മൂന്ന് വട്ടം എംഎല്‍എയാക്കി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കി; എന്നിട്ടും പോയത് എന്തിന്? കട്ടക്കലിപ്പില്‍ സി.പി.എം! ഐഷ പോറ്റിക്കെതിരെ സൈബര്‍ ആക്രമണം; സ്ഥാനമാനങ്ങളോടുള്ള ആര്‍ത്തിയെന്ന് വിമര്‍ശനം; കടുത്ത വര്‍ഗ്ഗവഞ്ചനയെന്ന് മേഴ്‌സിക്കുട്ടിയമ്മ; കൊട്ടാരക്കര പിടിക്കാന്‍ ഐഷയെ ഇറക്കാന്‍ യുഡിഎഫ്
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ചേര്‍ന്ന കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന ഐഷ പോറ്റിക്കെതിരെ സിപിഎം സൈബര്‍ ഇടങ്ങളില്‍ കടുത്ത വിമര്‍ശനം. സ്ഥാനമാനങ്ങളോടുള്ള ആര്‍ത്തിയാണ് പാര്‍ട്ടി വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് വിമര്‍ശനം. മൂന്ന് തവണ എംഎല്‍എ ആയി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള എല്ലാ സ്ഥാനങ്ങളും അവര്‍ക്ക് പാര്‍ട്ടി നല്‍കി. പാര്‍ട്ടി വിടേണ്ട സാഹചര്യമുണ്ടായിരുന്നില്ല. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി വിട്ടത് സ്ഥാനമാനങ്ങള്‍ മോഹിച്ചാണെന്ന വിമര്‍ശനമാണ് സിപിഎം സൈബര്‍ ഇടങ്ങളില്‍ ഉയരുന്ന വിമര്‍ശനം.
ഐഷ പോറ്റിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജെ മേഴ്സിക്കുട്ടിയമ്മ രംഗത്ത് വന്നു. സ്ഥാനമാനങ്ങളോടുള്ള ആര്‍ത്തി എങ്ങനെ മനുഷ്യനെ വഷളാക്കുമോ അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നതെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഐഷ പോറ്റിക്ക് പാര്‍ട്ടി വിട്ട് പോകാനുള്ള ഒരു സാഹചര്യവുമില്ല. മൂന്ന് തവണ എംഎല്‍എ ആയി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള എല്ലാ സ്ഥാനങ്ങളും അവര്‍ക്ക് പാര്‍ട്ടി നല്‍കിയിട്ടുണ്ട്. എല്ലാ മനുഷ്യര്‍ക്കും ഒപ്പം നില്‍ക്കാന്‍ ആണെങ്കില്‍ എങ്ങനെയാണു യുഡിഎഫില്‍ പോകുക. അവര്‍ എപ്പോഴാണ് മനുഷ്യര്‍ക്ക് ഒപ്പം നിന്നതെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു. വര്‍ഗവഞ്ചനയാണ് അവര്‍ ചെയ്തിരിക്കുന്നത്. ഇതിനെ നേരിടാന്‍ ജില്ലയിലെ പാര്‍ട്ടിക്ക് ആകുമെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.
അതേ സമയം വിമര്‍ശനങ്ങളെ താന്‍ ഭയക്കുന്നില്ലെന്ന് ഐഷ പോറ്റി പ്രതികരിച്ചു. 'എനിക്കെതിരെ ഇനിമുതല്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത ആക്രമണം ഉണ്ടാകും എന്നറിയാം. വര്‍ഗ വഞ്ചകിയെന്ന് വിളിച്ചേക്കും. എന്നാല്‍, അറിഞ്ഞുകൊള്ളുക എന്നെ എത്ര വിമര്‍ശിച്ചാലും അതെന്നെ കൂടുതല്‍ ശക്തയാക്കും. എന്റെ പ്രിയപ്പെട്ട സഖാക്കള്‍ക്ക് എന്നോട് ദേഷ്യം വരുന്നുണ്ടാകും. സാരമില്ല. എനിക്ക് അവരോടൊക്കെ ഇഷ്ടമാണ്. കുറച്ച് ഡിസിഷന്‍ മേക്കേഴ്‌സ് ആണ് എന്നെ ദ്രോഹിച്ചത്. ജീവനുള്ള കാലത്തോളം എല്ലാ പാര്‍ട്ടിയിലും ജാതിമതങ്ങളിലും ഒക്ക ഉള്ള മനുഷ്യരോടൊപ്പം കാണും. ആര്‍ക്കും ദേഷ്യം തോന്നണ്ട. എന്റെ ജോലിയും സ്വകാര്യ സന്തോഷങ്ങളും അടക്കം ത്യജിച്ചാണ് പൊതുപ്രവര്‍ത്തനം നടത്തിയത്. ഞാന്‍ ഇനിയും ഇങ്ങനെ തന്നെ മുന്നോട്ടുപോകും' -ഐഷ പോറ്റി പറഞ്ഞു.
മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിനൊപ്പം നിന്ന നേതാവാണ് ഐഷ പോറ്റി. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദിയില്‍ വെച്ചാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. കൊട്ടാരക്കര മുന്‍ എംഎഎ ആയ ഐഷ പോറ്റിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാലയിട്ട് സ്വീകരിക്കുകയായിരുന്നു. കൊട്ടാരക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പ്രാസംഗികയായി എത്തിയത് മുതല്‍ ഐഷ പോറ്റി സിപിഎം വിടുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അന്ന് ആ വാര്‍ത്തകള്‍ നിഷേധിച്ച ഐഷ പോറ്റി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ പാര്‍ട്ടി വിടുകയായിരുന്നു.
മൂന്ന് തവണ കൊട്ടാരക്കര എംഎല്‍എയായി ഐഷ പോറ്റി തെരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ ആര്‍ ബാലകൃഷ്ണപിള്ളയെ 12968 വോട്ടുകള്‍ക്ക് അട്ടിമറിച്ചാണ് ഐഷ പോറ്റി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. 2011ല്‍ തന്റെ ഭൂരിപക്ഷം 20,592 ആയി വര്‍ധിപ്പിച്ചു. 2016ലും 42,632 എന്ന വമ്പന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. 2006ല്‍ ആര്‍. ബാലകൃഷ്ണപിള്ളയില്‍നിന്ന് മണ്ഡലം പിടിച്ചെടുത്ത ഇവര്‍, തുടര്‍ന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചു. 1977 മുതല്‍ തുടര്‍ച്ചയായി ഏഴു തവണ ബാലകൃഷ്ണ പിള്ള കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ച മണ്ഡലമാണിത്. കഴിഞ്ഞ തവണ കെ എന്‍ ബാലഗോപാലിനെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചതോടെ നേതൃത്വത്തോട് ഇടയുകയും അസ്വാരസ്യങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാല്‍ അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ല. പിന്നീട് സീറ്റ് ലഭിക്കാതെയും വന്നതോടെ പാര്‍ട്ടിയുമായി അകലുകയായിരുന്നു.
