'എല്ലാവിധ ആശംസകളും നേരുന്നു..'; ചരിത്രത്തിൽ തന്നെ ആദ്യമായി തലസ്ഥാന കോർപ്പറേഷൻ പിടിച്ചെടുത്ത ബിജെപി; മേയർ തെരഞ്ഞെടുപ്പിന് മുന്നേ മുഖ്യനെ ഫോണിൽ വിളിച്ച് വിവി രാജേഷ്

Update: 2025-12-26 07:28 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ മേയർ സ്ഥാനാർത്ഥി വി.വി. രാജേഷിന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ച ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇത് നിർണായകമായ ഒരു ഘട്ടമാണ്. മേയർ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് വി.വി. രാജേഷ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ആശംസകൾ സ്വീകരിക്കുകയായിരുന്നു.

കൊടുങ്ങാനൂർ വാർഡിൽ നിന്ന് വിജയിച്ച വി.വി. രാജേഷിനെ ദീർഘനാളത്തെ ചർച്ചകൾക്കൊടുവിലാണ് പാർട്ടി മേയർ സ്ഥാനത്തേക്ക് തീരുമാനിച്ചത്. മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ പേരും മേയർ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടായിരുന്നു. എന്നാൽ, രാഷ്ട്രീയ പരിചയം മുൻനിർത്തി രാജേഷിനാണ് നറുക്കുവീണത്. ആശാ നാഥാണ് ബി.ജെ.പിയുടെ ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി.

മേയർ സ്ഥാനാർത്ഥിത്വം അവസാന നിമിഷം കൈവിട്ടുപോയതിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖ കടുത്ത അതൃപ്തിയിലാണെന്ന് സൂചനകൾ പറയുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച് മികച്ച വിജയം നേടിയ ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന പ്രചാരണമുണ്ടായിരുന്നു.

അവസാന നിമിഷം വരെയും മേയറാകുമെന്ന പ്രതീക്ഷയിലായിരുന്ന ശ്രീലേഖയ്ക്ക്, വി.വി. രാജേഷിനെ മേയറാക്കാനുള്ള പാർട്ടി തീരുമാനം തിരിച്ചടിയായി. അവസാന ഘട്ടത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പാർട്ടി തീരുമാനങ്ങളുമാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവർ പാർട്ടിയെ നേരിട്ട് അറിയിച്ചിട്ടുണ്ട്.

Tags:    

Similar News