എം ആര്‍ ഗോപന്‍ പേര് നിര്‍ദേശിച്ചു; പിന്‍താങ്ങി വി ജി ഗിരികുമാര്‍; തലസ്ഥാന നഗരിയുടെ നാഥനായി വി വി രാജേഷ്; സ്വതന്ത്രന്റേതടക്കം 51 വോട്ടുകള്‍ നേടി വിജയം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വി വി രാജേഷിനെ തെരഞ്ഞെടുത്തു. 51 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകളാണ് ലഭിച്ചത്. എം ആര്‍ ഗോപനാണ് വി വി രാജേഷിന്റെ പേര് നിര്‍ദേശിച്ചത്. വി ജി ഗിരികുമാര്‍ പിന്‍താങ്ങി. സ്വതന്ത്രനായി ജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് വോട്ട് ചെയ്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്.
വോട്ടെടുപ്പിന് തൊട്ടു മുന്‍പായി, ബിജെപി കൗണ്‍സിലര്‍മാര്‍ ദൈവങ്ങളുടെ പേരു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം സിപിഎം കൗണ്‍സിലര്‍ എസ്.പി. ദീപക് ചൂണ്ടിക്കാട്ടിയെങ്കിലും കലക്ടര്‍ നിരസിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ഇക്കാര്യം ഉന്നയിക്കണമായിരുന്നു എന്ന് കലക്ടര്‍ അനുകുമാരി പറഞ്ഞു. കയ്യടിയോടെയാണ് ബിജെപി അംഗങ്ങള്‍ കലക്ടറുടെ വാക്കുകളെ സ്വീകരിച്ചത്. സത്യപ്രതിജ്ഞ കഴിഞ്ഞ് ഫോമുകളില്‍ ഒപ്പിടുകയും യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തതോടെ അംഗങ്ങളായി മാറിയെന്നും ഇനി പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കലക്ടര്‍ പറഞ്ഞു. തുടര്‍ന്ന് വോട്ടെണ്ണുന്നതിലേക്ക് കടന്നു.
രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജേഷിനെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. ഒരു സ്വതന്ത്രന്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നിരുന്നു. കോണ്‍ഗ്രസ് വിമതനായ സുധീഷ് കുമാര്‍ ആണ് വിട്ടുനിന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥന്‍ ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. പുന്നക്കാമുഗള്‍ കൗണ്‍സിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആര്‍ പി ശിവജിയായിരുന്നു എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി.
തിരുവനന്തപുരം മേയര്‍ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ കടുത്ത അതൃപ്തിയിലാണ്. അനുനയിപ്പിക്കാന്‍ കേന്ദ്ര നേതാക്കള്‍ ശ്രമം നടത്തുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍, അവസാന നിമിഷം വിവി രാജേഷിനെ മേയറാക്കാനുള്ള തീരുമാനം ബിജെപി എടുക്കുകയായിരുന്നു. തന്റെ അതൃപ്തി അവര്‍ പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചതായാണ് സൂചന.
