കെപിസിസി അദ്ധ്യക്ഷ പ്രഖ്യാപനത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍; രാഹുല്‍ ഗാന്ധി കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും കണ്ടു; പുതിയ അദ്ധ്യക്ഷനെ തിങ്കളാഴ്ച പ്രഖ്യാപിക്കില്ലെന്ന് കെ സി; കെ സുധാകരനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോയേക്കും; സുധാകരനെ പിന്തുണച്ചും പുന: സംഘടനയിലെ അനിശ്ചിതത്വത്തില്‍ വിമര്‍ശിച്ചും രാഹുല്‍ മാങ്കൂട്ടത്തില്‍

കെപിസിസി അദ്ധ്യക്ഷ പ്രഖ്യാപനം ഇന്ന്?

Update: 2025-05-05 08:28 GMT

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയില്‍ രണ്ടും കല്‍പ്പിച്ച് നീങ്ങാന്‍ ഹൈക്കമാന്‍ഡ് തീരുമാനം. പുതിയ കെ.പി.സി.സി അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കാനാണ് നീക്കം. കെ സുധാകരനുമായി ഒരിക്കല്‍ കൂടി ഹൈക്കമാന്‍ഡ് ആശയവിനിമയം നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. വി ഡി സതീശനുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി. പുതിയ കെ.പി.സി.സി അധ്യക്ഷന്റെ പ്രഖ്യാപനം ഇനി വൈകേണ്ട എന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. പാര്‍ട്ടിക്ക് ഒരു സംവിധാനമുണ്ടെന്നും അതനുസരിച്ച് കാര്യങ്ങള്‍ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച പുതിയ അദ്ധ്യക്ഷ പ്രഖ്യാപനം ഉണ്ടാകുമെന്ന് ആരുപറഞ്ഞെന്നും കെ സി ചോദിച്ചു

അതേസമയം, കോണ്‍ഗ്രസ് പുന: സംഘടന സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ, രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വരാന്‍ പോകുന്നത് അങ്കണവാടി തിരഞ്ഞെടുപ്പല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നേതാക്കള്‍ ഉത്തരവാദിത്വം കാട്ടണം, പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കരുത്. യുവാക്കള്‍ കാട്ടുന്ന പക്വതയും പാകതയും മുതിര്‍ന്ന നേതാക്കള്‍ കാട്ടണം. ഏതെങ്കിലും യുവനേതാവ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടോ എന്നും രാഹുല്‍ ചോദിച്ചു. സുധാകരന്‍ വലിയ ജനപിന്തുണയുള്ള നേതാവെന്ന് വിശേഷിപ്പിച്ച് അദ്ദേഹത്തെ രാഹുല്‍ പിന്തുണച്ചു. സുധാകരന്‍ കേരളത്തിലെ ഏതു ജംഗ്ഷനില്‍ പോയാലും ആളുകൂടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെപിസിസി അധ്യക്ഷ മാറ്റത്തില്‍ കെ സുധാകരന്‍ ഇന്നു പ്രതികരിക്കാന്‍ തയ്യാറായില്ല. ഒന്നും പറയാനില്ല മക്കളെ എന്ന് കെ.സുധാകരന്‍ പറഞ്ഞു. പോയി കടും ചായയെയും കുടിച്ചു പിരിഞ്ഞോളു എന്നും കെ സുധാകരന്‍ പ്രതികരിച്ചു. അതിനിടെ, അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ തുടരുന്നതിനെ അനുകൂലിച്ച് പോസ്റ്ററുകള്‍. പാലക്കാട് ഡി.സി.സി ഓഫിസ് പരിസരത്താണ് സുധാകരന്‍ തുടരണമെന്നാവശ്യപ്പെടുന്ന പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

''പിണറായിയെ അടിച്ചിടാന്‍ ഒരാള്‍ മാത്രം കെ.സുധാകരന്‍'', കെ.സുധാകരന്‍ ഇല്ലെങ്കില്‍ മേഞ്ഞു നടക്കും സി.പി.ഐ.എം'', ''കെ.സുധാകരനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ എല്‍.ഡി.എഫ് ഏജന്റുമാര്‍'' തുടങ്ങിയ പരാമര്‍ശങ്ങളാണ് പോസ്റ്ററിലുള്ളത്.

