'നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം കെട്ടിച്ചമച്ചു; മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് കള്ളം പറഞ്ഞു; ദിവ്യ ചെയ്തതിനേക്കാള്‍ ക്രൂരതയാണ് സിപിഎം ആ കുടുംബത്തോട് ചെയ്തതെന്ന് വി ഡി സതീശന്‍

ഈ കൈക്കൂലി കഥ പാര്‍ട്ടിയുണ്ടാക്കിയതാണെന്ന് വി ഡി സതീശന്‍

Update: 2024-10-18 11:51 GMT

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പുറത്താക്കിയത് തിരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈ കൈക്കൂലി കഥ പാര്‍ട്ടിയുണ്ടാക്കിയതാണ്. കുടുംബത്തെയും തലമുറകളെയും അധിക്ഷേപിച്ചതിനു കുടുംബത്തോടും നാടിനോടും മാപ്പ് ചോദിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

''ദിവ്യ ചെയ്തതിനേക്കാള്‍ ക്രൂരതയാണ് സിപിഎം ആ കുടുംബത്തോട് ചെയ്തത്. തിരഞ്ഞെടുപ്പും ജനങ്ങളുടെ സമ്മര്‍ദവും കാരണമാണ് ദിവ്യയെ പുറത്താക്കാന്‍ നിര്‍ബന്ധിതമായത്. ആദ്യം പാര്‍ട്ടി സംരക്ഷിക്കാന്‍ നോക്കി. നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം കെട്ടിച്ചമച്ചു.

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് കള്ളം പറഞ്ഞു. അഴിമതിക്കാരനാക്കി തേജോവധം ചെയ്തു. ആരോപണം ഉന്നയിച്ചയാളും മറ്റൊരു സംരംഭകനും ചെയ്ത ഫോണ്‍ കോളില്‍നിന്നും നവീന്‍ ബാബു അഴിമതിക്കാരനല്ലെന്ന് മനസിലാകും. സംഭവത്തില്‍ ജില്ലാ കലക്ടറും കുറ്റക്കാരനാണ്. ജില്ലാ കലക്ടര്‍ക്ക് ഉത്തരവാദിത്തമുണ്ടായിരുന്നു. അടുത്തിരുന്ന് ദിവ്യ സംസാരിക്കുമ്പോള്‍ നിര്‍ത്തിക്കണം. കലക്ടര്‍ ചെയ്തത് സന്തോഷകരമായ കാര്യമല്ല'' സതീശന്‍ പറഞ്ഞു.

നവീന്‍ ബാബുവിന്റെ മരണവിവരം അറിഞ്ഞയുടനെ പത്തനംതിട്ടയിലെയും കണ്ണൂരിലെയും ഗസറ്റഡ് അസോസിയേഷനോടും എന്‍ജിഒകളോടും അന്വേഷിച്ചു. അദ്ദേഹം പാര്‍ട്ടി കുടുംബമാണ്, അഴിമതിക്കാരനല്ലെന്ന വിവരമാണ് ലഭിച്ചത്. നേതാവിനെ രക്ഷിക്കാന്‍ വേണ്ടി പാര്‍ട്ടി കുടുംബത്തിനോട് പോലും നീതി കാണിക്കാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്നും സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ മുന്‍ അധ്യക്ഷന്‍ പി.സരിനെ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ സന്തോഷമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുന്‍ എംഎല്‍എ ഷാഫി പറമ്പില്‍ നേടിയതിയതിനേക്കാള്‍ 10,000 വോട്ട് അധികം നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്നും സതീശന്‍ പറഞ്ഞു.

Tags:    

Similar News