ലൈംഗിക ആരോപണങ്ങളെല്ലാം മറന്നേക്കൂ സഖാക്കളേ..! വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതിയില്‍ അച്ചടക്ക നടപടി നേരിട്ട എന്‍ വി വൈശാഖന് പാര്‍ട്ടിയില്‍ പ്രമോഷന്‍; കൊടകര ഏരിയ കമ്മിറ്റി അംഗമായി തിരിച്ചെടുത്തു; ചാനല്‍ ചര്‍ച്ചകളില്‍ പാര്‍ട്ടി മുഖമായ നേതാവ് തിരിച്ചെത്തുന്നത് സംസ്ഥാന നേതാക്കളുടെ ആശിര്‍വാദത്തോടെ

ലൈംഗിക ആരോപണങ്ങളെല്ലാം മറന്നേക്കൂ സഖാക്കളേ..!

Update: 2025-10-25 13:13 GMT

തൃശൂര്‍: തെളിവും പരാതിയുമില്ലാത്ത ലൈംഗിക വിവാദത്തിന്റെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ സിപിഎം കടുത്ത പ്രതിഷേധത്തിലായിരുന്നു. പാലക്കാട് മണ്ഡലത്തില്‍ അടക്കം കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഭീഷണിയായിരുന്നു ഡിവൈഎഫ്‌ഐ അടക്കമുള്ളവര്‍ ഉയര്‍ത്തിയത്. എന്നാല്‍. ഈ എതിര്‍പ്പെല്ലാം മറുകടന്ന് രാഹുല്‍ മണ്ഡലത്തില്‍ ഇപ്പോള്‍ സജീവമാണ്. എന്തായാലും രാഹുലിനെതിരെ വാളെടുക്കുന്ന സഖാക്കളുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന കാര്യമാണ് ഇപ്പോള്‍ വെളിവാകുന്നത്.

ലൈംഗിക ആരോപണ പരാതിയെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട ഡിവൈഎഫ്ഐ നേതാവിനെ സിപിഎം തിരിച്ചെടുത്തു. ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖനെയാണ് പാര്‍ട്ടി പ്രമേഷന്‍ നല്‍കിയത്. ഏരിയാ കമ്മിറ്റിയിലേക്കാണ് വൈശാഖനെ തിരിച്ചെടുത്തത്. കൊടകര ഏരിയ കമ്മിറ്റിയിലേക്കാണ് വൈശാഖനെ തിരിച്ചെടുത്തത്. വൈശാഖനെ ഏരിയ കമ്മിറ്റിയിലേക്ക് മടക്കി കൊണ്ടുവരാനുളള നിര്‍ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

സിപിഐഎം ജില്ലാ സെക്രട്ടറി കൊടകര ഏരിയാ കമ്മിറ്റിയിലേക്ക് വൈശാഖനെ തിരിച്ചെടുക്കാനുളള തീരുമാനം റിപ്പോര്‍ട്ട് ചെയ്തു. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗികാതിക്രമ പരാതിയില്‍ സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് വൈശാഖനെ തരംതാഴ്ത്തിയിരുന്നു. നടപടി നേരിടുന്ന സമയത്ത് ജില്ലാ സെക്രട്ടറിയായിരുന്ന വൈശാഖനെ ജില്ലാ തലത്തില്‍ നിന്ന് ബ്രാഞ്ച് തലത്തിലേക്കാണ് തരംതാഴ്ത്തിയത്.

കഴിഞ്ഞ മാസം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ വൈശാഖനെ മടക്കിക്കൊണ്ടുവരാനുളള നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. ജില്ലാ കമ്മിറ്റി യോഗത്തിലും സമാന നിര്‍ദേശമുണ്ടായിരുന്നു. സംസ്ഥാന ഘടകമാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തത്.

പാര്‍ട്ടിയുടെ മുഖമായി ചാനല്‍ ചര്‍ച്ചകളിലും പ്രതിരോധനങ്ങളിലും നിറഞ്ഞുനിന്നിരുന്ന സമയത്താണ് വൈശാഖനെതിരെ വനിതാ നേതാവ് പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ ഒരു വര്‍ഷത്തോളം വൈശാഖനെ സിപിഎം അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

പിന്നീട് പാര്‍ട്ടി തലത്തില്‍ തന്നെ നടത്തിയ അന്വേഷണത്തില്‍ വൈശാഖന്‍ കുറ്റക്കാരനല്ല എന്ന് കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് വൈശാഖനെ തിരികെ സജീവ പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുവരാനായി സിപിഎം തീരുമാനമെടുത്തത്. പാര്‍ട്ടിയിലേക്ക് മടങ്ങിവരവിന്റെ ഭാഗമായി കുറച്ചുകാലമായി വൈശാഖന്‍ പാര്‍ട്ടി പരിപാടികളില്‍ സജീവമായിരുന്നു.

തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടിയുടെ പരിപാടിയില്‍ അടക്കം വൈശാഖന്‍ സജീവമായിരുന്നു. കരുവന്നൂര്‍ പ്രശ്‌നം ഉള്‍പ്പടെയുള്ളവ ഉയര്‍ന്നുവന്ന് സിപിഎം ജില്ലാഘടകം പ്രതിരോധത്തിലായിരുന്നു. ഇതോടെ ജില്ലയില്‍ പാര്‍ട്ടി ആകെ ക്ഷീണണത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് യുവനേതാവിനെ വീണ്ടും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏല്‍പ്പിക്കുന്നത്. തെരഞ്ഞെടുപ്പു കാലം അടുത്തതോടെ വൈശാഖന്‍ വീണ്ടും പാര്‍ട്ടിയില്‍ സജീവമാകും. ചാനല്‍ ചര്‍ച്ചകളില്‍ അടക്കം അദ്ദേഹം സജീവമായി എത്തുമോ എന്നതാണ് അറിയേണ്ടത്.

Tags:    

Similar News