ഞായറാഴ്ചത്തേത് കെ സുധാകരന്റേത് അപ്രതീക്ഷിത നീക്കമെന്ന് എഐസിസി വിലയിരുത്തുന്നത്. അഭിമുഖത്തെ വൈകാരിക പ്രകടനമായി വിലയിരുത്തിയ നേതൃമാറ്റ പ്രഖ്യാപനം മുന്‍ നിശ്ചയിച്ചത് പോലെ നടത്താനാണ് നീക്കം. എന്നാല്‍, ഇതിനെതിരെ തിരിച്ചടിക്കാന്‍ സുധാകരന്‍ രംഗത്തുവന്നാല്‍ അത് കോണ്‍ഗ്രസില്‍ തുടര്‍ വിവാദങ്ങള്‍ക്ക് വഴിവെക്കും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് സുധാകരന് പകരം ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ യുവനേതാക്കള്‍ക്ക് അടക്കം എതിര്‍പ്പുണ്ട്. മുതര്‍ന്ന് പല നേതാക്കളെയും വെട്ടിയണ് സമുദായത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ആന്റോ ആന്റണിയുടെയും സണ്ണി ജോസഫിന്റെയും പേരുകളിലേക്ക് എത്തിയത്. ഇവര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പുണ്ട്. ഇതില്‍ തന്നെ ആന്റോക്കാണ് മുന്‍തൂക്കമുള്ളതും. ഇത് ചില നേതാക്കള്‍ക്ക് കേരളത്തില്‍ അവരുടെ അധീശത്തം അരക്കിട്ടുറപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തുന്നത്.

പ്രസിഡന്റ് മാറ്റത്തെക്കുറിച്ച് ഒരുവിധ ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെയാണ് ഉണ്ടാവുന്നതെന്നും സുധാകരന്‍ ഇന്നലെ തുറന്നിച്ചിരുന്നു. ആരോഗ്യപ്രശ്നമുണ്ടെന്ന് വരുത്തിതീര്‍ത്ത് മൂലക്കിരുത്താന്‍ ഒരു ഗ്രൂപ്പും കേരളത്തിലെ ഒരു നേതാവും ശ്രമിക്കുന്നുണ്ട്. ആളിനെ അറിയാം. പറയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം കെ.സുധാകരനെ ഡല്‍ഹിയിലേക്ക് വിളിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷനും രാഹുല്‍ഗാന്ധിയും ചര്‍ച്ച നടത്തിയതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. മാറാന്‍ ആരും പറഞ്ഞിട്ടില്ലെന്നും പറയാത്തിടത്തോളം പ്രസിഡന്റായി തുടരുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

പിണറായി വിജയനെ ഭരണത്തില്‍ നിന്നു താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആന്റോ ആന്റണിയോ, സണ്ണിജോസഫോ അദ്ധ്യക്ഷനാവുമെന്നാണ് വാര്‍ത്ത പരന്നത്. സുധാകരനെ മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.മുരളീധരനും സുധാകരന്‍ മാറേണ്ട ആവശ്യമില്ലെന്ന് ആന്റോആന്റണിയും ഇന്നലെ പ്രതികരിച്ചു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വൈകാതെയുണ്ടാവും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫിനും കോണ്‍ഗ്രസിനും ശക്തിപരീക്ഷണമാണ്. എല്‍.ഡി.എഫ് പാളയം വിട്ട അന്‍വറിനും യു.ഡി.എഫ് വിജയം അഭിമാനപ്രശ്നമാണ്. കെ.പി.സി.സി അദ്ധ്യക്ഷ പദത്തില്‍ പെട്ടെന്നൊരു ഇളക്കിപ്രതിഷ്ഠ നടത്തിയാല്‍ അത് കുളംകലക്കലാവുമെന്നാണ് നല്ലൊരു വിഭാഗം നേതാക്കളുടെയും അഭിപ്രായം.


ഹൈക്കമാന്‍ഡിന് മുന്നില്‍ കത്തോലിക്കാ വിഭാഗം ചില നിര്‍ദ്ദേശങ്ങള്‍ വച്ചതായും സൂചനയുണ്ട്. ഇതിന് വഴങ്ങി സുധാകരനെ മാറ്റില്‍ അത് മറ്റൊരു തിരിച്ചടിയാവും. കാരണം കേരളത്തിലെ പ്രബല ശക്തിയായ ഈഴവസമുദായത്തിന് കോണ്‍ഗ്രസില്‍ ആകെ ലഭിച്ചിട്ടുള്ള പ്രധാന പദവി ഇതാണ്. നിയമസഭയില്‍ പോലും കോണ്‍ഗ്രസ് പക്ഷത്ത് അര്‍ഹമായ പ്രാതിനിധ്യമില്ല. ഈ പശ്ചാത്തലത്തിലാണ് സുധാകരനെ മാറ്റുന്നതും. അടൂര്‍ പ്രകാശിന്റെ പേര് എതിര്‍വശത്ത് ഉയര്‍ന്നപ്പോഴും അതിനെ എതിര്‍ക്കാന്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Tags:    

Similar News