായും ആലോചിക്കാതെ ജുഡീഷ്യല്‍ കമ്മിഷന്‍ എന്ന തീരുമാനം അടിച്ചേല്‍പ്പിച്ചതിലൂടെ സര്‍ക്കാരിന് ദുരുദ്ദേശ്യങ്ങള്‍ ഉണ്ടെന്ന് വ്യക്തമായി. പറഞ്ഞ സമയത്ത് ദൗത്യം പൂര്‍ത്തീകരിക്കാത്ത ജുഡീഷ്യല്‍ കമ്മിഷനുകളുള്ള നാടാണ് കേരളം. മുനമ്പത്തെ പാവങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നീതിയാണ് സര്‍ക്കാര്‍ ബോധപൂര്‍വം നിഷേധിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

വഞ്ചനയെന്ന് കെ സുരേന്ദ്രന്‍

സര്‍ക്കാര്‍ മുനമ്പം നിവാസികളെ വഞ്ചിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് ഒപ്പം എന്ന് വ്യക്തമായി. ജുഡീഷ്യല്‍ കമ്മീഷനെ വെയ്ക്കാനുള്ള തീരുമാനം മുനമ്പം നിവാസികള്‍ അംഗീകരിക്കുന്നില്ല. മുനമ്പം നിവാസികളെ കയ്യേറ്റക്കാരായാണ് സര്‍ക്കാര്‍ കാണുന്നത്. വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കിയ എല്ലാ സ്ഥലങ്ങളിലും ബിജെപി ജാഗ്രത സമിതികള്‍ രൂപീകരിക്കും. ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News