പി. സരിന്റെ റോഡ് ഷോ ശക്തി പ്രകടനമാക്കി മാറ്റി ഇടതുമുന്നണി; ''സരിന്‍ ബ്രോ'' എന്നെഴുതിയ പ്ലക്കാര്‍ഡുമായി ആവേശത്തോടെ അണിനിരന്ന് പ്രവര്‍ത്തകര്‍; പാലക്കാടിന്റെ പ്രചാരണച്ചൂടിലേക്ക് നേരിട്ടിറങ്ങി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

പാലക്കാടിന്റെ പ്രചാരണച്ചൂടിലേക്ക് പി സരിന്‍

Update: 2024-10-19 12:54 GMT

പാലക്കാട്: പാലക്കാടിന്റെ പ്രചാരണച്ചൂടിലേക്ക് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍. ഡോ. പി.സരിന്റെ റോഡ് ഷോയില്‍ ആവേശത്തോടെയാണ് നേതാക്കളും ഇടതുമുന്നണി പ്രവര്‍ത്തകരും അണിനിരന്നത്. ''സരിന്‍ ബ്രോ'' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കെടുത്തത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിപ്പോയ ഇടത് മുന്നണി ഇത്തവണ ഒന്നാം സ്ഥാനത്തേക്കെത്തുമെന്നും ഇടതുമുന്നണി പ്രവര്‍ത്തകര്‍ പറയുന്നു.

കോണ്‍ഗ്രസ് വിട്ടെത്തിയ പി സരിനെ സ്വീകരിക്കാന്‍ നേതാക്കള്‍ക്ക് മാത്രമല്ല പ്രവര്‍ത്തകര്‍ക്കും ഒട്ടും മടിയില്ലെന്ന് റോഡ് ഷോയില്‍ വ്യക്തം. പാലക്കാട്ട് പി. സരിന്റെ റോഡ് ഷോ ശക്തി പ്രകടനമാക്കി മാറ്റിയിരിക്കുകയാണ് ഇടതുമുന്നണി.

ഇന്നലെ വരെ കോണ്‍ഗ്രസായിരുന്ന സരിനെ എങ്ങനെ സ്വീകരിക്കുമെന്ന ചോദ്യത്തിന് പ്രവര്‍ത്തകര്‍ക്ക് ഒരേയൊരു മറുപടി മാത്രം. ''സരിന്‍ എന്ന വ്യക്തിയല്ല, പ്രസ്ഥാനം മുന്നില്‍ വെച്ച സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ആ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കും, വോട്ട് ചെയ്ത് വിജയിപ്പിക്കും''.

ഇതുവരെയുമില്ലാത്ത രീതിയിലുളള പ്രചരണത്തിലേക്കാണ് സരിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധനേടിയ പാലക്കാട് എത്തി നില്‍ക്കുന്നത്.

അതേ സമയം മുന്‍കാലങ്ങളില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരേ നടത്തിയ വിമര്‍ശനങ്ങളില്‍ പി. സരിന്‍ മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരുന്നു. തന്റെ പേരിലുള്ള തെറ്റിദ്ധാരണകളെ മാറ്റാന്‍ മുഴുവന്‍ സമയവും ഈ പ്രസ്ഥാനത്തിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

''രണ്ട് വ്യത്യസ്ത ചേരിയില്‍ നിന്നുകൊണ്ട് നമ്മള്‍ പോരാടുന്ന സമയത്ത് ശരി എന്നു തോന്നുന്ന പക്ഷം സ്ഥാപിക്കുന്നതിനു വേണ്ടി ഞാന്‍ എന്റെ വഴിയും നിങ്ങള്‍ അന്ന് വേറെ വഴിയും സ്വീകരിച്ചു. നമ്മള്‍ ഇന്ന് ഒന്നാണ്. എന്റെ വഴിയില്‍ ബോധ്യങ്ങള്‍ എനിക്ക് ഉള്ളിടത്തോളം, ആ ബോധ്യങ്ങളെ ഇടതുപക്ഷ ജനാധിപത്യ മുന്നന്നണിയുടെ മുന്നിലേക്ക് ഞാന്‍ വെച്ചപ്പോള്‍ അത് സ്വീകരിച്ചിടത്തോളം, ഇതുവരെയും അതില്‍ പിഴവുകള്‍ പറ്റിയിട്ടില്ല.പിഴവുകളില്ലാതെ മുന്നോട്ട് പോകേണ്ടതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു.'' - സരിന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പരസ്യമായി കോണ്‍ഗ്രസുമായി ഇടഞ്ഞാണ് സരന്‍ എല്‍.ഡി.എഫ്. പാളയത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം സരിനെ കോണ്‍ഗ്രസ് അംഗത്വത്തില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നാലെ സി.പി.എം. പാലക്കാട്ട് ഇടത് സ്വതന്ത്രനായി സരിനെ പ്രഖ്യാപിക്കുകയായിരുന്നു.

Tags:    

Similar News