സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി; വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന സിപിഎം നവീന്‍ ബാബുവിന്റെ കുടുംബത്തെ വഞ്ചിച്ചു; ഗോവിന്ദന് ഭയവും വെപ്രാളവും; പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്നതു പുറത്തു വന്നാല്‍ മുഖംമൂടികള്‍ അഴിഞ്ഞു വീഴും; വിമര്‍ശനവുമായി വിഡി സതീശന്‍
തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട് സര്‍ക്കാരും പാര്‍ട്ടിയും വേട്ടക്കാര്‍ക്കൊപ്പമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി.പി ദിവ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ഭയവും വെപ്രാളവുമാണ് എം.വി ഗോവിന്ദനെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതുകൊണ്ടാണ് നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞതിനു പിന്നാലെ ജയിലില്‍ നിന്നും ഇറങ്ങിയ പി.പി ദിവ്യയെ സ്വീകരിക്കാന്‍ എം.വി ഗോവിന്ദന്‍ സ്വന്തം ഭാര്യയെ അയച്ചത്. എന്തൊരു കാപട്യമാണിത്? സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുമ്പോഴും സി.പി.എം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്ന എം.വി ഗേവിന്ദനും സി.പി.എമ്മും കേരളത്തിന്റെ പൊതുബോധ്യത്തെയാണ് വെല്ലുവിളിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയവുമാണ് അദ്ദേഹത്തിന്റെ ഭാര്യ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. കുടുംബാംഗങ്ങള്‍ എത്തുന്നതിന് മുന്‍പ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതും ദുരൂഹമാണ്. നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ത്ത് കുറ്റക്കാരെ രക്ഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘവും ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം നടത്തിയെ മതിയാകൂ.
നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതു സംബന്ധിച്ച് അന്വേഷിക്കാത്തതില്‍ രാഷ്ട്രീയ ഇടപെടലുണ്ട്. പ്രശാന്തനെ സി.പി.എം സംരക്ഷിക്കുന്നത് ബിനാമി കഥകള്‍ പുറത്തു വരാതിരിക്കാനാണ്. പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്നതു പുറത്തു വന്നാല്‍ മുഖംമൂടികള്‍ അഴിഞ്ഞു വീഴും. അതുകൊണ്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നത്-സതീശന്‍ വിശദീകരിച്ചു.