'വൈസ് ചെയര്‍പേഴ്‌സണിന് മോശം മെസേജ് വന്നു'; യുഡിഎഫ് കൗണ്‍സിലറുടെ ആരോപണത്തിന് പിന്നാലെ പാലാ നഗരസഭയില്‍ വാക്കുതര്‍ക്കം; 'അടിയെങ്കില്‍ തിരിച്ചടി'യെന്ന് മുന്‍ ചെയര്‍പേഴ്‌സണ്‍ ബെറ്റി ഷാജു; ഒടുവില്‍ വിശദീകരണം
കോട്ടയം: വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പാലാ നഗരസഭയില്‍ എല്‍ഡിഎഫ് - യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കം. എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ മായാ രാഹുലിന് മോശം മെസേജ് വന്നു എന്ന് യുഡിഎഫ് കൗണ്‍സിലര്‍ ടോണി തൈപ്പറമ്പില്‍ ആരോപിച്ചതിന് പിന്നാലെയാണ് തര്‍ക്കം.
മെസേജ് അയച്ചത് ആരാണെന്ന് വെളിപ്പെടുത്തണമെന്ന് പറഞ്ഞ് എല്‍ഡിഎഫ് അംഗങ്ങള്‍ ബഹളം വച്ചു. യുഡിഎഫ് കൗണ്‍സിലറുടെ ആരോപണത്തില്‍ അടിയെങ്കില്‍ തിരിച്ചടിയെന്ന് മുന്‍ ചെയര്‍പേഴ്‌സണ്‍ ബെറ്റി ഷാജു മറുപടി നല്‍കി. അതേസമയം, മോശം മെസേജ് വന്നോ എന്ന ചോദ്യത്തില്‍ വ്യക്തമായ മറുപടി പറയാതെ മായാ രാഹുല്‍ ഒഴിഞ്ഞുമാറി. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കേണ്ടതില്ലെന്നും മായാ രാഹുല്‍ പറഞ്ഞു.
മുന്‍ ഭരണസമിതിക്കെതിക്കെതിരെ കടുത്ത ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയതോടെയാണ് തര്‍ക്കത്തിന്റെ തുടക്കം. ഭരണപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ച് എല്‍ഡിഎഫ് പ്രതിനിധികള്‍ രംഗത്തെത്തി. അടിയെങ്കില്‍ തിരിച്ചടിയെന്ന് മുന്‍ ചെയര്‍പേഴ്‌സണ്‍ ബെറ്റിഷാജു പറഞ്ഞു. കായികമെങ്കില്‍ അങ്ങനെയെന്നും ബെറ്റി കൂട്ടി ചേര്‍ത്തു. ഫണ്ട് വീതം വച്ചതില്‍ വിവേചന നടന്നതായും പ്രതിപക്ഷം രാഷ്ട്രീയം കളിച്ചാല്‍ ഒന്നിച്ച് പ്രതിരോധിക്കുമെന്നും നഗരസഭയില്‍ ഒരു ശൗചാലയം പോലും നിര്‍മിക്കാത്തവരാണ് മുന്‍ ഭരണസമിതിയെന്നുമാണ് യുഡിഎഫ് പ്രതിനിധി പറഞ്ഞത്.
പിന്നാലെ ആരോപണം ഉന്നയിച്ച കൗണ്‍സിലര്‍ ടോണി തൈപ്പറമ്പില്‍ വിശദീകരണവുമായെത്തി. പ്രതിപക്ഷത്ത് നിന്നൊരാള്‍ യുഡിഎഫില്‍ ഭിന്നിപ്പുണ്ട്, ജയിക്കില്ല എന്ന് മായാ രാഹുലിന് മെസേജ് അയച്ചു. അത് മാനസിക സമ്മര്‍ദം ഉണ്ടാക്കുന്ന മെസേജ് ആണ്. അതാണ് മോശം എന്നതുകൊണ്ട് ഉദ്ദേശിച്ചതെന്നും ടോണി പ്രതികരിച്ചു.