പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചപ്പോള്‍ ബിജെപിക്കായി കരുത്തുകാട്ടി പോരാളി; നവ്യാ ഹരിദാസിനെ തേടി അര്‍ഹതക്കുള്ള അംഗീകാരമെത്തി; മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയായി നിയമിച്ചു; വി മനുപ്രസാദ് യുവമോര്‍ച്ച അധ്യക്ഷന്‍; കേരള ബിജെപിയുടെ മോര്‍ച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു

പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചപ്പോള്‍ ബിജെപിക്കായി കരുത്തുകാട്ടി പോരാളി

Update: 2025-07-23 07:51 GMT

തിരുവനന്തപുരം: യുവമോര്‍ച്ചക്കും മഹിളാമോര്‍ച്ചക്കും സംസ്ഥാനത്ത് ഇനി പുതിയ നേതൃത്വം. വി മനുപ്രസാദാണ് യുവമോര്‍ച്ച അധ്യക്ഷന്‍. നവ്യാ ഹരിദാസാണ് മഹിളാ മോര്‍ച്ച അധ്യക്ഷ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഒബിസി മോര്‍ച്ചയുടെ അധ്യക്ഷനായി എം പ്രേമന്‍ മാസ്റ്ററേയും എസ് സി മോര്‍ച്ചയുടെ അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാടിനേയും പ്രഖ്യപിച്ചു. മുകുന്ദന്‍ പള്ളിയറയാണ് എസ് ടി മോര്‍ച്ചയുടെ അധ്യക്ഷന്‍.സുമിത് ജോര്‍ജിനെ മൈനോരിറ്റി മോര്‍ച്ചയുടെ അധ്യക്ഷനായും ഷാജി രാഘവനെ കിസ്സാന്‍ മോര്‍ച്ചയുടെ അധ്യക്ഷനായും തീരുമാനിച്ചു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വയനാടിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നവ്യ ഹരിദാസ് ആണ് മഹിളാമോര്‍ച്ചയുടെ പുതിയ സംസ്ഥാന അധ്യക്ഷയായത്. ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ അവര്‍ പുറത്തെടുത്ത പേരാട്ട വീര്യം തന്നെയാണ് അവര്‍ക്ക് പുതിയ സ്ഥാനലബ്ധിക്ക് ഇടയാക്കിയതും. നേരത്തെ, യുവമോര്‍ച്ച, മഹിളാ മോര്‍ച്ച അധ്യക്ഷ തിരഞ്ഞെടുപ്പിന് അഭിമുഖം വെച്ചത് വലിയ വിവാദമായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ശോഭ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ എന്നിവരാണ് അഭിമുഖം നടത്തിയത്.

വയനാട് മണ്ഡലത്തില്‍ രാഹുലിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ 13 ശതമാനം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. പ്രിയങ്കക്കെതിരെ നവ്യ മത്സരിച്ചപ്പോള്‍ 12 ശതമാനം വോട്ടുകള്‍ നിലനിര്‍ത്താന്‍ സാധിച്ചു. ഒരു ശതമാനം വോട്ടുകള്‍ മാത്രമാണ് കുറഞ്ഞത്. ഇത് നവ്യയുടെ നേട്ടമായാണ് കണക്കാക്കിയത്. ഐടി പ്രൊഫഷണല്‍ എന്ന നിലയില്‍ നിന്നും ബിജെപി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ നവ്യക്ക് യുവാക്കള്‍ക്കിടയില്‍ നല്ല സ്വീകാര്യത തന്നെ ലഭിച്ചിരുന്നു.

ബിടെക് ബിരുദധാരിയായ നവ്യ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ജോലി രാജിവച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ബിജെപിക്ക് അന്യമായിരുന്ന കോഴിക്കോട് കോര്‍പ്പറേഷനില്‍ താമര വിരിയിക്കാനുള്ള പരിശ്രമത്തില്‍ നവ്യയുടെ പങ്ക് ചെറുതല്ല. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് രണ്ട് തവണയാണ് നവ്യ വിജയിച്ചത്. ബിജെപിക്ക് കാലുകുത്താന്‍ പോലും ഇടമില്ലാത്തിടത്താണ് 2 തവണ വിജയിച്ച് നവ്യ പുതു ചരിത്രം സൃഷ്ടിച്ചത്. ആ വാര്‍ഡിപ്പോള്‍ ബിജെപി കുത്തകയാണെന്ന് തന്നെ പറയാം. കോഴിക്കോട് മണ്ഡലത്തില്‍ തന്നെ വോട്ട് വര്‍ദ്ധിപ്പിച്ചതില്‍ നവ്യയുടെ പങ്ക് വളരെ വലുതാണ്.

2015ലും 2020 ലും കോര്‍പ്പറേഷന്‍ കാരപ്പറമ്പ് ഡിവിഷനില്‍ നിന്ന് രണ്ടുതവണ മത്സരിച്ചു വിജയിച്ചു. 2021ല്‍ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തി. 20.84 ശതമാനം വോട്ടാണ് അന്ന് നവ്യ ഹരിദാസ് നേടിയത്. കാരപ്പറമ്പ് ഝാന്‍സി ബാലഗോകുലം രക്ഷാധികാരി, ഭഗിനിപ്രമുഖ് തുടങ്ങിയ ചുമതലകളും നവ്യ വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 ല്‍ ഹൈദരാബാദിലെ എച്ച്എസ്ബിസിയില്‍ നിന്ന് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ജോലി രാജിവെച്ചാണ് നവ്യ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.

Tags:    

Similar News