അയ്യപ്പ കോപം തീര്‍ക്കാന്‍ 100 അയ്യപ്പ സംഗമങ്ങള്‍ നടത്തിയാലും പിണറായിക്കു കഴിയില്ല; ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള അടവുനയത്തിന്റെ മറ്റൊരു പതിപ്പാണു ന്യൂനപക്ഷ സംഗമം; വിശ്വാസ സംരക്ഷണത്തിനായി സ്വകാര്യ ബില്ല് അവതരിപ്പിച്ച തന്നെ സംഘി ചാപ്പ കുത്തി ആക്രമിച്ച സിപിഎം മാപ്പ് പറയുമോ എന്നും എന്‍ കെ പ്രേമചന്ദ്രന്‍
അയ്യപ്പ കോപം തീര്‍ക്കാന്‍ 100 അയ്യപ്പ സംഗമങ്ങള്‍ നടത്തിയാലും പിണറായിക്കു കഴിയില്ല
തിരുവനന്തപുരം: അയ്യപ്പ കോപം തീര്‍ക്കാന്‍ 100 അയ്യപ്പ സംഗമങ്ങള്‍ നടത്തിയാലും പിണറായിക്കു കഴിയില്ലെന്ന് ആര്‍എസ്പി നേതാവും എംപിയുമായ എന്‍ കെ പ്രേമചന്ദ്രന്‍. ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ഉത്തരവാദിത്തം മറന്നുപോയ പിണറായി സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണു ഭരണം തീരാന്‍ 6 മാസം മാത്രം ശേഷിക്കേ, ആഗോള അയ്യപ്പ സംഗമവുമായി വരുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പിണറായിയുടെ അടവുനയം മാത്രമാണിത്. ഇതിന്റെ മറ്റൊരു പതിപ്പാണു കൊച്ചിയില്‍ നടത്തുമെന്നു പറയുന്ന ന്യൂനപക്ഷ സംഗമം.
അയ്യപ്പ സംഗമത്തിനു വേണ്ടി ദേവസ്വം ബോര്‍ഡും സര്‍ക്കാരും എത്ര കോടി ചെലവഴിച്ചുവെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. ശബരിമല ആചാര ലംഘനത്തിന് എതിരായി സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെ പശ്ചാത്തലത്തില്‍ വിശ്വാസ സംരക്ഷണത്തിനായി ലോക്‌സഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചതിന്റെ പേരില്‍ തന്നെ സംഘി ചാപ്പ കുത്തി അതിനിശിതമായി ആക്രമിച്ച സിപിഎം നേതൃത്വം ഇന്ന് പൊതുസമൂഹത്തോട് മാപ്പ് പറയുമോ എന്നും പ്രേമചന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു
എന്‍ കെ പ്രേമചന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
ആഗോള അയ്യപ്പ സംഗമം... പറയാതെ വയ്യ!
ശബരിമലയില്‍ എത്തുന്ന കോടാനുകോടി ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ഉത്തരവാദിത്തം മറന്നുപോയ പിണറായി സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണു ഭരണം തീരാന്‍ 6 മാസം മാത്രം ശേഷിക്കേ, ആഗോള അയ്യപ്പ സംഗമവുമായി വരുന്നത്.
തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പിണറായിയുടെ അടവുനയം മാത്രമാണിത്. ഇതിന്റെ മറ്റൊരു പതിപ്പാണു കൊച്ചിയില്‍ നടത്തുമെന്നു പറയുന്ന ന്യൂനപക്ഷ സംഗമം.
'നിങ്ങള്‍ മതങ്ങളിലേക്കു ചുരുങ്ങുമ്പോള്‍ ഞങ്ങള്‍ മനുഷ്യരിലേക്കു പടരും' എന്നു വീമ്പിളക്കുന്ന പ്രസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ഗതികേട് ഓര്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നു. ശബരിമലയിലെ ആചാര ലംഘനത്തിനു നേതൃത്വം നല്‍കി, അയ്യപ്പഭക്തരെ പൊലീസിന്റെ നരനായാട്ടിനു വിധേയമാക്കി, മന്ത്രങ്ങളും ശരണം വിളികളും മാത്രം മുഴങ്ങിയിരുന്ന പൊന്നമ്പല മുകളില്‍ ഭക്ത നിലവിളികള്‍ കേള്‍പ്പിച്ച കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാണു പിണറായി. അയ്യപ്പ കോപം തീര്‍ക്കാന്‍ 100 അയ്യപ്പ സംഗമങ്ങള്‍ നടത്തിയാലും പിണറായിക്കു കഴിയില്ല.
