മുന്‍ എഐസിസി അംഗം എന്‍ കെ സുധീര്‍ ബിജെപിയില്‍; സുധീറിന്റെ ചാട്ടം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പി വി അന്‍വര്‍ ടി എം സിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ
മുന്‍ എഐസിസി അംഗം എന്‍ കെ സുധീര്‍ ബിജെപിയില്‍
തിരുവനന്തപുരം: മുന്‍ എ ഐ സി സി അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍ കെ സുധീര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ആണ് എന്‍ കെ സുധീര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ആലത്തൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. ദളിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ പി സി സി സെക്രട്ടറി എന്നീ ചുമതലകളും സുധീര്‍ വഹിച്ചിട്ടുണ്ട്.
ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ സ്ഥാനാര്‍ഥിയായിരുന്നു. പി.വി അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനം വൈകുന്ന സാഹചര്യത്തിലാണ് സുധീര്‍ പാര്‍ട്ടി വിടുന്നതെന്ന് സൂചനയുണ്ട്. അതേസമയം കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് എന്‍ കെ സുധീറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. മൂന്ന് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ടി.എം.സി നേതാവ് പി.വി അന്‍വര്‍ അറിയിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അന്‍വര്‍ നടപടിയെക്കുറിച്ച് അറിയിച്ചത്.
ചേലക്കരയില്‍ സി.പി.എം സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപ് വിജയിച്ചപ്പോള്‍ സുധീര്‍ നേടിയത് 3920 വോട്ടാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ തന്നെ ഒഴിവാക്കിയതോടെയാണ് പി.വി അന്‍വറിന്റെ പാര്‍ട്ടിയുടെ ഭാഗമായി മത്സരിക്കാന്‍ എന്‍ കെ സുധീര്‍ തീരുമാനിച്ചത്.