ബിജെപിയുടെ ക്രിസ്മസ് സ്‌നേഹം അഭിനയമെന്ന് നല്ലേപ്പള്ളി തെളിയിച്ചു; ഇരക്കൊപ്പം നില്‍ക്കുകയും വേട്ടക്കാരനാകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ബിജെപിയുടേത്; ബിജെപിക്കു പോലും പറയാന്‍ പറ്റാത്ത വര്‍ഗീയ നിലപാടുകള്‍ സിപിഎം പറയുന്നു; ഒരു വെടിക്ക് രണ്ടു പാര്‍ട്ടികള്‍; സന്ദീപ് വാര്യര്‍ ആഞ്ഞടിക്കുമ്പോള്‍

Update: 2024-12-23 06:27 GMT

പാലക്കാട്: പാലക്കാട് നല്ലേപ്പള്ളി സ്‌കൂളില്‍ ക്രിസ്മസ് കരോള്‍ തടസപ്പെടുത്തിയ വിഎച്ച്പി പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍. സംഭവത്തില്‍ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ യുവമോര്‍ച്ച ശ്രമിച്ചു. അറസ്റ്റിലായ മൂന്നു പേരില്‍ രണ്ടു പേരും സജീവ ബിജെപി പ്രവര്‍ത്തകരാണെന്നും സന്ദീപ് പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പില്‍ പ്രചാരണ ചുമതല ഉള്ളവര്‍ ആയിരുന്നു ഇവര്‍. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സി കൃഷ്ണകുമാറുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്. ബിജെപി യുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ബി.ജെ.പിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്നും യഥാര്‍ഥ ബി.ജെ.പി എന്താണെന്ന് നല്ലേപ്പള്ളിയിലെ സംഭവം കാണിച്ചുതരുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഇരക്കൊപ്പം നില്‍ക്കുകയും വേട്ടക്കാരനാകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ബി.ജെ.പിയുടേത്. സാമുദായിക സൗഹാര്‍ദം തകര്‍ത്ത് വോട്ടു നേടാനുള്ള ശ്രമം ഏറെക്കാലമായി ബി.ജെ.പി നടത്തിവരുന്നുണ്ട്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഉത്തമ ദൃഷ്ടാന്തമാണ് നല്ലേപ്പള്ളിയിലേതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ''ഒരു വശത്ത് ബി.ജെ.പിക്കാര്‍ ക്രൈസ്തവ ഭവനങ്ങളിലേക്ക് കേക്കുമായി പോകുമ്പോള്‍, മറുവശത്ത് ക്രൈസ്തവരെ ആക്രമിക്കാനും അധിക്ഷേപിക്കാനുമാണ് ശ്രമിക്കുന്നത്. ഇരക്കൊപ്പം നില്‍ക്കുകയും വേട്ടക്കാരനാകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ബി.ജെ.പിയുടേത്. ഒരു സ്‌കൂളില്‍ കുട്ടികള്‍ സംഘടിപ്പിച്ച കരോളിനെ പോലും ആക്രമിക്കാനുള്ള ശ്രമം, കേരളത്തിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതാണ്.

സംസ്ഥാന അധ്യക്ഷന്‍ പോലും സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ തെരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയ ബി.ജെ.പി പ്രവര്‍ത്തകരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. കേസ് അട്ടിമറിക്കാനുള്ള ശ്രമം ബി.ജെ.പി സംസ്ഥാന നേതൃത്വം നടത്തിയിട്ടുണ്ട്. പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന സി. കൃഷ്ണകുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളുകളാണ് ഇപ്പോള്‍ അറസ്റ്റിലായത്. സാമുദായിക സൗഹാര്‍ദം തകര്‍ത്ത് വോട്ടു നേടാനുള്ള ശ്രമം ഏറെക്കാലമായി ബി.ജെ.പി നടത്തിവരുന്നുണ്ട്. ഇതിനായി ബോധപൂര്‍വം നുണ പ്രചാരണം നടത്തുന്നു. ഹിന്ദുഭവനങ്ങളില്‍ ക്രിസ്മസ് നക്ഷത്രത്തിനു പകരം മകര നക്ഷത്രം നടത്തണമെന്ന പ്രചാരണത്തിനു പിന്നില്‍ പാര്‍ട്ടി അധ്യക്ഷനുമായി അടുപ്പമുള്ള ഒരു വനിതയാണ്. വാസ്തവത്തില്‍ എന്തോണോ ബി.ജെ.പി, അതാണ് പാലക്കാട് കണ്ടത്. ഞാന്‍ നേരത്തെ പറഞ്ഞ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഉത്തമ ദൃഷ്ടാന്തമാണ് നല്ലേപ്പള്ളിയിലേത്. യഥാര്‍ഥ ബി.ജെ.പി എന്താണെന്ന് നല്ലേപ്പള്ളി കാണിച്ചുതരുന്നു'' -സന്ദീപ് വാര്യര്‍ പറഞ്ഞു.

സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിഎച്ച്പി പ്രവര്‍ത്തകരായ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. നല്ലേപ്പുള്ളി സ്‌കൂളില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ മൂവര്‍ സംഘം അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയം വസ്ത്രധാരണത്തെപറ്റി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് അധ്യാപകരെ അസഭ്യം പറയുകയും ചെയതു. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വി.എച്ച്.പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി. സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവരെയാണ് സംഭവത്തില്‍ റിമാന്‍ഡ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇവരില്‍ കെ. അനില്‍കുമാര്‍, വി. സുശാസനന്‍ എന്നിവര്‍ക്ക് ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് സന്ദീപ് വാര്യര്‍ പറയുന്നു.

അതിനിടെ ബി.ജെ.പിക്കുപോലും പറയാന്‍ പറ്റാത്ത വര്‍ഗീയ നിലപാടുകള്‍ സി.പി.എം പറയുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഇത്തരം നിലപാടുകള്‍ കൊണ്ട് ബി.ജെ.പിക്ക് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കുകയാണ് സിപി.എം ചെയ്യുന്നതെന്നും ഇതാണ് സിപിഎം- ബി.ജെ.പി ബാന്ധവത്തിന്റെ അടിസ്ഥാനമെന്നും സന്ദീപ് ആരോപിച്ചു. മുതിര്‍ന്ന സിപിഎം നേതാവ് എ വിജയരാഘവന്‍ സി.പി.എം വയനാട് ജില്ലാ സമ്മേളനത്തില്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു സന്ദീപ്. 'തൃശൂര്‍പൂരം കലക്കലുമായി ബന്ധപ്പെട്ട് അജിത് കുമാറിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നല്ലോ. ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഉണ്ടാക്കുന്നതെങ്ങനെയാണ്? വര്‍ഗീയ പരാമര്‍ശങ്ങള്‍ സിപിഎം നേതാക്കള്‍ പറയുന്നു, ഇടതുപക്ഷം അതിനെ പ്രോത്സാഹിപ്പിക്കുന്നു, അത് ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയസാഹചര്യം കേരളത്തില്‍ ഉണ്ടാക്കുന്നു. പാലക്കാട്ടെ പത്രപ്പരസ്യവിവാദത്തിലും വഖഫ് നിയമഭേദഗതിയിലും സിപിഎം സ്വീകരിക്കുന്ന നിലപാട് പലപ്പോഴും കേരളത്തില്‍ ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കാന്‍ സഹായകമായിട്ടുള്ളതാണ്.' - സന്ദീപ് വാര്യര്‍ പറഞ്ഞു.

ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് പൂരം കലക്കാന്‍ ശ്രമിച്ചു എന്ന് അജിത്കുമാറിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുവെങ്കില്‍ സ്വാഭാവികമായിട്ടും ആ പൂരം കലക്കലിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളുകള്‍ സര്‍ക്കാറില്‍ ഇരിക്കുന്നവര്‍ കൂടിയാണെന്നും ബി.ജെ.പിക്ക് അനുകൂലമായി സര്‍ക്കാറില്‍ ഇരിക്കുന്നവര്‍ എന്തിന് ചിന്തിക്കണം എന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

Tags:    

Similar News