യുവതീ പ്രവേശനത്തിന് സര്‍ക്കാര്‍ തുനിഞ്ഞാല്‍ താന്‍ നട പൂട്ടി താക്കോലുമായി പുറത്തിറങ്ങുമെന്നു ശബരിമല തന്ത്രി പ്രസ്താവിച്ചപ്പോള്‍ അദ്ദേഹത്തെ തരംതാണ രീതിയില്‍ ആക്ഷേപിച്ച മുഖ്യമന്ത്രിയാണ് അയ്യപ്പ സംഗമത്തിനു വിളക്കു കൊളുത്താന്‍ പോയത്. 'അയ്യപ്പന്‍ എന്ന ദേവസങ്കല്‍പം നൈഷ്ഠിക ബ്രഹ്‌മചാരിയാണ്. അവിടേക്കു സ്ത്രീകള്‍ കടക്കരുത്. അത്തരം ദേവന്മാര്‍ ഉള്ള സ്ഥലത്ത് പൂജാരിയും ബ്രഹ്‌മചാരിയാകും. കല്യാണം കഴിക്കാന്‍ പാടില്ല. അതാണ് വസ്തുത... ക്ഷേത്രം പൂട്ടിപ്പോകാന്‍ തന്ത്രിക്ക് അവകാശമില്ല. ആന്ധ്രയില്‍ നിന്നു കുടിയേറിയ ബ്രാഹ്‌മണര്‍ മാത്രമാണു താഴമണ്‍ കുടുംബം...' എന്നു പറഞ്ഞു ശബരിമല തന്ത്രി കുടുംബത്തെ അങ്ങേയറ്റം അപമാനിച്ചയാളാണ് പിണറായി. ഇന്നലെ അയ്യപ്പ സംഗമത്തിനു തിരി കൊളുത്തുമ്പോള്‍ പഴയ ആ വാക്കുകള്‍ ഓര്‍ത്തു മുഖ്യമന്ത്രിക്കു പശ്ചാത്താപം തോന്നിയില്ലേ... ? മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് വ്യക്തമായതിനാലാവാം, ഉദ്ഘാടന പ്രസംഗം കഴിയുംമുന്‍പേ പ്രതിനിധികള്‍ കസേരകള്‍ വിട്ടൊഴിഞ്ഞത്.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം എത്തിയെന്നതു വലിയ കാര്യമായാണു അയ്യപ്പസംഗമത്തില്‍ ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ അവതരിപ്പിച്ചത്. യോഗിയുടെയും രാഷ്ട്രീയവും പിണറായിയുടെ വര്‍ത്തമാന രാഷ്ട്രീയവും പമ്പാതീരത്തു സംഗമിക്കുന്ന കാഴ്ചയാണു അയ്യപ്പ സംഗമത്തില്‍ കണ്ടത്.
അയ്യപ്പ സംഗമത്തിനു വേണ്ടി ദേവസ്വം ബോര്‍ഡും സര്‍ക്കാരും എത്ര കോടി ചെലവഴിച്ചുവെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം.
യുവതീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി വന്നപ്പോള്‍, വിശ്വാസി സമൂഹത്തോട് ഒരുവിധത്തിലുള്ള ചര്‍ച്ചയും നടത്താതെ, കോടതി വിധി നടപ്പാക്കാനെന്ന പേരില്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചു സംസ്ഥാനത്ത് താങ്കള്‍ കലാപ അന്തരീക്ഷം സൃഷ്ടിച്ചതു ഭക്തകോടികളുടെ മനസ്സുകളില്‍ ഏല്‍പിച്ച മുറിവ് ഒരു കാലത്തും ഉണങ്ങില്ല. അന്നു വിശ്വാസികളെ അടിച്ചോടിക്കാന്‍ ചുമതലപ്പെടുത്തിയ അതേ പൊലീസ് ഉദ്യോഗസ്ഥരെ തന്നെ അയ്യപ്പ സംഗമത്തിനു നേതൃത്വം നല്‍കാനും നിയോഗിച്ച പിണറായി ആ ഉദ്യോഗസ്ഥര്‍ക്കു അയ്യപ്പ പ്രീതി കിട്ടാനും ഒരുവേള പ്രാര്‍ഥിക്കുന്നതു നല്ലതാണ്.
ശബരിമലയില്‍ ദര്‍ശനത്തിനു വരുന്ന യുവതികളെ തടഞ്ഞാല്‍ അത് സുപ്രീം കോടതി വിധിയുടെ ലംഘനമാകുമെന്നു നിയമസഭയില്‍ പ്രഖ്യാപിച്ചുകൊണ്ട് യുവതീ പ്രവേശനത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്തു നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ശബരിമലയില്‍ എത്തിക്കുന്നതിനു തലേന്നു കനക ദുര്‍ഗയെയും ബിന്ദുവിനെയും കോട്ടയത്തു പൊലീസ് സംരക്ഷണയില്‍ പാര്‍പ്പിച്ചപ്പോള്‍ അന്നു രാത്രി അവര്‍ക്കു പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തു ശബരിമലയുടെ ശുദ്ധിയും പവിത്രയും അപ്പാടെ ഇല്ലാതാക്കാന്‍ പൊലീസ് മന്ത്രി കൂടിയായ പിണറായി തയ്യാറായി.
ശബരിമലയില്‍ മാസപൂജയ്ക്ക് എത്തുന്നവര്‍ക്ക് കുടിവെള്ളം നല്‍കാന്‍ പോലും തയ്യാറാകാത്ത ജനവിരുദ്ധ സര്‍ക്കാരാണു പിണറായിയുടേത്. പുണ്യ നദിയായ പമ്പ പോലും ശുചിയായി സൂക്ഷിക്കാന്‍ കഴിയാത്ത ഈ സര്‍ക്കാര്‍ അയ്യപ്പ സംഗമത്തിലൂടെ എന്ത് അത്ഭുതം കാണിക്കാനാണ്?
ഭക്തര്‍ ഭഗവാന് സമര്‍പ്പിക്കുന്ന സ്വര്‍ണ്ണം പോലും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരാണിത്. കുറഞ്ഞ പക്ഷം പ്രസാദ വിതരണമെങ്കിലും പരാതികള്‍ ഇല്ലാതെ നടത്താന്‍ ശ്രമിച്ചു നോക്ക്. എന്നിട്ടാകാം ആഗോള സംഗമം.
സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനത്തിന് ഇടതു സര്‍ക്കാര്‍ കൂട്ടുനിന്നത്. തിരുത്തി സമര്‍പ്പിച്ച ആ സത്യവാങ്മൂലം ഇപ്പോഴും നിലനില്‍ക്കുകയാണ്. അതു പിന്‍വലിക്കാന്‍ പിണറായി വിജയനും സര്‍ക്കാരും തയാറാണോ എന്നു കൂടി വ്യക്തമാക്കണം. അതേക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ഉരുണ്ടു കളിക്കുകയാണു മന്ത്രിമാര്‍. ആചാര സംരക്ഷണത്തിനായി നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അതു പിന്‍വലിക്കാന്‍ തയാറാണോയെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം.
ശബരിമല ആചാര ലംഘനത്തിന് എതിരായി സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെ പശ്ചാത്തലത്തില്‍ വിശ്വാസ സംരക്ഷണത്തിനായി ലോക്‌സഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചതിന്റെ പേരില്‍ എന്നെ സംഘി ചാപ്പ കുത്തി അതിനിശിതമായി ആക്രമിച്ച സിപിഎം നേതൃത്വം ഇന്ന് പൊതുസമൂഹത്തോട് മാപ്പ് പറയുമോ?