'രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനത്ത് തുടരാൻ അർഹനല്ല'; സസ്പെൻഡ് ചെയ്‌തെന്ന കോൺഗ്രസിന്റെ അവകാശവാദം വെറും പ്രഹസനം; തെളിവുകളോടുകൂടി ഇനിയും പരാതികൾ പുറത്തുവരും; രാജി ആവശ്യപ്പെട്ട് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ ഉടനടി എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിൽ ഒരു നിമിഷം പോലും എം.എൽ.എ. സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് രാഹുലിനെ സസ്പെൻഡ് ചെയ്തു എന്ന അവകാശവാദം അടിസ്ഥാനരഹിതവും വെറും പ്രഹസനവുമാണെന്നും, അദ്ദേഹം ഇപ്പോഴും പാർട്ടിക്കുവേണ്ടി സജീവമായി പ്രചാരണം നടത്തുകയാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
രാഹുലിനെതിരായ കൂടുതൽ പരാതികൾ, തെളിവുകളോടുകൂടി ഇനിയും പുറത്തുവരാൻ സാധ്യതയുണ്ടെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. നേരത്തെ, തനിക്കെതിരെ യാതൊരു പരാതിയും നിലവിലില്ലെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. എന്നാൽ ഇപ്പോൾ തെളിവുകൾ ഉൾപ്പെടെയുള്ള പരാതികളുമായി ആളുകൾ മുന്നോട്ട് വരികയാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കുകയായിരിന്നു.
ഇന്ന് വൈകുന്നേരം സെക്രട്ടേറിയറ്റിൽ നേരിട്ടെത്തിയാണ് യുവതി രേഖാമൂലം പരാതി സമർപ്പിച്ചത്. പരാതിക്ക് ബലം നൽകുന്ന നിർണായകമായ ഡിജിറ്റൽ തെളിവുകളും യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയിട്ടുണ്ട്. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ശക്തമായി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും വധിക്കുമെന്ന് ഭയപ്പെടുത്തുകയും ചെയ്തതായി അതിജീവിത പറയുന്നു.
ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഈ പരാതിയിലുള്ളത്. അതേസമയം പരാതി ലഭിച്ചയുടൻ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യം ചെയ്യുമെന്നും തുടർന്ന് അറസ്റ്റ് ചെയ്യുമെന്നുമാണ് നിലവിൽ ലഭിക്കുന്ന ഏറ്റവും പുതിയ വിവരം.