ക്രെഡിബിലിറ്റി ഉള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം, അത് ഒരു കാലത്തും പണയപ്പെടുത്തില്ല; എല്‍ഡിഎഫ് വിടില്ല, അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല; സോണിയ ഗാന്ധി വിളിച്ചതായി ആരും പറഞ്ഞില്ല; മുന്നണി മാറ്റത്തിനായി യുഡിഎഫില്‍ നിന്നും ആരും സമീപിച്ചിട്ടില്ല; അഭ്യൂഹം തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍

ക്രെഡിബിലിറ്റി ഉള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം, അത് ഒരു കാലത്തും പണയപ്പെടുത്തില്ല

Update: 2026-01-13 06:42 GMT

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍. ക്രെഡിബിലിറ്റിയും ധാര്‍മികതയും ഉള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എമ്മെന്നും അവ ഒരു കാലത്തും പണയപ്പെടുത്തില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കേരള കോണ്‍ഗ്രസ് എം. എല്‍.ഡി.എഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി വിടുന്നത് സംബന്ധിച്ച് എന്തിനാണ് ചര്‍ച്ച നടത്തേണ്ട കാര്യം എന്താണെന്നും എല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഇതിലൊന്നും വസ്തുതയില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

മുന്നണിമാറ്റ ചര്‍ച്ചകള്‍ക്കായി യു.ഡി.എഫില്‍ നിന്ന് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും വ്യക്തിപരമായ സൗഹൃദം എന്നും തുടരുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. യു.ഡി.എഫില്‍ ഇരിക്കുമ്പോള്‍ എല്‍.ഡി.എഫിലെ ഒരു നേതാക്കളുമായും പിണക്കം ഉണ്ടായിരുന്നില്ല. ആലോചിച്ചു തന്നെയാണ് എല്‍ഡിഎഫില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

'കഴിഞ്ഞ ദിവസം സത്യാഗ്രഹത്തില്‍ പങ്കെടുക്കാത്തതിന് കാരണം ജോസ് കെ. മാണി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലത്തെ ഉപവാസം സമരത്തില്‍ ഞങ്ങള്‍ അഞ്ചുപേര്‍ പങ്കെടുത്തിരുന്നു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാര്യത്തില്‍ ഒരു സഭയും ഇടപെട്ടിട്ടില്ല. ഇടതുഭരണം തുടരും എന്നതില്‍ സംശയം വേണ്ട. കേരള കോണ്‍ഗ്രസിനെ കുറിച്ച് എന്നും വ്യത്യസ്തമായ വാര്‍ത്തകള്‍ പുറത്തുവരും. മുന്നണിയുടെ ജാഥ നയിക്കാന്‍ ജോസ് കെ. മാണിയെ അല്ലേ ചുമതലപ്പെടുത്തിയിരിക്കുന്നത്' എന്നും അദ്ദേഹം പറഞ്ഞു.

മുന്നണി മാറുമെന്ന സൂചനകള്‍ക്കിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാളയത്ത് ഇടതുമുന്നണി തിങ്കളാഴ്ച നടത്തിയ ഏകദിന സത്യാഗ്രഗത്തില്‍നിന്നുള്ള ചിത്രം 'തുടരും' എന്ന അടിക്കുറിപ്പോടെ റോഷി അഗസ്റ്റിന്‍ പങ്കുവെച്ചിരുന്നു. അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലെത്തിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം നടത്തുന്നുന്നുവെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ജോസ് കെ. മാണിയുമായി ഫോണില്‍ സംസാരിച്ചുവെന്നാണ് സൂചന. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും വിഷയത്തില്‍ ഇടപെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യമൊന്നും കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ സ്ഥിരീകരിക്കാന്‍ തയാറായിട്ടില്ല.

മുന്നണി മാറ്റം സംബന്ധിച്ച് ജോസ് കെ. മാണി എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ നാല് എം.എല്‍.എമാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി എം.എല്‍.എ എന്‍ ജയരാജ്, പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ചങ്ങനാശേരി എം.എല്‍.എ ജോബ് മൈക്കിള്‍, റാന്നി എം.എല്‍.എ പ്രമോദ് നാരായണന്‍ എന്നിവരാണ് ജോസ് കെ. മാണിയെ നിലപാട് അറിയിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് (എം). യുഡിഎഫിനോട് അടുക്കാന്‍ സാധ്യത തേടുന്നതായി മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്ത വന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന ആവശ്യം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുയരുകയും അതുണ്ടാക്കുന്ന സമ്മര്‍ദം നേതാക്കളിലെത്തുകയും ചെയ്തിരുന്നു. പാര്‍ട്ടിനേതാക്കളോട് അടുപ്പമുള്ള സമുദായ നേതൃത്വം വഴി ഇക്കാര്യം യുഡിഎഫിനെ ധരിപ്പിച്ചതായി സൂചനയുണ്ട്.

സമുദായ നേതൃത്വവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നും പിന്തുണച്ചുപോന്ന വിഭാഗങ്ങളുടെയും സമുദായ നേതൃത്വത്തിന്റെയും ഉറച്ച സഹായം ലഭിച്ചാലേ ജയിക്കാനാകൂവെന്നും പാര്‍ട്ടി എംഎല്‍എമാരില്‍ ചിലര്‍ കരുതുന്നു. എല്‍ഡിഎഫിനൊപ്പം നിന്നു തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ആ പിന്തുണ ലഭിച്ചേക്കില്ലെന്ന് ഇവര്‍ക്ക് ആശങ്കയുണ്ട്.

നിലവില്‍ പാര്‍ട്ടിക്കുള്ള 5 സിറ്റിങ് സീറ്റുകള്‍, മലബാറിലൊരു സീറ്റ് എന്നിവ നല്‍കാന്‍ യുഡിഎഫ് തയാറായാല്‍ ചിലപ്പോള്‍ മുന്നണി മാറ്റത്തിനു സാധ്യത തെളിഞ്ഞേക്കാം. ഈ ആവശ്യങ്ങള്‍ യുഡിഎഫ് അംഗീകരിച്ചാല്‍ പാലാ, കടുത്തുരുത്തി സീറ്റുകളില്‍ അവകാശമുന്നയിക്കാതെയുള്ള സമവാക്യത്തെക്കുറിച്ചും ചര്‍ച്ചയുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്നുള്ള ഉറപ്പും ആവശ്യപ്പെട്ടേക്കും.

വിലപേശല്‍ പാടില്ലെന്നും മുന്നണി പ്രവേശനത്തിനുള്ള സാധ്യത തേടി കേരള കോണ്‍ഗ്രസ് (എം) സമീപിച്ചാല്‍ ഒപ്പംകൂട്ടാമെന്നും യുഡിഎഫിലും ആലോചനയുണ്ട്. മുന്നണിക്കൊപ്പം ഉറച്ചുനില്‍ക്കുന്ന പി.ജെ.ജോസഫിനെ പിണക്കാതെ ജോസ് കെ.മാണിയുമായി സഹകരിക്കുന്നതിന്റെ സാധ്യതയാണു മുന്നണി നേതൃത്വം പരിശോധിക്കുന്നത്. ഇടനിലക്കാര്‍ മുഖേന ഇരുകൂട്ടരും അനൗദ്യോഗികമായി സംസാരിച്ചതായാണു വിവരം. കഴിഞ്ഞ മുന്നണിയോഗത്തില്‍ ജോസ് കെ.മാണി പങ്കെടുത്തിരുന്നില്ല. സ്റ്റീഫന്‍ ജോര്‍ജാണ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചത്.

Tags:    

Similar News