തോമസ് കെ തോമസ് കാത്തിരിക്കണം; എന്‍സിപി മന്ത്രിമാറ്റം തല്‍ക്കാലമില്ല; ശശീന്ദ്രന്‍ മന്ത്രിയായി തുടരും; പാര്‍ട്ടി തീരുമാനം അറിയിച്ചെങ്കിലും കാത്തിരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
എന്‍സിപി മന്ത്രിമാറ്റം തല്‍ക്കാലമില്ല
തിരുവനന്തപുരം: തോമസ് കെ തോമസിന് ഉടനെ മന്ത്രായാകാനാവില്ല. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നത് വൈകും. മുഖ്യമന്ത്രിയുമായുള്ള എന്‍സിപി നേതാക്കളുടെ കൂടിക്കാഴ്ച്ച പൂര്‍ത്തിയായി. കാത്തിരിക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ എ കെ ശശീന്ദ്രന്‍ മന്ത്രിയായി തുടരും.
ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കാനുള്ള എന്‍സിപി ദേശീയ പാര്‍ലമെന്ററി ബോര്‍ഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനം ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചു.
എ.കെ ശശീന്ദ്രന്‍, പിസി ചാക്കോ, തോമസ്.കെ.തോമസ്, എന്നിവരാണ് വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയെ കണ്ടത്. പാര്‍ട്ടി തീരുമാനം ശശീന്ദ്രന്‍ പൂര്‍ണമായി അംഗീകരിച്ചിരുന്നില്ല. തോമസ്.കെ.തോമസിനെ ഈ ഘട്ടത്തില്‍ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് മുഖ്യമന്ത്രി അനുകൂലിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു ശശീന്ദ്രന്‍ വിഭാഗം. മന്ത്രിമാറ്റത്തെ മുഖ്യമന്ത്രി അനുകൂലിക്കാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടുന്നുവെന്ന പ്രചാരണം പി.സി ചക്കോ വിഭാഗം ശക്തമാക്കിയേക്കും.
ദേശീയ നേതൃത്വത്തിനെതിരെ ജില്ലകളില്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചതിന്റെ പേരില്‍ ശശീന്ദ്രന്‍ വിഭാഗം നേതാക്കളും സംസ്ഥാന ഭാരവാഹികളുമായ റസാഖ് മൗലവി, എ.വി.വല്ലഭന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, ഓട്ടൂര്‍ ഉണ്ണിക്കൃഷ്ണന്‍, ആര്‍.കെ.ശശിധരന്‍പിള്ള, രഘു കെ.മാരാത്ത് എന്നിവര്‍ക്ക് ജനറല്‍ സെക്രട്ടറി കെ.ആര്‍.രാജന്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു.
അതിനിടെ, എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റി പകരം തോമസ് കെ. തോമസിനെ മന്ത്രിയാക്കാനുള്ള അധികാരം പി.സി. ചാക്കോയ്ക്ക് ഇല്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്‍.എ. മുഹമ്മദ് കുട്ടി പ്രസ്താവനയില്‍ പറഞ്ഞു. എന്‍സിപി ദേശീയ തലത്തില്‍ പിളര്‍പ്പുണ്ടായപ്പോള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നവും കൊടിയും തിരഞ്ഞെടുപ്പു കമ്മിഷന്‍ അനുവദിച്ചത് അജിത് പവാര്‍ വിഭാഗത്തിനാണ്. അജിത് പവാര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി നിശ്ചയിച്ചത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു