ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: യുഡിഎഫിന് വോട്ട് മാറി ചെയ്തത് അബദ്ധമോ അട്ടിമറിയോ? അന്വേഷണ കമ്മീഷന്‍ വ്യക്തത വരുത്തുംമുമ്പെ എല്‍ഡിഎഫ് അംഗം രാജിവെച്ചു
തൃശ്ശൂര്‍: ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് മാറി ചെയ്ത എല്‍ഡിഎഫ് അംഗം മെമ്പര്‍ സ്ഥാനം രാജിവെച്ചു. കുറുമല പതിനാറാം വാര്‍ഡ് അംഗം പി.എന്‍. രാമചന്ദ്രനാണ് രാജിവെച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30-ന് ചേലക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയലക്ഷ്മിക്ക് മുമ്പാകെയാണ് രാജി സമര്‍പ്പിച്ചത്. ഇതോടെ കുറുമല വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. 24 വാര്‍ഡുകളില്‍ 12 വീതം സീറ്റുകള്‍ നേടി യുഡിഎഫും എല്‍ഡിഎഫും തുല്യനിലയിലായിരുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടി. ഗോപാലകൃഷ്ണന് പി.എന്‍. രാമചന്ദ്രന്റെ വോട്ട് ലഭിച്ചതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് രാമചന്ദ്രന്‍ വോട്ട് ചെയ്തു. ഇതേ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് മുസ്ലിം ലീഗിലെ ഫൗസിയ ഷെഫീഖ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം മുന്‍ ഏരിയകമ്മിറ്റി സെക്രട്ടറി കെ. നന്ദകുമാറിന് 11 വോട്ടും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കെ.എ. ബല്‍ക്കീസക്ക് 12 വോട്ടും ലഭിച്ചു.
വോട്ട് അറിയാതെ മാറിപ്പോയി എന്നാണ് രാമചന്ദ്രന്‍ പറയുന്നത്. നിലവില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം, വെങ്ങാനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള രാമചന്ദ്രന്‍ വോട്ട് മാറി ചെയ്‌തെന്നുള്ളത് പിഴവാണെന്ന് കരുതാന്‍ ആകില്ലെന്നാണ് സിപിഎം വിലയിരുത്തല്‍.
നറുക്കെടുപ്പിനുള്ള അവസരം പോലും ലഭിക്കാതെ യുഡിഎഫിന് അധികാരം ലഭിക്കാനുണ്ടായ സാഹചര്യം ഉണ്ടാക്കിയ രാമചന്ദ്രനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനോടൊപ്പം കൂറുമാറ്റ നിരോധന നിയമപ്രകാരം രാമചന്ദ്രനെ അയോഗ്യക്കാനുള്ള നടപടികളിലേക്ക് കടക്കാനും സിപിഐഎം തയാറെടുത്തിരുന്നു. പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തത് അതീവ ഗൗരവകരമായ വീഴ്ചയാണെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം വി മനോജ് കുമാര്‍ പറഞ്ഞിരുന്നു.
ഇതോടെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ രാമചന്ദ്രന്‍ വിട്ടുനിന്നു. വോട്ട് മാറ്റം അബദ്ധമാണോ അട്ടിമറിയാണോ എന്ന കാര്യത്തില്‍ വ്യക്തതവരാന്‍ സിപിഐഎം അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. രാമചന്ദ്രന്റെ രാജിയോടെ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയിരിക്കുകയാണ്.
