കൊട്ടാരക്കരയിലെ കൊമ്പനെ വീഴ്ത്തിയ ജനകീയ മുഖം; ഈശ്വര വിശ്വാസികളെ സിപിഎമ്മുമായി അടുപ്പിച്ച കണ്ണി; പാര്‍ട്ടിയെ പുത്തന്‍കൂറ്റുകാര്‍ മന്ത്രിമാരായി വിലസിയപ്പോള്‍ തഴയപ്പെട്ടു; പിണറായി വിരുദ്ധ വികാരം ശക്തമായ വേളയില്‍ മറകണ്ടം ചാട്ടം; കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതില്‍ വളരെ മ്ലേച്ഛമായ സോഷ്യല്‍ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റി

കൊട്ടാരക്കരയിലെ കൊമ്പനെ വീഴ്ത്തിയ ജനകീയ മുഖം; ഈശ്വര വിശ്വാസികളെ സിപിഎമ്മുമായി അടുപ്പിച്ച കണ്ണി

Update: 2026-01-13 08:31 GMT

തിരുവനന്തപുരം: കൊട്ടാരക്കരയിലെ ജയിന്റ് കില്ലര്‍..! അതാണ് ഐഷ പോറ്റിയെ വിശേഷിപ്പിക്കാന്‍ എളുപ്പം. കൊട്ടരക്കരയിലെ കൊമ്പനായ ആര്‍ ബാലകൃഷ്ണ പിള്ളയെ വീഴ്ത്തിയ ജനകീയ പരിവേഷത്തിന് ഉടമയാണ് ഈ വനിതാ വേതാവ്. സിപിഎമ്മിന് വേണ്ടി നീണ്ടകാലം പ്രവര്‍ത്തിച്ചെങ്കിലും പാര്‍ട്ടി മന്ത്രിസ്ഥാനം പാര്‍ട്ടിയിലെ പുതുക്കൂറ്റുകാര്‍ക്ക നല്കിയപ്പോള്‍ അവര്‍ നിശബ്ദയായി. ഒടുവില്‍ പിണറായി വിരുദ്ധ വികാരം ശക്തമാണെന്നെ തെളിയിച്ച തദ്ദേശ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടയാണ് ഐഷ പോറ്റി കോണ്‍ഗ്രസിന്റെ കൈപിടിക്കുന്നത്.

പാര്‍ട്ടി വിട്ടാല്‍ ഉണ്ടാകാവുന്ന അനുഭവം എന്താതുമെന്ന് സൂചിപ്പിച്ചു കൊണ്ടു തന്നെയാണ് അവരുടെ പ്രതികരണവും. 'മുന്‍പ് പ്രവര്‍ത്തിച്ച പ്രസ്ഥാനം വലിയ വിഷമങ്ങളാണ് നല്‍കിയത്. അതേക്കുറിച്ചു പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ഇത്രയും നാളത്തെ പ്രവര്‍ത്തനമാണ് എന്നെ ഇത്രത്തോളം ആക്കിയത്. അധികാരമോഹിയല്ല. മനുഷ്യനോടൊപ്പം പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കുമൊപ്പം ഇനിയും കാണും. നേരത്തെ തീരുമാനിച്ചതല്ല. ദീര്‍ഘകാലമായി ഞാന്‍ അനുഭവിച്ച ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അതു പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാന്‍ എന്നും മനുഷ്യര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് മനുഷ്യര്‍ക്കായി ചെയ്ത ഒരുപാട് കാര്യങ്ങളുണ്ട്. നമ്മളെ ആവശ്യമില്ല എന്നു വന്നാല്‍ അപ്പോള്‍ സലാം പറയുക എന്നുള്ളതാണ്.


കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതില്‍ വളരെ മ്ലേച്ഛമായ സോഷ്യല്‍ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റി. പ്രീയപ്പെട്ട സഖാക്കള്‍ക്ക് വിഷമമുണ്ടാക്കുന്ന തീരുമാനമാണിതെന്നും അവര്‍ കോണ്‍ഗ്രസ് സമര വേദിയില്‍ പറഞ്ഞു. ഡിസിഷന്‍ മേക്കേഴ്‌സ് ആയ ചിലര്‍ മാത്രമായിരുന്നു പ്രശ്‌നം. ആരെയും കുറ്റം പറയാന്‍ ഇഷ്ടമല്ല. ഏത് വലിയ മന്ത്രിയായാലും മനുഷ്യരോട് ഇടപെടാന്‍ പ്രശ്‌നം എന്താണ്? വര്‍ഗ്ഗ വഞ്ചക എന്ന് വിളിച്ചേക്കും. ജീവനുള്ള കാലത്തോളം എല്ലാ പാര്‍ട്ടിയിലും ജാതിമതങ്ങളിലും ഒക്ക ഉള്ള മനുഷ്യരോടൊപ്പം കാണും. ആര്‍ക്കും ദേഷ്യം തോന്നണ്ട. എന്റെ ജോലിയും സ്വകാര്യ സന്തോഷങ്ങളും അടക്കം ത്യജിച്ചാണ് പൊതുപ്രവര്‍ത്തനം നടത്തിയത്. ഞാന്‍ ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടുപോകും' -ഐഷ പോറ്റി പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് അയിഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന ഇവര്‍ ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലാണ്. തെരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി അവഗണന കാട്ടുന്നതായി പരാതി ഉയര്‍ന്നിരുന്നു. മൂന്നുതവണ എംഎല്‍എയായിരുന്ന അയിഷ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശനം സിപിഎമ്മിന് വന്‍ തിരിച്ചടിയാണ്. ഐഷപോറ്റി കോണ്‍ഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ അവര്‍ പങ്കെടുത്തിരുന്നു.

ഇതോടെ പോറ്റിയെ പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവര്‍ത്തക ക്യാമ്പില്‍ അവരെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ വാതിലുകള്‍ ഐഷ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണെന്ന് പ്രമേയത്തില്‍ പറഞ്ഞിരുന്നു. കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുമെന്നും പ്രചാരണമുണ്ടായി.

കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധാനംചെയ്ത ആര്‍. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് അയിഷാ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്. തുടര്‍ച്ചയായി മൂന്നുതവണ കൊട്ടാരക്കരയുടെ എംഎല്‍എയായി. ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് കഴിഞ്ഞതവണ ജയിച്ചത്. ഇതിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സി.പി.എം. കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് അയിഷാ പോറ്റിയെ ഒഴിവാക്കിയിരുന്നു.

ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന അയിഷാ പോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലാണ്. തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടി അവഗണന കാട്ടുന്നതായി പരാതി ഉയര്‍ന്നിരുന്നു. മൂന്നുതവണ എം.എല്‍.എ.യായ ഐഷാ പോറ്റിയെ സ്പീക്കര്‍, വനിതാ കമ്മിഷന്‍ അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നു. പദവികളിലേക്കു പരിഗണിക്കാതിരുന്നതു മാത്രമല്ല, മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു സിപിഎം.

സിപിഎം ഏരിയ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും അയിഷ പോറ്റിയുടെ ചിറകരിഞ്ഞത് മന്ത്രി ബാലഗോപാലിന്റെ അറിവോടെയാണ്. ഐഷ പോറ്റിയുടെ ജനകീയ മുഖത്തെ മന്ത്രി ഭയക്കുന്നു. സിപിഐഎം നിര്‍ബന്ധത്തിന് വഴങ്ങി. ശബരിമല ദൈവവിശ്വാസത്തെ തള്ളിപ്പറഞ്ഞതിലും ഈശ്വരനാമം ഒഴിവാക്കി സത്യപ്രതിജ്ഞയാക്കിയതിലും അയിഷാപോറ്റി പശ്ചാത്തിക്കുന്നുണ്ടാകാമെന്നും ആ പ്രമേയത്തില്‍ പറഞ്ഞിരുന്നു.

2006 ല്‍ ആര്‍.ബാലകൃഷ്ണപിള്ളയെ 12968 വോട്ടുകള്‍ക്ക് അട്ടിമറിച്ചുകൊണ്ടായിരുന്നു ഐഷപോറ്റി കൊട്ടാരക്കരയില്‍ വരവറിയിച്ചത്. 2011 ല്‍ 20592 ആയി ഭൂരിപക്ഷം വര്‍ധിപ്പിച്ച ഐഷ പോറ്റി 2016 ല്‍ 42,632 എന്ന വമ്പന്‍ മാര്‍ജിനില്‍ വിജയിച്ചാണ് നിയമസഭയിലേക്ക് നടന്നു കയറിയത്. ഈ വിജയങ്ങള്‍ക്ക് പിന്നില്‍ ഐഷ പോറ്റിയുടെ ജനകീയത തുണയായിരുന്നു ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഐഷ പോറ്റിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ വിജയിച്ചു കയറാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

Tags:    

Similar News