'വി.വി. രാജേഷ് ഇങ്ങോട്ട് വിളിച്ചപ്പോഴാണ് അഭിനന്ദിച്ചത്; പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്'; തിരുവനന്തപുരം മേയര്‍ക്ക് ആശംസ അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് വി.വി. രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. രാജേഷ് മുഖ്യമന്ത്രിയെ അന്വേഷിച്ച് ഇങ്ങോട്ട് വിളിക്കുകയായിരുന്നുവെന്നും ഈ ഘട്ടത്തിലാണ് പിണറായി വിജയന്‍ അഭിനന്ദനം അറിയിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
'വെള്ളിയാഴ്ച രാവിലെ വി.വി. രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ പേഴ്സണല്‍ അസിസ്റ്റന്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാല്‍ പിന്നീട് കണക്ട് ചെയ്യാം എന്ന് പിഎ അറിയിച്ചു. അതുകഴിഞ്ഞ് പിഎ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു.
താന്‍ മേയര്‍ ആയി തിരഞ്ഞെടുക്കപ്പെടാന്‍ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്ന് കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. 'ആവട്ടെ, അഭിനന്ദനങ്ങള്‍' എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാര്‍ത്ത വി.വി. രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകള്‍ അറിയിച്ചു എന്നാണ്. ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്'. വാര്‍ത്ത തിരുത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ കുറിപ്പില്‍ പറയുന്നു.
സിപിഎം കോടതിയിലേക്ക്
തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പില്‍ ചട്ടലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സിപിഎം കോടതിയിലേക്ക്. വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. സത്യപ്രതിജ്ഞ ചെയ്ത ഇരുപത് അംഗങ്ങള്‍ ചട്ടം ലംഘിച്ചുവെന്നാണ് സിപിഎമ്മിന്റെ പരാതി. ബിജെപിയുടെ ചട്ടലംഘനത്തിനെതിരെ സിപിഎം പ്രതിഷേധിച്ചിരുന്നു. നേരത്തെ, ഇതിനെതിരെ പരാതി നല്‍കിയത് നിലവിലുണ്ട്.
ബലിദാനിയുടെ പേരില്‍ ഉള്‍പ്പെടെയുള്ള പ്രതിജ്ഞ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഎം നേതാവ് എസ്പി ദീപക് പറഞ്ഞു. ചട്ടപ്രകാരം പ്രതിജ്ഞ എടുത്തവരുടെ വോട്ട് മാത്രം സാധുവായി കണക്കാക്കണം. ബിജെപി, യുഡിഎഫ് അംഗങ്ങളായ ഇരുപത് പേര്‍ ചട്ടം ലംഘിച്ചെന്നും വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നും സിപിഎം ആരോപിച്ചു. ചട്ടം ലംഘിച്ചവരെ മാറ്റിനിര്‍ത്തി വോട്ടെടുപ്പ് നടത്തണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.