'അന്‍വര്‍ വിളിച്ചിട്ട് വന്നതല്ല; ക്ഷണിക്കാതെ പെട്ടെന്ന് കയറി വന്നതാണ്'; ആതിഥ്യ മര്യാദയുടെ പേരിലാണ് ഓഫീസിലേക്ക് സ്വീകരിച്ചതെന്ന് ലീഗ് പ്രാദേശിക നേതാക്കള്‍
സന്ദര്‍ശനം വിവാദമാക്കുന്നത് രാഷ്ട്രീയ ദുരുദ്ദേശത്തോടെ
'അന്‍വര്‍ വിളിച്ചിട്ട് വന്നതല്ല; ക്ഷണിക്കാതെ പെട്ടെന്ന് കയറി വന്നതാണ്'; ആതിഥ്യ മര്യാദയുടെ പേരിലാണ് ഓഫീസിലേക്ക് സ്വീകരിച്ചതെന്ന് ലീഗ് പ്രാദേശിക നേതാക്കള്‍തൃശൂര്‍: ചേലക്കര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയെയും പി.വി.അന്‍വര്‍ എം.എല്‍.എയെയും മുസ്ലിം ലീഗ് ഓഫീസില്‍ സ്വീകരിച്ചതിനെ ചൊല്ലിയുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി പാര്‍ട്ടി പ്രാദേശിക നേതൃത്വം. ചേലക്കര മണ്ഡലത്തിലെ ദേശമംഗലത്തിനടുത്ത് പള്ളത്തെ മുസ്ലിം ലീഗ് ഓഫീസില്‍ പി.വി.അന്‍വര്‍ സന്ദര്‍ശിച്ചതിലാണ് പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം നല്‍കിയത്.
അന്‍വര്‍ വിളിച്ചിട്ട് വന്നതല്ലെന്നും ക്ഷണിക്കാതെ പെട്ടെന്ന് കയറി വന്നതാണെന്നും മുസ്ലിം ലീഗ് ദേശമംഗലം പഞ്ചായത്ത് ട്രഷറര്‍ കെ.എ.സലീം പറഞ്ഞു. അന്‍വര്‍ വന്നപ്പോള്‍ ആതിഥ്യ മര്യാദയുടെ പേരില്‍ ഓഫീസിലേക്ക് സ്വീകരിക്കുക മാത്രമാണ് ചെയ്തത്. പള്ളത്തെ ഒരു ക്ലബില്‍ അന്‍വര്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും ഇതിന് ശേഷം പെട്ടെന്ന് മുസ്ലിം ലീഗ് ഓഫീസിലേക്ക് കയറിവന്നതാണെന്നും ലീഗ് നേതാവ് വ്യക്തമാക്കി. ഇന്ന് രാവിലെ 11 മണിയോടെയാണ് ചേലക്കരയിലെ ഡി.എം.കെ സ്ഥാനാര്‍ത്ഥി എന്‍.കെ.സുധീറിനൊപ്പം പി.വി.അന്‍വര്‍ മുസ്ലിം ലീഗ് ഓഫീസ് സന്ദര്‍ശിച്ചത്.
അന്‍വറിനെ സ്വീകരിക്കുന്നതും മണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും ഉള്‍പ്പെട്ട വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദമായത്. വിഷയത്തില്‍ ലീഗ് ജില്ലാ നേതൃത്വം ദേശമംഗലം പഞ്ചായത്ത് കമ്മിറ്റിയോട് വിശദീകരണം തേടിയിരുന്നു. സംഭവം വിവാദമാക്കുന്നത് രാഷ്ട്രീയ ദുരുദ്ദേശത്തോടെയാണെന്നും അന്‍വറിനോട് കാണിച്ചത് ആതിഥ്യ മര്യാദ മാത്രമാണെന്നും മുസ്ലിം ലീഗ് നേതാക്കള്‍ പ്രതികരിച്ചിരുന്നു.
പി വി അന്‍വര്‍, മുസ്ലീം ലീഗ് , ഓഫീസ് സന്ദര്‍ശനം, ദേശമംഗലം