കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഉണ്ടായിരുന്നത് പ്രളയബാധിതര്‍ക്ക് നല്‍കാന്‍ എത്തിച്ച കിറ്റുകള്‍; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ വിതരണം ചെയ്യാതെ സൂക്ഷിച്ചു; രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രമുള്ള കിറ്റുകള്‍ പിടിച്ചതില്‍ പ്രതികരിച്ച് സിദ്ദിഖ്
രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രമുള്ള കിറ്റുകള്‍ പിടിച്ചതില്‍ പ്രതികരിച്ച് സിദ്ദിഖ്
കല്‍പ്പറ്റ: വയനാട്ടിലെ തിരുനെല്ലിയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകള്‍ തെരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌കോഡ് പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ. കിറ്റ് കൊടുത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ട സാഹചര്യം കോണ്‍ഗ്രസിന് വയനാട്ടില്‍ ഇല്ലെന്ന് ടി സിദ്ദിഖ് പറഞ്ഞു.
പ്രളയബാധിതര്‍ക്ക് നല്‍കാന്‍ എത്തിച്ച കിറ്റുകളാണ് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ വിതരണം ചെയ്യാതെ സൂക്ഷിച്ചുവെന്നും ടി സിദ്ദിഖ് പറഞ്ഞു. നിരവധി കിറ്റുകള്‍ താനും സൂക്ഷിക്കുന്നുണ്ടെന്നും ടി സിദ്ദിഖ് പറഞ്ഞു.
വയനാട്ടില്‍ ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്ത സംഭവത്തിലും ടി സിദ്ദിഖ് പ്രതികരിച്ചു. റവന്യൂ, ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിമാര്‍ രാജി വെക്കണമെന്നും ഗുണ പരിശോധന നടത്താത്ത സാധനങ്ങള്‍ ദുരന്തബാധിതര്‍ക്ക് എത്തിച്ചുവെന്നും സിദ്ദിഖ് പ്രതികരിച്ചു.
പഞ്ചായത്ത് ഭക്ഷ്യവിതരണ സാമഗ്രികളുടെ വിതരണം നടത്തുന്നില്ല. പാലക്കാട്ടെ പരിശോധന പരാജയപ്പെട്ടതിലെ ജാള്യത മറക്കാനാണ് കിറ്റ് വിവാദം ഉയര്‍ത്തുന്നത്. സന്നദ്ധ സംഘടനകള്‍ നല്‍കുന്ന കിറ്റുകളും ഏകോപിപ്പിക്കുന്നത് റവന്യൂ വകുപ്പ് തന്നെയാണ്. ദുരന്തബാധിതരെ അപമാനിക്കുകയാണ്. റവന്യൂ വകുപ്പ് ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് എല്ലാ സാധനങ്ങളും നല്‍കുന്നതെന്നും മുന്‍പും എത്തുന്ന സാധനങ്ങള്‍ക്ക് ഗുണനിലവാരം ഇല്ലെന്ന് താന്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ടി സിദ്ദിഖ് പറഞ്ഞു.
വയനാട് തോല്‍പ്പെട്ടിയില്‍ നിന്നാണ് ഭക്ഷ്യ കിറ്റുകള്‍ പിടികൂടിയത്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ചിട്ടുള്ള കിറ്റുകള്‍ തെരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌കോഡാണ് പിടികൂടിയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍.
ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനാണെന്ന് കിറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാന്‍ നേരത്തെ കൊണ്ടുവന്ന കിറ്റുകളാണ് ഇതെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.