വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് പത്രിക സമര്‍പ്പിച്ചു; കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് ഊരു മൂപ്പനായ പൊലയന്‍ മൂപ്പന്‍; വയനാട്ടില്‍ രണ്ട് എംപിമാരുണ്ടാവുമെന്ന രാഹുലിന്റെ പ്രസംഗം വ്യക്തമാക്കുന്നത് പ്രിയങ്കയുടെ കഴിവുകേടെന്ന് നവ്യ

നവ്യാ ഹരിദാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Update: 2024-10-24 10:36 GMT

കല്‍പറ്റ: എന്‍ ഡി എയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.വരണാധികാരിയായ ജില്ലാ കലക്ടര്‍ മേഘശ്രീക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. കല്‍പ്പറ്റ എടഗുനി കോളനിയിലെ ഊരു മൂപ്പനായ പൊലയന്‍ മൂപ്പന്‍ ആണ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത്.

ബി.ജെ.പി.മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സംസ്ഥാന സമിതി അംഗം സജി ശങ്കര്‍, പി.സദാനന്ദന്‍, ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് മോഹനന്‍ സന്തോഷ് കാളിയത്ത്, കെ.സദാനന്ദന്‍, ശാന്തകുമാരി, മഹിളാ മോര്‍ച്ച നേതാക്കളായ സിനി മനോജ്, ഷൈമ പൊന്നത്ത്, ശ്രീവിദ്യാരാജേഷ്, സി.സത്യ ലക്ഷ്മി, , രമാ വിജയന്‍, ദീപ പുഴക്കല്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

വയനാട്ടില്‍ രണ്ട് എംപിമാരുണ്ടാവുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വ്യക്തമാക്കുന്നത് പ്രിയങ്കാഗാന്ധിയുടെ കഴിവുകേടെന്ന് നവ്യാ ഹരിദാസ് പറഞ്ഞു. പ്രിയങ്കാ ഗാന്ധിക്ക് എം.പി സ്ഥാനത്ത് ഇരിക്കാനുള്ള കഴിവും പ്രാപ്തിയും ഉണ്ടെങ്കില്‍ വയനാട്ടുകാര്‍ക്ക് അവരുടെ ഏത് കാര്യത്തിനും ഞാന്‍ കൂടെ ഉണ്ടാവുമെന്ന് രാഹുല്‍ ഗാന്ധിയ്ക്ക് പറയേണ്ടി വരില്ലായിരുന്നു. പ്രിയങ്കാ ഗാന്ധിയ്ക്ക് എംപിയുടെ ചുമതല നിര്‍വഹിക്കാന്‍ കഴിയില്ലെന്നതാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടുകാര്‍ക്ക് ആക്സസബിള്‍ ആയിട്ടുളള ഒരു എംപി ആയിരുന്നില്ല. അവര്‍ക്ക് ഏതെങ്കിലും ഒരു ആവശ്യം എംപിയോട് പറയാന്‍ അപ്പോയിന്‍മെന്റ് എടുത്ത് കാത്തിരിക്കണമായിരുന്നു. ട്രാന്‍സ്ലേറ്റര്‍ ഇല്ലാതെ കാര്യങ്ങള്‍ നേരിട്ട് പറയാന്‍ പറ്റുമായിരുന്നില്ല. പ്രിയങ്കാ ഗാന്ധി വന്നാല്‍ സാഹചര്യം ഇതിനേക്കാള്‍ മോശമാകുമെന്നും അവര്‍ പറഞ്ഞു.



മറ്റ് ജില്ലകളില്‍ നിന്ന് ആളെയെത്തിച്ചാണ് പ്രിയങ്കാഗാന്ധിയുടെ റോഡ് ഷോയ്ക്ക് ആളെക്കൂട്ടിയത്. ടൂറിസ്റ്റ് ബസ്സുകളില്‍ നിന്നും പല ജില്ലകളില്‍ നിന്നും ആളുകളെ കൊണ്ടുവന്നു. കണ്ണൂര്‍ മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ നിന്നും ആളുകളെ എത്തിച്ചു. റോഡ് ഷോയ്ക്ക് എത്തിയവരെല്ലാം മണ്ഡലത്തിലെ വോട്ടര്‍മാരല്ലെന്നും നവ്യാ ഹരിദാസ് പറഞ്ഞു. പ്രിയങ്ക സത്യവാങ്മൂലത്തില്‍ ആസ്തിയുടെ മൂല്യം കുറച്ചാണ് കാണിച്ചിരിക്കുന്നത്. വസ്തുവകകള്‍ വാങ്ങാന്‍ പ്രിയങ്കാ ഗാന്ധിയിക്ക് എന്ത് വരുമാനമാണ് ഉള്ളതെന്നും പ്രിയങ്കാ ഗാന്ധിയും ഭര്‍ത്താവും ചേര്‍ന്ന് അനധികൃതമായി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതാണോ എന്ന് അന്വേഷിക്കണമെന്നും നവ്യ ഹരിദാസ് ആവശ്യപ്പെട്ടു.

പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര നേരത്തെ തന്നെ ഭൂമി ഇടപാടുകളില്‍ ആരോപണ വിധേയനായ ആളാണ്, പ്രിയങ്കാ ഗാന്ധിയുടെ വരുമാനത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ഭര്‍ത്താവിന്റെ ഇടപാടുകളില്‍ പ്രിയങ്കയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. പ്രിയങ്കയ്ക്ക് ഇത് ആദ്യ തിരഞ്ഞെടുപ്പാണ്, സാധാരണക്കാരുമായി ഇടപഴകി ശീലമില്ലാത്ത സ്ഥാനാര്‍ത്ഥിയാണ് പ്രിയങ്ക. താന്‍ മത്സരിക്കുന്ന നാലാമത്തെ തിരഞ്ഞെടുപ്പാണ് ഇത്. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയല്ലെന്നും നവ്യാ ഹരിദാസ് പറഞ്ഞു.

Tags:    

Similar News