'സനാതന ധര്‍മം എങ്ങനെ ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാകും?; നമ്മുടെ സംസ്‌കാരമാണ്; രാജ്യത്തിന്റെ സവിശേഷതയാണത്; സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കണ്ട'; കേരളത്തില്‍ നടക്കുന്നത് പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത; മുഖ്യമന്ത്രിയെയും കെ സുധാകരനെയും തള്ളി വി ഡി സതീശന്‍
മുഖ്യമന്ത്രിയെയും കെ സുധാകരനെയും തള്ളി വി ഡി സതീശന്‍
തിരുവനന്തപുരം: സനാതന ധര്‍മവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെയും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സനാതന ധര്‍മം എങ്ങനെയാണ് ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാകുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു. സനാതന ധര്‍മം നമ്മുടെ സംസ്‌കാരമാണ്. രാജ്യത്തിന്റെ സവിശേഷതയാണത്. ഒരു ജാതി ഒരു മതം ഒരു ദൈവം, അതാണ് സനാതന ധര്‍മം.
സനാതന ധര്‍മത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാര്‍ത്തിക്കൊടുക്കുകയാണ്. മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകള്‍ക്ക് അവകാശപ്പെട്ടതല്ല സനാതന ധര്‍മമെന്നും വി ഡി സതീശന്‍ പറഞ്ഞു. കാവിവത്ക്കരണം എന്ന വാക്ക് തന്നെ തെറ്റാണെന്നും അമ്പലത്തില്‍ പോകുന്നവരും കാവി ഉടുക്കുന്നവരും ചന്ദനം തൊടുന്നവരും എല്ലാം പ്രത്യേകം വിഭാഗക്കാരാണോ എന്നും അദ്ദേഹം ചോദിച്ചു. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയതയാണ് കേരളത്തില്‍ നടക്കുന്നത്. തനിക്ക് സംസാരിക്കാന്‍ തന്നെ പേടിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ശ്രീനാരായണ ഗുരുവിനെ സനാതന ധര്‍മത്തിന്റെ വക്താവും പ്രയോക്താവുമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. ഗുരുവിനെ പോലൊരു മനുഷ്യനെ സനാതന ധര്‍മത്തിന്റെ അടയാളമാക്കി മാറ്റാനുള്ള ശ്രമം അദ്ദേഹത്തോട് കാണിക്കുന്ന വലിയ നിന്ദയാണ്. സനാതന ഹിന്ദുത്വത്തിന് ജനാധിപത്യം അയിത്തമാണ്. സനാതന ഹിന്ദുത്വം പഴയ രാജവാഴ്ചയാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സനാതന ധര്‍മത്തിന്റെ പേരില്‍ ഗുരുദേവനെ ചതുര്‍വാര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കെ സുധാകരനും പറഞ്ഞിരുന്നു.
എന്നാല്‍ സനാതനധര്‍മത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന തെറ്റാണെന്ന് വി.ഡി സതീശന്‍ പ്രതികരിച്ചു. സനാതനധര്‍മം എന്നത് വര്‍ണാശ്രമമാണ്, അത് ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സംഘപരിവാറിന് ചാര്‍ത്തിക്കൊടുക്കുകയാണ്. അമ്പലത്തില്‍പോകുന്നവരും കാവിയുടുക്കുന്നവരും ചന്ദനം തൊടുന്നവരുമെല്ലാം ആര്‍.എസ്.എസ് ആണെന്ന് പറയുന്നതുപോലെയാണത്. തെറ്റായ രീതിയിലാണ് മുഖ്യമന്ത്രി അത് അവതരിപ്പിച്ചതെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
സനാതന ധര്‍മ്മത്തെയും ഹൈന്ദവ പാരമ്പര്യത്തെയും എല്ലാ മതങ്ങളിലും ഉണ്ടായതു പോലെ പൗരോഹിത്യവും രാജഭരണവും ഭരണകൂടവും ദുരുപയോഗം ചെയ്തിട്ടുണ്ട്. വര്‍ണാശ്രമത്തിനും ചാതുര്‍വര്‍ണ്യത്തിനും അനുകൂലമായ നിലപാടൊന്നുമല്ല നമ്മുടേത്. ഗുരുദേവനും സനാതന ധര്‍മ്മത്തിന്റെ സാംഗത്യത്തെ കുറിച്ച് വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്. സനാതന ധര്‍മ്മത്തെ മുഴുവന്‍ തള്ളി, അതെല്ലാം സംഘ്പരിവാറിന്റേതാണെന്ന് പറയുന്നത് ശരിയല്ല. സനാതന ധര്‍മ്മത്തില്‍ ഒരു വര്‍ഗീയ കാഴ്ചപ്പാടുമില്ല. അത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്. തെറ്റായ രീതിയിലാണ് മുഖ്യമന്ത്രി അത് അവതരിപ്പിച്ചത്. - പ്രതിപക്ഷനേതാവ് പറഞ്ഞു.
കാവിവത്ക്കരണം എന്ന് പറയുമായിരുന്നു. അതും തെറ്റായ രീതിയിലാണ് ഉപയോഗിക്കപ്പെട്ടത്. ഹിന്ദുക്കളെ മുഴുവന്‍ ആട്ടിത്തെളിച്ച് ആര്‍.എസ്.എസിന് മുന്നിലേക്ക് എത്തിക്കുന്നത് ശരിയല്ല. അതല്ല ചെയ്യേണ്ടത്. കാവിയുടുത്തവരെല്ലാം ആര്‍.എസ്.എസ്സാണോ- സതീശന്‍ ചോദിച്ചു.
സനാതനധര്‍മത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 92-ാം ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനംചെയ്യവേ പറഞ്ഞത്. സനാതനധര്‍മം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് വര്‍ണാശ്രമ ധര്‍മമല്ലാതെ മറ്റൊന്നുമല്ല. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുദ്ഘോഷിച്ച ഗുരു എങ്ങനെ ഒരു മതത്തിന്റെ പരിമിതിക്കുള്ളില്‍ രൂപപ്പെട്ടുവന്ന സനാതനധര്‍മത്തിന്റെ വക്താവാകും? എന്നായിരുന്നു പിണറായി വിജയന്‍ ചോദിച്ചത്.