ഇപ്പോഴത്തെ ചര്‍ച്ചക്ക് പാര്‍ട്ടിയുമായി ബന്ധമില്ല; രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്; ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങള്‍ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോള്‍ യാത്ര ചെയ്യേണ്ടി വരുന്നത്; മുന്നണിമാറ്റ ചര്‍ച്ചകള്‍ക്കിടെ ജോസ് കെ മാണിയുടെ പ്രതികരണം ഇങ്ങനെ

ഇപ്പോഴത്തെ ചര്‍ച്ചക്ക് പാര്‍ട്ടിയുമായി ബന്ധമില്ല; രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്

Update: 2026-01-13 08:54 GMT

കൊച്ചി: മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നാണ് ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ സമരപരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ കാരണവും ജോസ് കെ മാണി വിശദീകരിച്ചു.

ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങള്‍ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോള്‍ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി നേതാക്കളെ മുന്‍കൂര്‍ അറിയിച്ചു എന്നാണ് ജോസ് കെ മാണി കുറിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകുമെന്നും ജോസ് കെ മാണി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.

'കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങള്‍ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോള്‍ യാത്ര ചെയ്യേണ്ടി വരുന്നത്.ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി നേതാക്കളെ മുന്‍കൂര്‍ അറിയിച്ചുഇതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറമേ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല.കേരള കോണ്‍ഗ്രസ് എം ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകും', ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചു.

ഇടതുമുന്നണി കേന്ദ്ര അവഗണയ്ക്കെതിരേ തിങ്കളാഴ്ച സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ ജോസ് കെ. മാണി പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങാനൊരുങ്ങുന്നതായി ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ മന്ത്രി റോഷി അഗസ്റ്റിന്‍ അതേ പരിപാടിയില്‍നിന്നുള്ള ഫോട്ടോ തുടരും എന്ന കുറിപ്പോടെ പങ്കുവെച്ചതോടെ പാര്‍ട്ടി പിളരുന്നെന്ന വിധത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.

കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം നടത്തുന്നതായാണ് വിവരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ജോസ് കെ മാണിയുമായി ഫോണില്‍ സംസാരിച്ചെന്നാണ് പുറത്തുവരുന്ന സൂചനകള്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഇടപെടുന്നുണ്ട് എന്നാണ് വിവരം. എന്നാല്‍ ജോസ് കെ മാണിയെ സോണിയ ഗാന്ധി വിളിച്ചുവെന്ന അഭ്യൂഹം കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മുന്നണി മാറ്റം സംബന്ധിച്ച് ജോസ് കെ മാണി എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ നാല് എംഎല്‍എമാര്‍ ഉറപ്പുനല്‍കി. കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജ്, പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ എന്നിവരാണ് ജോസ് കെ മാണിയെ നിലപാട് അറിയിച്ചത്.

അതേസമയം എല്‍ഡിഎഫില്‍ തുടരണമെന്നാണ് ഇടുക്കി എംഎല്‍എയും ജലവിഭവവകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിന്റെ നിലപാട്. പാര്‍ട്ടി മുന്നണി മാറ്റമെന്ന തീരുമാനം എടുത്താല്‍ റോഷി അഗസ്റ്റിന്‍ എല്‍ഡിഎഫിനൊപ്പം തുടരുമെന്നാണെങ്കില്‍ കേരള കോണ്‍ഗ്രസ് എം വീണ്ടും പിളരുന്ന സാഹചര്യത്തിലേക്ക് വരെ എത്തും.

Tags:    

Similar News